Connect with us

Thrissur

കോര്‍പറേഷന്‍ ഫീസ് പിരിവുകളുടെ ടെന്‍ഡര്‍ നിരക്ക് 70 ശതമാനം കൂടി

Published

|

Last Updated

തൃശൂര്‍: കോര്‍പറേഷനില്‍ വിവിധ ഫീസ് പിരിവുകളുടെ കുത്തക അവകാശത്തിനുള്ള ടെന്‍ഡറില്‍ വന്‍വര്‍ധന. 70 ശതമാനം വരെയാണ് വര്‍ധന. പേട്ട പിരിവ് ഫീസ് 2013-14 ല്‍ 13,23,333 രൂപയായിരുന്നത് 2014-15 സാമ്പത്തികവര്‍ഷത്തേക്ക് 22,22,222 രൂപയായാണ് വര്‍ധിച്ചത്. പരസ്യ നികുതി ഫീസ് പിരിവ് 31,31,331 രൂപയില്‍നിന്നും 51,00,555 രൂപയായി. ശക്തന്‍ നഗറിലെ പച്ചക്കറി മത്സ്യ- മാംസ മാര്‍ക്കറ്റിലെ ഫീസ് പിരിവിനുള്ള ടെന്‍ഡര്‍ തുക 28,10,000 ല്‍നിന്ന് 33,77,777 രൂപയായും ഉയര്‍ന്നു.
കന്നുകാലി ചന്ത ഫീസ് 6,01,111 രൂപയില്‍ നിന്ന് 7,02,222 രൂപയായും നെഹ്രുപാര്‍ക്കില്‍ ഫോട്ടോ വീഡിയോ ഫീസ് 73,000 ല്‍നിന്നും 83,000 രൂപയായും, അരണാട്ടുകര, കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, കൊക്കാല, മണ്ണുത്തി മാര്‍ക്കറ്റ് ഫീസ് 60,250 ല്‍നിന്നും 86,000 രൂപയായും ഒളരി, അയ്യന്തോള്‍, പനംകുറ്റിച്ചിറ, ചീരാച്ചി, ഒല്ലൂര്‍, മാക്കറ്റ് ഫീസ് 38,000 ല്‍നിന്നും 86,000 രൂപയായും വര്‍ധിച്ചു. ധനകാര്യകമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച ഈ ടെന്‍ഡറുകള്‍ 19ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരത്തിനായിവെച്ചിട്ടുണ്ട്.
അതേസമയം, മത്സ്യമാര്‍ക്കറ്റ്, ജയ്ഹിന്ദ് മാര്‍ക്കറ്റ്, കൊക്കാല, ഒല്ലൂര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്ക് ആരും തന്നെ ടെന്‍ഡര്‍ നല്‍കിയില്ല. കൊക്കാല, മ്യൂസിയം പാര്‍ക്കിംഗിനും കുരിയച്ചിറ അറവുശാലക്കും ടെന്‍ഡര്‍ ലഭിച്ചില്ല. വടക്കേച്ചിറ ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന്‍, ശക്തന്‍ തമ്പുരാന്‍ നഗര്‍- വടക്കേച്ചിറ ബസ് സ്റ്റാന്റ് ഫീസ് പിരിവിനും ഏകടെന്‍ഡറുകള്‍ മാത്രം ലഭിച്ചതിനാല്‍ അവ റീടെന്‍ഡര്‍ ചെയ്യാനാണ് തീരുമാനം. വിവിധ ഫീസ് പിരിവുകളുടെ ടെന്‍ഡര്‍ മിക്കവാറും എല്ലാ വര്‍ഷങ്ങളിലും വിവാദമാകാറുണ്ട്. കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളി എന്നും പ്രകടമായിരുന്നു. ഫീസ് നിരക്കുകളില്‍ വന്‍വര്‍ധനവ് വരുത്തിയായിരുന്നു കഴിഞ്ഞ തവണ ടെന്‍ഡര്‍ നടത്തിയത്.
ടെന്‍ഡര്‍ തുകയിലും അതനുസരിച്ചുള്ള വര്‍ധനവുണ്ടായതാണ്. ഫീസ് വര്‍ധിപ്പിക്കാതെ തന്നെ ഇത്തവണ വന്‍തോതില്‍ വര്‍ധനവുണ്ടായത് കോര്‍പ്പറേഷന്‍ ഭരണ മാറ്റത്തിന്റെ പുതിയ അന്തരീക്ഷത്തിലാണെന്ന് വിലയിരുത്തുന്നു.
കരാറുകാര്‍ ടെന്‍ഡര്‍ ലഭിക്കാന്‍ കടുത്ത വാശിയായിരുന്നു ഇത്തവണ പ്രകടമാക്കിയത്. അതിന്റെ പ്രയോജനം കോര്‍പ്പറേഷന് തന്നെ ലഭിച്ചു.