Connect with us

Thrissur

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

Published

|

Last Updated

തൃശൂര്‍: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാടിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ കാര്‍ഷികമേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും കാര്‍ഷികമേഖലയുടെ വളര്‍ച്ച വഴിയൊരുക്കും. ചെമ്പൂക്കാവില്‍ കൃഷിവകുപ്പ് തുടങ്ങുന്ന കാര്‍ഷിക സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ന്യായ വില ലഭിക്കാത്തതാണ് കര്‍ഷകര്‍ കാര്‍ഷികമേഖലയില്‍ നിന്നും പിന്തിരിഞ്ഞ് നില്‍ക്കുന്നതിന് കാരണം. ഉത്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍പന നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. കാര്‍ഷികമേഖലക്ക് വലിയ പ്രാധാന്യമാണ് യു ഡി എഫ് സര്‍ക്കാര്‍ നല്‍കുന്നത്.
അതിന്റെ ഗുണം കാര്‍ഷികമേഖലയില്‍ പ്രതിഫലിക്കുന്നുണ്ട്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതാണ് കാര്‍ഷികരംഗത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. സാധ്യമായ മേഖലകളിലെല്ലാം യന്ത്രവത്കരണം ഏര്‍പ്പെടുത്തിയത് ആശ്വാസകരമാണ്. കാര്‍ഷികമേഖലയിലേക്ക് കൂടുതല്‍ പേരെ പ്രത്യേകിച്ച് യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള സംവിധാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹൈടെക് കൃഷി രീതി താത്പര്യപൂര്‍വ്വമാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. കൃഷിക്കൊപ്പം അനുബന്ധമേഖലകളുടേയും വികസനം പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
റബ്ബറിന്റെ സംഭരണവില 171 രൂപയെങ്കിലും ആക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കൃഷി ഓഫീസ്, സംസ്ഥാന വിത്തു വികസന അതോറിറ്റി മണ്ണു പരിശോധന ശാലകള്‍, കാര്‍ഷിക എന്‍ജിനീയറിംഗ് ഓഫീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ജില്ലാ ഫിഷറീസ് ഓഫീസ്, ജില്ലാ ക്ഷീര വികസന ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, വിജ്ഞാന വിപണനകേന്ദ്രം, വിപണകേന്ദ്രം എന്നീ ജില്ലാതല ഓഫീസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക സമുച്ചയം സ്ഥാപിക്കുന്നത്. 17.365 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി നീക്കി വെച്ചിരിക്കുന്നത്. ആദ്യ ഗഡുവായി 10 കോടി രൂപ നല്‍കും. കെ എല്‍ ഡി സിക്കാണ് നിര്‍മാണച്ചുമതല. എട്ട് നിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. പദ്ധതിക്ക് തുക അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും യഥാസമയത്ത് തന്നെ നിര്‍മാണം പൂര്‍ത്തിയായി എട്ട് നിലയായി തന്നെയായിരിക്കും സമുച്ചയം ഉദ്ഘാടനം ചെയ്യപ്പെടുകയെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
കൃഷി മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് വിതരണം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ജില്ലയിലെ കോള്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സി എന്‍ മുഖ്യമന്ത്രിയോടും കൃഷി മന്ത്രിയോടും അഭ്യര്‍ത്ഥിച്ചു. എം എല്‍ എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി എ മാധവന്‍, എം പി വിന്‍സെന്റ്, തോമസ് ഉണ്ണിയാടന്‍, മേയര്‍ രാജന്‍ ജെ പല്ലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍, ജില്ലാ കലക്ടര്‍ എം എസ് ജയ, ഡി സി സി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്‍കുട്ടി, എസ് ജെ ഡി പ്രസിഡന്റ് യുജീന്‍ മോറേലി പങ്കെടുത്തു.

Latest