സിറ്റി-ബാഴ്‌സ ഇന്ന് മുഖാമുഖം

Posted on: February 18, 2014 12:50 am | Last updated: February 19, 2014 at 12:34 am
negrado
നെഗ്രഡൊ

 

messi
മെസ്സി

യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കം. ഗ്രൂപ്പ് റൗണ്ടുകള്‍ ജയിച്ചെത്തിയ പതിനാറ് ടീമുകളാണ് ക്വാര്‍ട്ടര്‍ ലൈനപ്പ് തേടിയിറങ്ങുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി-ബാഴ്‌സലോണ, ബയെര്‍ ലെവര്‍കൂസന്‍-പാരിസ് സെയിന്റ് ജെര്‍മെയിന്‍ പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദം ഇന്ന് നടക്കും. ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും ആഴ്‌സണലും മുന്‍ ചാമ്പ്യന്‍മാരായ എ സി മിലാനും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ നാളെ. സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് – ബൊറൂസിയ ഡോട്മുണ്ട്, ഒളിമ്പ്യാകോസ്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ പ്രീക്വാര്‍ട്ടറുകള്‍ അടുത്താഴ്ച.
പ്രീക്വാര്‍ട്ടര്‍ ലൈനപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരമാണ് ലണ്ടനിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്നത്. മാനുവല്‍ പെല്ലെഗ്രിനി എന്ന പരിശീലകര്‍ക്കിടയിലെ എഞ്ചിനീയര്‍ തന്ത്രമൊരുക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി തികഞ്ഞ ഫോമിലാണ്. എഫ് എ കപ്പില്‍ ചെല്‍സിയെ മലര്‍ത്തിയടിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതിന്റെ ആവേശമടങ്ങും മുമ്പാണ് സിറ്റി ബാഴ്‌സലോണയെ സ്വന്തം തട്ടകത്തിലേക്ക് എതിരേല്‍ക്കുന്നത്. ജെറാര്‍ഡോ മാര്‍ട്ടിനോയുടെ ബാഴ്‌സലോണയുടെ സ്ഥിതിയും മറിച്ചല്ല.
അസാധ്യമായ മികവിലാണ് ടീം. മെസിയും നെയ്മറും ഇനിയെസ്റ്റയും പരുക്ക് മാറി തിരിച്ചെത്തിയത് കാണാനുണ്ട്. ലാ ലിഗയില്‍ റയോ വാള്‍കാനോയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. ഇരട്ടഗോളുകള്‍ നേടി മെസി തിളങ്ങുകയും ചെയ്തു.
യൂറോപ്പില്‍ ഇത്തവണ ഏറ്റവുമധികം ഗോളുകള്‍ സ്‌കോര്‍ ചെയ്ത ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ്. പെല്ലെഗ്രിനിക്ക് കീഴില്‍ കൂടുതല്‍ കരുത്തുറ്റ ടീമായി സിറ്റി മാറിയിരിക്കുന്നു. പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റി സീസണിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കാനുള്ള പടപ്പുറപ്പാടിലാണ്. എഫ് എ കപ്പില്‍ ക്വാര്‍ട്ടറിലെത്തിയ സിറ്റി ലീഗ് കപ്പിന്റെ സെമിയിലെത്തിയിട്ടുണ്ട്. നാല് കിരീടങ്ങളും നേടുക എളുപ്പമല്ല, പക്ഷേ പരമാവധി ശ്രമിക്കും- പെല്ലെഗ്രിനി പറയുന്നു. സീസണില്‍ നാല് കിരീടങ്ങളും നേടുന്ന പ്രഥമ ടീമാകാന്‍ ആഗ്രഹിക്കുന്ന സിറ്റിക്ക് മുന്നിലെ പ്രധാന വെല്ലുവിളി ബാഴ്‌സലോണയാണ്.
മസില്‍ വേദന കാരണം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിട്ടു നിന്ന മിഡ്ഫീല്‍ഡര്‍ ഫെര്‍നാണ്ടീഞ്ഞോ സിറ്റിയുടെ നിരയില്‍ തിരിച്ചെത്തും. കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ച ഫെര്‍നാണ്ടീഞ്ഞോ കളിക്കുമെന്ന സൂചനയാണ് പെല്ലെഗ്രിനി നല്‍കുന്നത്.
അതേ സമയം അര്‍ജന്റൈന്‍ സ്‌ട്രൈക്കകര്‍ സെര്‍ജിയോ അഗ്യെറോ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ല. ജനുവരി 29ന് ടോട്ടനം ഹോസ്പറിനെ 1-5ന് തകര്‍ത്തുവിട്ട മത്സരത്തിനിടെയാണ് അഗ്യെറോക്ക് പരുക്കേറ്റത്. സീസണില്‍ 25 മത്സരങ്ങളില്‍ 26 ഗോളുകള്‍ നേടിയ അഗ്യെറോയുടെ ഫോം എതിരാളികളുടെ ഉറക്കം കെടുത്തുന്നതാണ്. ബാഴ്‌സലോണക്ക് ഏറെ ആശ്വാസമേകുന്നത് അഗ്യെറോ ഇല്ലെന്നതാണ്.
ശ്രദ്ധേയ പോരാട്ടം ഇവര്‍ തമ്മില്‍
ഡേവിഡ് സില്‍വ-ഡാനി ആല്‍വസ്
ബാഴ്‌സലോണയുടെ ബ്രസീലിയന്‍ റൈറ്റ് ബാക്ക് ഡാനി ആല്‍വസിന് പന്തുമായി കുതിക്കുമ്പോള്‍ ഉള്ളില്‍ ഭയമായിരിക്കും. ചെറുതായൊന്ന് പിഴച്ചാല്‍, ലെഫ്റ്റ് വിംഗിലൂടെ കുതിക്കാനൊരുങ്ങി ഡേവിഡ് സില്‍വ തക്കം പാര്‍ത്തിരിക്കുന്നുണ്ടാകും. പന്തിനായുള്ള ഇവരുടെ പോരാട്ടം എത്തിഹാദ് സ്റ്റേഡിയത്തില്‍ തീപ്പൊരി സൃഷ്ടിക്കും.
നെഗ്രെഡോ – മഷെറാനോ
വെസ്റ്റ്ഹാമിനും ലിവര്‍പൂളിനും മിഡ്ഫീല്‍ഡറായി തിളങ്ങിയ അര്‍ജന്റൈന്‍ മഷെറാനോ ഇപ്പോള്‍ ബാഴ്‌സലോണയുടെ ഡിഫന്‍സിലാണ്. ബാക് ലൈനില്‍ നിന്ന് മഷെറാനോ എതിര്‍ഹാഫിലേക്ക് നല്‍കുന്ന നീളന്‍ പാസുകള്‍ മിക്കവാറും മെസിയുടെ ഗോളിലാണ് കലാശിക്കാറ്. മഷെറാനോയുടെ ഉറക്കം കെടുത്താന്‍ സിറ്റിയുടെ മുന്‍നിരയില്‍ നെഗ്രെഡോയുണ്ട്. തകര്‍പ്പന്‍ ഫോമിലുള്ള ഈ സ്‌ട്രൈക്കറെ മഷെറാനോ ഒതുക്കുമോ ?
യായ ടുറെ- ഇനിയെസ്റ്റ
മിഡ്ഫീല്‍ഡില്‍ സിറ്റിയുടെ ടോപ് ക്ലാസ് പ്ലെയര്‍ യായ ടുറെയാണ്. ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ ടുറെയുടെ മുന്‍ ക്ലബ്ബാണ് ബാഴ്‌സ. ഷാവി, ഇനിയെസ്റ്റ താരങ്ങള്‍ക്കൊപ്പം ബാഴ്‌സക്ക് സുവര്‍ണ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ പ്രയത്‌നിച്ച മധ്യനിരക്കാരന്‍.
ഇന്ന് ബാഴ്‌സയെ ഒതുക്കാന്‍ ടുറെക്ക് ജാവി ഗാര്‍സിയയുടെ സഹായം വേണ്ടി വരും. ഫെര്‍നാണ്ടീഞ്ഞോ തിരിച്ചുവന്നാല്‍ ടുറെയുടെ നീക്കങ്ങള്‍ക്ക് ചടുലത വരും. പരുക്ക് ഭേദമായെത്തിയ ആന്ദ്രെ ഇനിയെസ്റ്റയും ടുറെയും കളത്തിന് നടുവില്‍ പന്തിനായ് പൊരുതുന്ന കാഴ്ച ക്ലാസിക് ആയി മാറും.
മെസി-സിറ്റി പ്രതിരോധനിര
ലയണല്‍ മെസിയെ പൂട്ടാന്‍ സിറ്റിയുടെ പ്രതിരോധ നിര ഒന്നടങ്കം അണിനിരക്കും.
മെസിക്കൊപ്പം നെയ്മറോ ഫാബ്രിഗസോ ഉണ്ടാകും. ഇവരെയും തളച്ചാലെ മെസിയെ ഒതുക്കാന്‍ വിന്‍സെന്റ് കൊംപാനി നയിക്കുന്ന പ്രതിരോധ നിരക്ക് സാധ്യമാകൂ.
ക്ലിചി-സാഞ്ചസ്
വിംഗിലൂടെ അലക്‌സിസ് സാഞ്ചസ് കുതിച്ചെത്തുമ്പോള്‍ പ്രതിരോധ മുറകള്‍ പയറ്റാന്‍ ഗെയില്‍ ക്ലിചിയുണ്ടാകും.
സാഞ്ചസിന് ക്ലിചിയെ എത്തിഹാദ് സ്റ്റേഡിയത്തില്‍ കീഴടക്കുക എളുപ്പമാകില്ല. കാണികളുടെ ആരവം സിറ്റിക്ക് വര്‍ധിതവീര്യമേകും.