Connect with us

Gulf

ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണും: ആര്‍ടിഎ

Published

|

Last Updated

cars-1910ദുബൈ: ഡിസ്‌കവറി ഗാര്‍ഡണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ നഖീല്‍ അധികൃതരുമായി അടിയന്തര ചര്‍ച്ച നടത്തിയിട്ടുണ്ട്. നഖീലിന്റെ കീഴിലുള്ളവയാണ് ഈ മേഖലയിലെ മിക്ക കെട്ടിടങ്ങളുമെന്നതിനാലാണ് കമ്പനിയുമായി ചര്‍ച്ച നടത്തിയത്. ഏതാനും ദിവസത്തിനകം താല്‍ക്കാലിക പരിഹാരം ഉണ്ടാക്കാനാണ് ആര്‍ ടി എ ശ്രമിക്കുന്നത്. ഡിസ്‌കവറി ഗാര്‍ഡണിലേക്കും ഇബ്‌നുബത്തൂത്ത മാളിലേക്കും വരാനും പോകാനുമായി രണ്ട് പ്രവേശന, നിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ കൂടി ആര്‍ ടി എ നിര്‍മിക്കും. ശൈഖ് സായിദ് റോഡില്‍ നിന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നുമാവും ഇവ നിര്‍മിക്കുക. ഈ വര്‍ഷം അവസാനത്തോടെയാവും ഇവ പൂര്‍ത്തിയാക്കുക. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതിയുടെ ഭാഗമാണ് ഇവ പൂര്‍ത്തീകരിക്കുകയെന്ന് ആര്‍ ടി എ ട്രാഫിക് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബന്ന വ്യക്തമാക്കി. മേഖലയില്‍ തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കാനാണ് നഖീല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്. പരമാവധി വേഗത്തില്‍ ഇവിടെ പഠനം നടത്തി താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അല്‍ ബന്ന പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചത്തെ മഴയില്‍ ഈ മേഖലയില്‍ ഗതാഗതം താറുമാറായിരുന്നു. അടിക്കടിയുണ്ടാവുന്ന ഗതാഗതക്കുരുക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി ഇവിടെ താമസിക്കുന്നവരില്‍ ഒരാള്‍ പറഞ്ഞു. മിക്ക ദിവസങ്ങളിലും മെയിന്‍ റോഡിലേക്കുള്ള എക്‌സിറ്റില്‍ എത്താന്‍ 45 മിനുട്ട് സമയം വേണ്ടിവരുന്ന സ്ഥിതിയാണ്. രണ്ട് വിദ്യാലയങ്ങള്‍ കൂടിയുള്ളതിനാല്‍ കുട്ടികളുടെ സൗകര്യാര്‍ഥം വാഹനം നിര്‍ത്തുകയും കൂടി ചെയ്യുന്നതോടെ ജബല്‍ അലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് എത്തുക തികച്ചും ശ്രമകരമാണെന്നും ഇദ്ദേഹം വിശദീകരിച്ചു.