Connect with us

Articles

രാജിയും ഒരു സമരമാണ്‌

Published

|

Last Updated

രാജിയും ഒരു സമരമാണെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പറയാതെ പറയുന്നത്. പൊതുപ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ മുഖ്യമന്ത്രിയായതില്‍ വരെ കണ്ട വ്യത്യസ്തത നിഴലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രാജിയും. നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മധുവിധു തീരും മുമ്പ് രാജി വെച്ച മുഖ്യമന്ത്രി, പരപ്രേരണയില്ലാതെ രാജി വെച്ച മുഖ്യമന്ത്രി. രാജി പ്രഖ്യാപനം ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ നടത്തിയ മുഖ്യമന്ത്രി. ചരിത്രത്തില്‍ കെജരിവാളിന്റെ ഇടവും വ്യത്യസ്താമാകുകയാണ്.
അഭിമാനത്തോടെ ഒരു മുഖ്യമന്ത്രി രാജി വെക്കുന്നതും ഇത് കണ്ടും കേട്ടും അനുനായികള്‍ വികാരവായ്‌പോടെ ആരവങ്ങള്‍ മുഴക്കുന്നതും ഇന്നലെ വരെ കണ്ടതില്‍ നിന്നുള്ള മാറ്റമാണ്. അഴിമതി കേസില്‍പ്പെട്ടും പരാജയങ്ങളുടെ ഉത്തരവാദിത്വം പേറിയും അധികാരമൊഴിയുന്നവരെ കണ്ട് പരിചയിച്ചവരാണ് നമ്മള്‍. കേള്‍ക്കാന്‍ സുഖമുള്ള വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് പെട്ടിയിലാക്കി അധികാരത്തിലെത്തി അഞ്ച് വര്‍ഷം അതിനോട് നീതി പുലര്‍ത്താന്‍ കഴിയാത്ത വരെ കണ്ട് ശീലിച്ചവരും അതുമായി പൊരുത്തപ്പെട്ടവരുമാണ് നമ്മള്‍. പ്രകടനപത്രികയെന്നാല്‍ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണെന്ന് അനുഭവത്തിലൂടെ പഠിക്കേണ്ട ദുര്‍ഗതിയിലാണ് നമ്മള്‍. ജനാധിപത്യോത്സവമായ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രയോഗിക്കാനുള്ള ആയുധമായാണ് രാഷ്ട്രീയ നേതൃത്വം പ്രകടനപത്രികയെ കണ്ടതും. എന്നാല്‍, കെജരിവാള്‍ ഇതില്‍ നിന്ന് വ്യത്യസ്തനാകുകയായിരുന്നു. ജന്‍ലോക്പാല്‍ ബില്‍ ആം ആദ്മിയുടെ പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു. അധികാരമേറ്റ് അധിക നാള്‍ പിന്നിടും മുമ്പ് ഈ നിയമത്തിനായി ശ്രമിച്ചതും ഇതു കൊണ്ടു തന്നെ.
അഴിമതിക്കെതിരെ തുറന്ന പോര്‍മുഖത്ത് നിന്നാണ് ആം ആദ്മിയുടെ പിറവി. രാഷ്ട്രീയ ബാല്യം പിന്നിടാത്ത ഒരു പാര്‍ട്ടിക്ക് കന്നിയങ്കത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ തന്നെ ജനങ്ങള്‍ അവര്‍ക്ക് നല്‍കിയ പിന്തുണ മുഖ്യധാരാ കക്ഷികളുടെ കണ്ണ് തുറപ്പിക്കേണ്ടതായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം കണ്ട് കണ്ണ് മഞ്ഞളിച്ച മുഖ്യധാരാ കക്ഷികള്‍ “ആപ്പി”ല്‍ നിന്ന് പഠിക്കാനേറെയുണ്ടെന്നാണ് പ്രതികരിച്ചത്. എന്നാല്‍, അവരില്‍ നിന്ന് ഒന്നും പഠിക്കാന്‍ ആരും ശ്രമിച്ചില്ലെന്നാണ് ഡല്‍ഹി ഇപ്പോള്‍ നല്‍കുന്ന അനുഭവം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനം എവിടെയാണെന്ന് ജനങ്ങളോട് പറയാന്‍ ശ്രമിക്കുകയാണ് കെജരിവാള്‍. “അംബാനിയെ തൊട്ടാല്‍ തങ്ങള്‍ക്ക് പൊള്ളു”മെന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒറ്റക്കെട്ടാണെന്ന് രാജി പ്രഖ്യാപനത്തിലൂടെ കെജ്‌രിവാള്‍ ആണയിടുന്നു. ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതിനെതിരെ ഡല്‍ഹി നിയമസഭയില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒന്നിച്ചു നിന്നത് കണ്ടവരുടെ മനസ്സില്‍ സംശയത്തിന്റെ വിത്തിറക്കാന്‍ കെജരിവാളിന്റെ ഈ പ്രഖ്യാപനത്തിന് കഴിഞ്ഞെന്നു വേണം കരുതാന്‍. കെജരിവാള്‍ നിയമസഭയിലും പുറത്തും പറഞ്ഞത് പോലെ തന്നെ ബില്‍ അവതരിപ്പിക്കാന്‍ നിരത്തിയ ന്യായങ്ങള്‍ കാണുമ്പോള്‍ സാങ്കേതികമല്ല യഥാര്‍ഥ പ്രശ്‌നമെന്ന് വിലയിരുത്തേണ്ടി വരും. ബില്‍ അവതരിപ്പിക്കുന്നതിന് ആദ്യം ഭരണഘടനാക്കുരുക്കുകള്‍ പറഞ്ഞ കോണ്‍ഗ്രസും ബി ജെ പിയും പിന്നീട് ആവശ്യപ്പെട്ടത് സോംനാഥ് ഭാരതിയുടെ രാജിയായിരുന്നു. പൊതു അവധിയായതിനാല്‍ സഭ ചേരാന്‍ കഴിയില്ലെന്നായി പിന്നെ. ഒടുവില്‍ ബില്‍ അവതരണവുമായി ബന്ധപ്പെട്ട് ലഫ്. ഗവര്‍ണല്‍ നല്‍കിയ കത്ത് വായിക്കണമെന്നായി. വായിച്ചപ്പോള്‍ അതിന്‍മേല്‍ വോട്ടിംഗ് വേണമെന്നായി. ഒടുവില്‍ ഒരുമിച്ച് നിന്ന് ബില്‍ അവതരണത്തിന് അനുമതി നിഷേധിക്കുമ്പോള്‍ സംരക്ഷിക്കപ്പെട്ടത് അഴിമതിക്കാരുടെ താത്പര്യമല്ലേയെന്ന് തോന്നുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ അല്ല ബില്ലവതരിപ്പിക്കാന്‍ എ എ പി ശ്രമിച്ചതെന്ന പ്രശ്‌നമാണ് പ്രധാനമായി ഉന്നയിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു കേന്ദ്ര നിയമം നിലവിലുണ്ടെങ്കില്‍, അതേ വിഷയത്തില്‍ ഒരു സംസ്ഥാന നിയമം കൊണ്ടുവരുന്നതിന് മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതുണ്ട്. ഈ വ്യവസ്ഥ രാഷ്ട്രീയമായി ഉപയോഗിച്ച് ജന്‍ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ വായിച്ച് നോക്കുക പോലും ചെയ്യാതെ അനുമതി നിഷേധിച്ചതിലെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
നിയമപരമായ വ്യവസ്ഥ എങ്ങനെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചുരുങ്ങിയ പക്ഷം ഡല്‍ഹിയിലെ ജനങ്ങളെയെങ്കിലും ബോധ്യപ്പെടുത്താന്‍ ആം ആദ്മിക്ക് കഴിഞ്ഞു. രാജിക്ക് മുമ്പ് ബില്ലിന്റെ കോപ്പി വിതരണം ചെയ്താണ് തങ്ങളുടെ യഥാര്‍ഥ ലക്ഷ്യം അവര്‍ സാധിച്ചെടുത്തത്. ഏതായാലും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കേന്ദ്രത്തിന് അതിരുകടന്ന് ഇടപെടാനുള്ള വ്യവസ്ഥ ഉണ്ടെങ്കില്‍ അത് ഭേദഗതി ചെയ്യപ്പെടുക തന്നെ വേണം.
കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണെങ്കിലും ആം ആദ്മിയുടെ ഡല്‍ഹി പരീക്ഷണം ഉയര്‍ത്തുന്ന ചോദ്യങ്ങളോട് മുഖം തിരിക്കാന്‍ മുഖ്യധാരാ കക്ഷികള്‍ക്ക് കഴിയില്ല. പ്രത്യേകിച്ചും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ ആരവം അന്തരീക്ഷത്തില്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍. വ്യവസ്ഥിതിയുടെ ഭാഗമായി നിന്ന് വ്യവസ്ഥിതിക്കെതിരെ പൊരുതാനാണ് കെജരിവാള്‍ ശ്രമിച്ചത്. സ്വയംഭരണത്തില്‍ നിയന്ത്രണമുള്ള ഡല്‍ഹിയാണ് ഭരിക്കുന്നതെന്ന് അറിയാത്തയാളായിരുന്നില്ല കെജരിവാള്‍. സാങ്കേതികത്വവും നിയമവും ഭരണഘടനയുമെല്ലാം ജനങ്ങള്‍ക്കു വേണ്ടിയാണെന്ന അടിസ്ഥാന തത്വമാണ് കെജരിവാള്‍ ഉയര്‍ത്തിയത്. നിയമനിര്‍മാണത്തിനുള്ള സ്വതന്ത്രാധികാരം മുമ്പ് ഡല്‍ഹിക്കുണ്ടായിരുന്നതാണ്. കേന്ദ്രം ഭരിക്കുന്നവരുടെ ഇംഗിതത്തിനൊപ്പം ഡല്‍ഹി ഭരിക്കുന്നവര്‍ നില്‍ക്കണമെന്ന അഹന്തയാണ് ഇങ്ങനെയൊരു നിയന്ത്രണത്തിന്റെ അടിസ്ഥാനം. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്റെ നിയമനിര്‍മാണത്തിലുള്ള അധികാരത്തില്‍ കൈ കടത്തുകയാണ് ഇവിടെ. ഇതിനെ പൊളിച്ചെഴുതാനാണ് കെജരിവാള്‍ ശ്രമിച്ചത്.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ കഴിയാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതില്‍ കാര്യമില്ലെന്ന സന്ദേശം കൂടിയാണ് കെജരിവാള്‍ നല്‍കുന്നത്. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ അധികാരമില്ലെങ്കില്‍ പിന്നെ എന്തിന് ഇങ്ങനെയൊരു സംസ്ഥാനം രൂപവത്കരിച്ചതെന്ന എ എ പിയുടെ ചോദ്യത്തിനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്.
പോലീസിന്റെ അധികാരം കേന്ദ്രത്തിന്, നിയമം ഉണ്ടാക്കാനുള്ള അധികാരം കേന്ദ്രത്തിന്, രാജ്യതലസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവും പ്രത്യേക പദവി അര്‍ഹിക്കുന്ന സ്ഥലവുമാണെങ്കില്‍ പിന്നെ എന്തിനാണ് അവിടെ ഒരു സംസ്ഥാനം രൂപവത്കരിച്ചത്? കോടികള്‍ ചെലവഴിച്ച് അവിടെ തിരഞ്ഞെടുപ്പ് നടത്തുന്നതും ജനാധിപത്യ സര്‍ക്കാറിനെ തിരഞ്ഞെടുക്കുന്നതും എന്തിനാണ്? നിയമമന്ത്രി പറയുന്നത് കേള്‍ക്കാത്ത പോലീസ് കോണ്‍സ്റ്റബിളിനെ വെച്ച് എത്ര കാലം ഒരു ജനാധിപത്യ സര്‍ക്കാറിന് അവിടെ മുന്നോട്ടുപോകാന്‍ കഴിയും? ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു കേന്ദ്രഭരണപ്രദേശമായി ഡല്‍ഹിയെ നിലനിര്‍ത്തുന്നതാണ് നല്ലത്.

vnr.kmb@gmail.com