Connect with us

Thrissur

കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെ നവീകരിച്ച ചുറ്റുമതില്‍ നിര്‍മാണം അവസാന ഘട്ടത്തില്‍

Published

|

Last Updated

തൃശൂര്‍: കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ നവീകരിച്ച ചുറ്റുമതില്‍ നിര്‍മാണം അവസന ഘട്ടത്തില്‍. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എയുടെ എം എല്‍ എ ഫണ്ടുപയോഗിച്ചാണ് 45 ലക്ഷം രൂപ ചെലവില്‍ അലങ്കാരമതില്‍ പണിയുന്നത്.
ഗുണനിലവാരമുള്ള വെട്ടുകല്ലുകളില്‍ അലങ്കാരപ്പണികളോടെയാണ് മതില്‍ നിര്‍മാണം. തൂണുകളില്‍ അലങ്കാര ഇഷ്ടികകളും പതിച്ചിട്ടുണ്ട്. നിലവില്‍ കെ എസ് ആര്‍ ടി സി യുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ചുറ്റുമതില്‍ നിര്‍മാണം പുരോഗമിക്കുന്നത്. ഇതിനെതിരെ വിവാദങ്ങള്‍ ഉയരുന്നുണ്ട്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് നവീകരിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് കോര്‍പ്പറേഷന് രേഖാമൂലം അറിയിച്ചിട്ടും മതില്‍ നിര്‍മാണത്തിന് തീരുമാനമെടുത്തവര്‍ അക്കാര്യം പരിഗണിച്ചില്ല.
ഗുണമേന്‍മയേറിയ കല്ലിലും, അലങ്കാരപ്പണിയോടും കൂടിയ ചുറ്റുമതില്‍ സ്റ്റാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊളിച്ചു നീക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ 45 ലക്ഷം രൂപയുടെ ധൂര്‍ത്താണ് ചുറ്റുമതില്‍ നിര്‍മാണം. മതില്‍ പൊളിച്ചു കളയാനുള്ളതാണെന്നിരിക്കെ ഇത്രയേറെ പണം ചെലവാക്കി നിര്‍മാണം ആവശ്യമാണോ എന്ന സംശയം കെ എസ് ആര്‍ ടി സി അധികൃതര്‍ തന്നെ ചോദിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ബസ് സ്റ്റാന്റ് പൊതുസ്ഥലമായതിനാല്‍ കാഴ്ച മറക്കാത്ത തുറന്ന മതിലാണ് അഭികാമ്യമെന്നും, ഉയരം കുറഞ്ഞ അരമതില്‍ മതിയെന്നു അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും നിര്‍മിതി കേന്ദ്രത്തിലെ എന്‍ജിനീയര്‍മാര്‍ക്ക് യോജിപ്പുണ്ടായില്ല.
തിരുവനന്തപുരത്ത് പി പി പി മാതൃകയില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് നവീകരണം തീരുമാനിച്ചതോടൊപ്പം തൃശൂരിലും നവീകരണം ആലോചിച്ചതാണെങ്കിലും തൃശൂരിലെ ബസ് സ്റ്റാന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ലഭ്യമാക്കാതിരുന്നതിനെ ത്തുടര്‍ന്നാണ് പദ്ധതി നീണ്ടുപോയത്. പ്രശ്‌നം പിന്നീട് സര്‍ക്കാര്‍തലത്തില്‍തന്നെ പരിഹരിച്ചിരുന്നു. ഇത്രയേറെ പണം ചെലവാക്കി അലങ്കാരമതില്‍ കൂടി പണിതീര്‍ത്തതോടെ നവീകരണ പദ്ധതിയും അനിശ്ചിതത്വത്തിലായി.

---- facebook comment plugin here -----

Latest