Connect with us

Kerala

മന്ത്രിമാര്‍ക്ക് കര്‍ശന പെരുമാറ്റച്ചട്ടം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കെ പി സി സി തീരുമാനം. സര്‍ക്കാറും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തിയും മന്ത്രിമാര്‍ക്ക് കര്‍ശന പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ വി എം സുധീരന്‍ പ്രസിഡന്റായ ശേഷമുള്ള ആദ്യ കെ പി സി സി യോഗം തീരുമാനിച്ചു. പാര്‍ട്ടിയെ ധിക്കരിച്ചു ഏകപക്ഷീയമായി മുന്നോട്ടു പോകാനാകില്ലെന്ന മുന്നറിയിപ്പാണ് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തനം ഇനി മുതല്‍ കെ പി സി സി വിലയിരുത്തും. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. വകുപ്പ് മന്ത്രി ചെയര്‍മാനും കെ പി സി സി ജനറല്‍ സെക്രട്ടറി കണ്‍വീനറുമായി സമിതി രൂപവത്കരിക്കനാണ് തീരുമാനം. മന്ത്രിമാര്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ പെരുമാറ്റചട്ടം കര്‍ശനമാക്കാനാണ് തീരുമാനം. വിഭാഗീയ പ്രവര്‍ത്തനങ്ങളും പരസ്യനിലപാടുകളും പാടില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വി എം സുധീരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ബാര്‍ തുടങ്ങാന്‍ അനുമതി നല്‍കരുത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന് ഭാരവാഹി യോഗത്തില്‍ സുധീരന്‍ നിര്‍ദേശിച്ചു. ഇത് പാര്‍ട്ടി തീരുമാനമാക്കാന്‍ എല്ലാതലത്തിലും ചര്‍ച്ച ചെയ്യും. കളങ്കിതരായവരുടെ കൈയില്‍ നിന്നും ഫണ്ട് വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ടതില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തിന് താഴെത്തട്ടില്‍ നിന്ന് ഫണ്ട് കണ്ടെത്തണം. വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് അവര്‍ കുറ്റവിമുക്തരാകുന്നത് വരെ നിയമനം നല്‍കരുത്. ഇപ്പോള്‍ ഇത്തരത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരുടെ നിയമനം പുനഃപരിശോധിക്കണം. ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തെ അറിയിച്ചു. മന്ത്രിമാരും കെ പി സി സി ഭാരവാഹികളും പരിപാടികള്‍ക്കായി എത്തുമ്പോള്‍ ഡി സി സി ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെ അറിയിച്ചിരിക്കണം. മന്ത്രിമാര്‍ അവരുടെ അനൗദ്യോഗിക പരിപാടികള്‍ തീരുമാനിക്കുന്നതിനു മുമ്പ് ഡി സി സിയുമായി ബന്ധപ്പെടേണ്ടതാണ്. ഡി സി സി ശിപാര്‍ശയുള്ള കാര്യങ്ങള്‍ മാത്രമേ ഇനി മുതല്‍ കെ പിസി സി ഏറ്റെടുക്കുകയുള്ളൂ. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് നടത്തിയെടുക്കുന്നതിന് എം എം ഹസന്‍, ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി എന്നിവരെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. കളങ്കിതവ്യക്തിത്വങ്ങളുമായുള്ള ചങ്ങാത്തം പൂര്‍ണമായി ഒഴിവാക്കണമെന്നും പെരുമാറ്റ ചട്ടത്തില്‍ കെ പി സി സി നിര്‍ദേശിച്ചു.