Connect with us

Editorial

കൊലക്കയര്‍ അഴിയുമ്പോള്‍

Published

|

Last Updated

ദയാ ഹരജിയിന്മേല്‍ തീരുമാനമെടുക്കാന്‍ വൈകിയാല്‍ വധ ശിക്ഷ റദ്ദാക്കാമെന്ന ജനുവരി 21ലെ സുപ്രീം കോടതി വിധി രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവരുടെ രക്ഷക്കെത്തി. ദയാഹര്‍ജിയില്‍ തീര്‍പ്പ് ഏറെ വൈകിയതിനാല്‍ ശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട് മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി അംഗീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായുള്ള മുന്നംഗ സുപ്രീം കോടതി ബഞ്ച് ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരിക്കയാണ്.
1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെ രുമ്പുത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1998 ജനവരി 28ന്് വിചാരണാ കോടതി കേസിലെ 26 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. 1999 മെയ് 11ന് സുപ്രീം കോടതി നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ മാത്രം ശരിവെച്ചു. തമിഴ്‌നാട് സര്‍ക്കാറിന്റെയും സോണിയാ ഗാന്ധിയുടെയും അഭ്യര്‍ഥന മാനിച്ചു നളിനിയുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി കുറച്ചിരുന്നു. മറ്റു മൂന്ന് പേരും നല്‍കിയ ദയാഹരജികളില്‍, പതിനൊന്ന് വര്‍ഷത്തിനു ശേഷം 2011ലാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അവ തള്ളിക്കൊണ്ട് തീര്‍പ്പ് കല്‍പ്പിച്ചത്. ദയാഹരജികള്‍ ഇത്രയും കാലം തീരുമാനമെടുക്കാതെ വെച്ചുതാമസിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്‍ ഡി എ സര്‍ക്കാറാണ് ഹരജിയിലെ തീര്‍പ്പ് നീട്ടിക്കൊണ്ടുപോയതെന്നും യു പി എ സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തരമന്ത്രി മാറിയതാണ് കാലതാമസത്തിനിടയാക്കിയതെന്നും സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികള്‍ക്കു ജയിലില്‍ ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ജയില്‍ ജീവിതത്തില്‍ അവര്‍ സന്തുഷ്ടരായിരുന്നുവെന്നുമുള്ള സര്‍ക്കാര്‍ വാദവും കോടതി നിരാകരിച്ചു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യണമെന്ന ആവശ്യം തമിഴ്‌നാട്ടില്‍ ശക്തമായതിനാല്‍ സംസ്ഥാന സര്‍ക്കാറിന് കോടതി വിധി അനുഗ്രഹമാണെങ്കിലും കേന്ദ്ര സര്‍ക്കാറിന് ആഘാതമാണ്. ജീവപര്യന്തമെന്നത് ജീവിത കാലം മുഴുവനുമുള്ള തടവുശിക്ഷയാണെങ്കിലും പതിനാല് വര്‍ഷം ശിക്ഷ അനുഭവിച്ച ഈ മൂന്നു പേരുടെ മോചനം സംബന്ധിച്ചു സര്‍ക്കാറിന് ഉചിതമായ തീരുമാനമെടുക്കാമെന്ന കോടതി പരാമര്‍ശമാണ് കൂടുതല്‍ ആഘാതം. പ്രതികള്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കണമോ എന്നു തമിഴ്‌നാട് സര്‍ക്കാറിന് തീരുമാനിക്കാന്‍ ഈ പരാമര്‍ശം സഹായകമാണെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍. ദയാഹരജികളില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനം അന്തിമമാണെന്നും അവ പുനഃപരശോധിക്കാന്‍ സുപ്രീം കോടതിക്കധികാരമില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനും കോടതിവിധി തിരിച്ചടിയാണ്. ഇരട്ടക്കൊലക്കേസ് പ്രതിയായ എം എന്‍ ദാസിന്റെ വധശിക്ഷ ഇളവ് ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ 2013 ജൂലൈയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയിലാണ് കേന്ദ്രം ഈ വാദമുന്നയിച്ചത്.
രാഷ്ട്രപതിയുടെ മുമ്പിലെത്തുന്ന ദയാ ഹരജികള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസം വധശിക്ഷക്കു പുറമെ പ്രതികള്‍ നീണ്ട കാലത്തെ തടവുശിക്ഷ അനുഭവിക്കാനും ഇടയാക്കുന്നുവെന്നത് ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ വധശിക്ഷാ പ്രഖ്യാപനത്തിനു ശേഷം പതിനാല് വര്‍ഷം തടവു ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ശിക്ഷാവിധിക്കു മുമ്പുള്ള ഇവരുടെ തടവുകാലാവധി കൂടി ചേര്‍ത്താല്‍ മൊത്തം തടവുകാലം 22 വര്‍ഷം വരും. വനം കൊള്ളക്കാരന്‍ വീരപ്പന്റെ നാല് കൂട്ടാളികള്‍ വധശിക്ഷാ പ്രഖ്യാപനത്തിനു ശേഷം ശിക്ഷയും കാത്തു പത്ത് വര്‍ഷത്തിലേറെ തടവിലിരുന്നു. സാധാരണ തടവുപുള്ളികളേക്കാള്‍ കടുത്ത മാനസിക സമ്മര്‍ദവും പീഡനവുമാണ് വധശിക്ഷ കാത്ത് ഒരാള്‍ ജയിലില്‍ അനുഭവിക്കുന്നത്. കൊടിയ ക്രൂരതയാണിത്. വധശിക്ഷക്കു കാലതാമസം നേരിട്ടതു കൊണ്ട് ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടു വീരപ്പന്റെ കൂട്ടാളികളക്കം പതിനഞ്ച് പേര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജനുവരി 21ന് സുപ്രീം കോടതി അനുകൂലമായ തീര്‍പ്പ് കല്‍പിച്ചതും ഇതടിസ്ഥാനത്തിലാണ്. വധശിക്ഷ വിധിക്കപ്പെട്ട ശേഷം പ്രതികള്‍ മരണം കാത്തു വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവരുന്നത് ക്രൂരമായ മനുഷ്യാവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഏതാനും സന്നദ്ധ സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദയാഹരജികളിലെ തീര്‍പ്പില്‍ ഭരണാധികാരികളുടെ ഭാഗത്തു നിന്നുള്ള ഉദാസീനത അവസാനിപ്പിക്കാന്‍ കോടതിവിധി സഹായകമായേക്കും.

Latest