Connect with us

Gulf

ഖത്തര്‍ കായിക രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു

Published

|

Last Updated

ദോഹ: രാജ്യത്ത് കായികമത്സരങ്ങള്‍ക്കും കളിക്കാര്‍ക്കും മറ്റും വ്യായാമത്തിനുമായി നിലവിലുള്ളതിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഖത്തര്‍ ഒളിമ്പിക്‌സ് കമ്മിറ്റി.കായിക വിനോദ ഇനങ്ങള്‍ക്കും വ്യായാമത്തിനും ഉതകുന്ന ആധുനിക സൗകര്യങ്ങളോടെ പതിനഞ്ചോളം പുതിയ കളിസ്ഥലങ്ങളാണ് ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുക.നാഷണല്‍ വിഷന്‍ 2030 ന്റെ ഭാഗമായി ഖത്തറിലെ കായിക രംഗത്തെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്നും കമ്മിറ്റി വ്യക്തമാക്കി. 2022ലെ ഫിഫ ലോകകപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരവേയാണ് 15 ഓളം പുതിയ കളി മൈതാനങ്ങള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്തെ വിനോദ കായിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഖത്തര്‍ ഒളിമ്പിക് കമ്മറ്റി നടത്തുന്ന ശ്രമങ്ങള്‍ ഈ രംഗത്ത് പുതിയ ഉണര്‍വ് പകര്‍ന്നിട്ടുണ്ട് . പദ്ധതിയുടെ ഭാഗമായുള്ള അല്‍ ഫര്‍ജാന്‍ കളിസ്ഥലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. അല്‍ റയ്യാന്‍, ബനീഹാജര്‍, അല്‍ഖോര്‍, അബൂസുലിഫ്, അല്‍ഖിസ, സൈലിയ, അല്‍ഖുവൈരിയ തുടങ്ങിയ പതിനഞ്ചോളം പ്രദേശങ്ങളിലാണ് പുതിയ പദ്ധതിയുടെ ഭാഗമായി കളിസ്ഥലങ്ങള്‍ നിര്‍മിക്കുക. സ്‌പോര്‍ട്‌സ് ക്ലബ്, യൂത്ത് സെന്റര്‍, ഒളിമ്പിക് ഫെഡറേഷന്‍ ആസ്ഥാനം, അല്‍ഫര്‍ജാന്‍ തുടങ്ങി നിലവിലുള്ള സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഒളിമ്പിക് കമ്മറ്റി അറിയിച്ചു. വിവിധ പ്രായക്കാര്‍ക്ക് അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കായിക പരിശീലനം നടത്താന്‍ സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും നിലനിര്‍ത്താന്‍ രാജ്യത്തെ പൗരന്മാരെ സജ്ജമാക്കുക എന്ന ആശയം മുന്‍നിര്‍ത്തി കായിക രംഗത്ത് ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനോടകം വലിയ പ്രശംസകള്‍ നേടിയിട്ടുണ്ട്. ദേശീയ കായിക ദിനാഘോഷങ്ങള്‍ക്ക് ഇത്തവണ ലഭിച്ച വര്‍ധിച്ച ജനപങ്കാളിത്തവും ഖത്തര്‍ ലോക ഭൂപടത്തിലെ കായിക ആസ്ഥാനമായി മാറുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ്.

Latest