Connect with us

Articles

ബാലപീഡനം എന്ന സാമൂഹിക ദുരന്തം

Published

|

Last Updated

പെണ്‍കുട്ടികളെ ശ്രദ്ധിക്കുന്നതിലുപരി ആണ്‍കുട്ടികളെയാണ് ഇക്കാലത്ത് ശ്രദ്ധിക്കേണ്ടതെന്ന് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. വര്‍ധിച്ചുവരുന്ന ആണ്‍വാണിഭത്തിലേക്കും ബാല പീഡനത്തിലേക്കുമായിരുന്നു അദ്ദേഹത്തിന്റ വിരല്‍ ചൂണ്ടല്‍. പെണ്‍കുട്ടികള്‍ക്കെതിരെയെന്ന പോലെ ആണ്‍കുട്ടികള്‍ക്കെതിരെയും ലൈംഗിക പീഡനവും അതിക്രമവും വര്‍ധിച്ചിരിക്കയാണ്. ഇതൊരു വലിയ സാമൂഹിക ദുരന്തമായി മാറിയിട്ടുമുണ്ട്.
ഇതേച്ചൊല്ലി ഐക്യരാഷ്ട്ര സഭക്ക് വത്തിക്കാനെ പോലും ശാസിക്കേണ്ടിവന്നു. വൈദികര്‍ ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കത്തോലിക്കാ സഭാ നേതൃത്വത്തെ യു എന്‍ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ബാലപീഡനം നടത്തുന്ന വൈദികരെ പുറത്താക്കണമെന്നും പോലീസിന് കൈമാറണമെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള യു എന്‍ സമിതി കത്തോലിക്കാ നേതൃത്വത്തോട് ആവശ്യപ്പെടുകയുണ്ടായി. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം സംരക്ഷിക്കുന്ന നയമാണ് വത്തിക്കാന്‍ സ്വീകരിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി. കുട്ടികളെ ദത്തെടുത്ത് വളര്‍ത്താമെന്ന സഭയുടെ അനുമതിയുടെ മറവിലാണ് ബാലപീഡനമെന്നും യു എന്‍ ചുണ്ടിക്കാട്ടുന്നു.
ക്രിസ്തീയ വൈദികരിലെ ബ്രഹ്മചര്യ സിദ്ധാന്തമാണ് പെരുകുന്ന ബാലപീഡനത്തിന് വലിയൊരളവില്‍ കാരണമെന്നും പ്രസ്തുത നയം പുനഃപരിശോധിക്കണമെന്നും വൈദികര്‍ക്കിടയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പുതിയ നിയമത്തിലോ പഴയ നിയമത്തിലോ പുരോഹിത ബ്രഹ്മചര്യത്തെക്കുറിച്ചു പറയുന്നില്ലെന്നും ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാത്രമാണ് ഇത്തരമൊരു ചര്യ കടന്നുകൂടിയതെന്നുമാണ് ഇവരുടെ പക്ഷം. സഭയുടെ ആദ്യ മുന്നൂറ് വര്‍ഷങ്ങളിലെ ചരിത്രത്തില്‍ പുരോഹിതര്‍ ദാമ്പത്യ ജീവിതം നയിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ സഭയുടെ മാര്‍പാപ്പാമാരും ബിഷപ്പുമാരും പുരോഹിതരും വിവാഹിതരായിരുന്നു. പിതാക്കന്മാരുമായിരുന്നു.
2002-2012 കാലഘട്ടത്തില്‍ വത്തിക്കാനില്‍ 4,000ത്തില്‍ അധികം കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി മുതിര്‍ന്ന വത്തിക്കാന്‍ കര്‍ദിനാള്‍ ജോസഫ് വില്യം ലെവാഡ രണ്ട് വര്‍ഷം മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. വത്തിക്കാനിലെ മതഭരണകൂടത്തിനിടയില്‍ സ്വവര്‍ഗരതിക്കാരുടെ ലോബി പ്രവര്‍ത്തിക്കുന്നതായി പോപ്പ് ഫ്രാന്‍സിസും കുറ്റപ്പെടുത്തിയിരുന്നു. വത്തിക്കാന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന പുരോഹിതരുള്‍പ്പെട്ട റോമന്‍ ക്യൂറിയക്കുള്ളിലാണ് സ്വവര്‍ഗരതിക്കാരുടെ ലോബി സജീവമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് സംബന്ധിച്ചു നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പോപ് ബെനഡിക്ട് പതിനാറാമന്‍ ലൈംഗിക ചൂഷണത്തിന് ഇരയായവരെ കണ്ട് ക്ഷമാപണം നടത്തുകയും കുറ്റക്കാരായ പുരോഹിതരെക്കുറിച്ചു പോലീസിനും ബന്ധപ്പെട്ട അധികൃതര്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ കാത്തലിക് ചര്‍ച്ചിന് ഉത്തരവാദിത്വമുണ്ടെന്ന് റോമിലെ ഒരു യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഉണര്‍ത്തുകയുമുണ്ടായി.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ പോലെ കേരളത്തിലും ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. തിരുവന്തരപുരം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതല്‍. വിനോദ സഞ്ചാരികള്‍ക്കടക്കം ബാലന്മാരെ എത്തിച്ചു കൊടുക്കുന്ന സെക്‌സ് റാക്കറ്റ് സംസ്ഥനത്തുടനീളം സജീവമാണ്. ചില പ്രദേശങ്ങളില്‍ സ്ത്രീകളാണ് ഇത്തരം റാക്കറ്റുകളിലെ കണ്ണികളായി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പത്തില്‍ ഒരാളെങ്കിലും ആണ്‍വേശ്യയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലുള്ള അഡോളസെന്‍സ് റീപ്രൊഡക്ടീവ് സെക്ഷ്വല്‍ ഹെല്‍ത്തിന്റെ (എ ആര്‍ എസ് എച്ച്)പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 164 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 2712 ആണ്‍കുട്ടികളെയാണ് സംഘടന പഠനവിധേയമാക്കിയത്. പ്രയാസങ്ങളും വിഷമങ്ങളും നേരിടുന്ന കുട്ടികളെ സഹായിക്കാനായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനുകളിലെത്തുന്ന കേസുകളില്‍ 12 ശതമാനവും പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ടതാണെന്ന് സംഘടന വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 83 നഗരങ്ങളിലും കേരളത്തില്‍ ഒന്‍പത് ഇടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ കേന്ദ്രങ്ങളിലെത്തിയ കേസുകളെക്കുറിച്ചുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് കേന്ദ്രത്തില്‍ ആകെയെത്തിയ ഫോണ്‍ കോളുകളില്‍ 500ല്‍ 250 എണ്ണവും പ്രകൃതിവിരുദ്ധപീഡനവുമായി ബന്ധപ്പെട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആണ്‍കുട്ടികള്‍ അപ്രത്യക്ഷരാകുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരാറുണ്ട്. ഇതിനു പിന്നില്‍ കൂടുതലും സെക്‌സ് റാക്കറ്റാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ചു ആണ്‍വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂട്ടികള്‍ക്ക് അടിപൊളി ജീവിതം വാഗ്ദത്തം ചെയ്തും മയുക്കുമരുന്നിനടിമകളാക്കിയുമാണ് അവരെ ഇതിലേക്കാകര്‍ഷിക്കുന്നത്. ഇത്തരം സെക്‌സ് റാക്കറ്റുകള്‍ക്കു പിന്നില്‍ ഉന്നതരും നിയമപാലകരുമുള്ളതു കൊണ്ട് സംഭവങ്ങള്‍ പുറത്തറിയുന്നതും കേസിലേക്ക് നീങ്ങുന്നതും ചുരുക്കം. നൂറുകണക്കിന് സംഭവങ്ങളില്‍ ചുരുക്കം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മക്കളെ കയറൂരിവിട്ടിരിക്കുന്ന രക്ഷിതാക്കള്‍, കൈനിറയെ പണം തുടങ്ങിയ ചില ഘടകങ്ങള്‍ കുട്ടികളെ സ്വയം ഇത്തരം പ്രവണതകളിലേക്ക് നയിക്കുന്നുമുണ്ട്. എയ്ഡ്‌സും വിഷാദ രോഗം പോലെയുള്ള മനോരോഗങ്ങളുമാണ് അനന്തര ഫലമെന്നു ഈ പ്രായത്തില്‍ കുട്ടികള്‍ അറിയുന്നില്ല. ഗര്‍ഭധാരണം, വിവാഹ മാര്‍ക്കറ്റിലെ വിലയിടിവ് തുടങ്ങിയ കാരണങ്ങളാലായിരിക്കണം പെണ്‍കുട്ടികളുടെ മാര്‍ഗഭ്രംശത്തില്‍ രക്ഷിതാക്കളും സമൂഹവും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത്തരം ഭീഷണികളില്ലാത്തതിനാല്‍ ആണ്‍ കുട്ടികള്‍ വീടിന് വെളിയില്‍ എവിടെയെല്ലാം പോകുന്നു, ആരുമായെല്ലാം ബന്ധപ്പെടുന്നു, എന്തെല്ലാം പ്രവര്‍ത്തക്കുന്നുവെന്ന് ചിന്തിക്കുന്നവരും ശ്രദ്ധിക്കുന്നവരും ചുരുക്കമാണ്. ലൈംഗിക പീഡനങ്ങള്‍ കുട്ടികളില്‍ ഏല്‍പിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍, അവരുടെ പഠനത്തെ ബാധിക്കുന്നതായും കലശലായ മനോരോങ്ങള്‍ക്ക് കാരണമാകുന്നതായും കണ്ടെത്തിയിരിക്കെ പെണ്‍കുട്ടികളെ പോലെ ആണ്‍കുട്ടികളെയും മാതാപിതാക്കള്‍ കരുതലോടെ വളര്‍ത്തുകയും നിരീക്ഷിക്കുകുകയും ചെയ്യേണ്ടതുണ്ട്. സ്‌കൂളുകളില്‍ അധ്യാപകരുടെയും വെളിയില്‍ സമൂഹത്തിന്റെയും സജീവ ശ്രദ്ധയും അനിവാര്യമാണ്.