Connect with us

International

ബഹ്‌റൈനില്‍ വിമത ആക്രമണം; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മനാമ: ബഹ്‌റൈനില്‍ പോലീസുകാര്‍ക്ക് നേരെ വിമത പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ മനാമക്ക് സമീപത്തെ നഗരങ്ങളിലാണ് ഏറ്റുമുട്ടലും ആക്രമണവും നടന്നത്. പോലീസുകാര്‍ക്ക് നേരെ ബോംബാക്രമണവും മറ്റും നടത്തിയതായി ആഭ്യന്തര മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. 2011ല്‍ ശിയാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ മൂന്നാം വാര്‍ഷികം ആചരിക്കവെയാണ് ആക്രമണം നടന്നത്. മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് പ്രക്ഷോഭകര്‍ ബോംബാക്രമണം നടത്തുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ നില അതീവ ഗുരുതരമാണ്.
അതിനിടെ, നിയമം ലംഘിച്ച് അക്രമാസക്തമായ പ്രക്ഷോഭം നടത്തിയതിന് 26 വിമതരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിമത പ്രക്ഷോഭത്തിന്റെ വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി തലസ്ഥാനമായ മനാമയടക്കം ചിലയിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. പ്രകടനക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടുണ്ടെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു.
എന്നാല്‍, പ്രക്ഷോഭകര്‍ക്ക് നേരെ കനത്ത ആക്രമണമാണ് ബഹ്‌റൈന്‍ പോലീസ് നടത്തുന്നതെന്ന് മനുഷ്യാവക സംഘടനകള്‍ അറിയിച്ചു. വിമത പ്രക്ഷോഭം ശക്തമാകുന്നതിനിടെ ബഹ്‌റൈന്‍ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുമായി അടിയന്തര ചര്‍ച്ച നടത്തി. തുടരെ തുടരെ മൂന്ന് പ്രാവിശ്യം ചര്‍ച്ച നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്.

Latest