Connect with us

Gulf

അര്‍ബുദ ബോധവത്കരണം: ഏറ്റവും വലിയ റിബണ്‍ ദുബൈ വിമാനത്താവളത്തില്‍

Published

|

Last Updated

ദുബൈ: രാജ്യാന്തരതലത്തില്‍ അര്‍ബുദത്തിനെതിരെ നടക്കുന്ന ബോധവത്ക്കരണത്തില്‍ പങ്കാളികളാവുന്നതിന്റെ ഭാഗമായി ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും വലിയ അര്‍ബുദ ബോധവത്ക്കരണ റിബണ്‍ സ്ഥാപിച്ചു. ദുബൈ വിമാനത്താവളത്തിന്റെ ട്രാഫിക് കണ്‍ട്രോള്‍ ടവറിലാണ് നേരത്തെ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന റിബണ്‍ സ്ഥാപിച്ചിരിക്കുന്നത്.
എല്ലാ തരം അര്‍ബുദങ്ങളെയും പ്രതിനിധീകരിക്കുന്നതിനായി 24 നിറങ്ങള്‍ ഉള്‍പ്പെടുത്തിയ കൂറ്റന്‍ റിബണാണ് സ്ഥാപിച്ചിരിക്കുന്നത്. 128 അടി നീളത്തിലും 60 അടി വീതിയിലുമാണ് റിബണ്‍ നിര്‍മിച്ചിരിക്കുന്നത്. ടവറിന്റെ പൂര്‍ണ ഉയരത്തിന് സമാനമായാണ് റിബണും സ്ഥാപിച്ചിരിക്കുന്നത്.
ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് റിബണ്‍ സ്ഥാപിച്ചത്. ബോധവത്ക്കരണത്തിന്റെ ഭാഗമായി വിമാനത്താവള ജീവനക്കാര്‍ക്ക് സൗജന്യമായി അര്‍ബുദ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെര്‍മിനല്‍ രണ്ടിലും മൂന്നിലുമായി സഊദി ജര്‍മന്‍ ഹോസ്പിറ്റലിന്റെയും ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ പരിശോധനക്ക് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ലോകത്തിലെ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ദുബൈ.

 

Latest