Connect with us

Wayanad

മണല്‍ മാഫിയക്ക് വഴങ്ങാത്ത പോലീസുകാരനെ സ്ഥലം മാറ്റി

Published

|

Last Updated

കോട്ടക്കല്‍: മണല്‍ മാഫിയക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കോട്ടക്കല്‍ സ്റ്റേഷനിലെ സി പി ഒയെയാണ് അരീക്കോട്ടേക്ക് മാറ്റിയത്.
സംസ്ഥാന ഭരണ കക്ഷിയുടെ പ്രാദേശിക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി എന്നാണറിയുന്നത്. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ അനധികൃത കടവുകളില്‍ നിന്നും മണല്‍ കടത്തുന്ന മാഫിയക്കും ഇടനിലക്കാര്‍ക്കും വഴങ്ങാത്തതാണ് കാരണം. കൈപ്പറ്റ, മൂലപ്പറമ്പ്, മറ്റത്തൂര്‍ എന്നിവയാണ് പഞ്ചായത്തിലെ അംഗീകൃത കടവുകള്‍. ഇവ കൂടാതെ മൂന്ന് കടവുകളും കൂടിയുണ്ട്. ഇവിടെ നിന്നും നിരന്തരം മണല്‍ കടത്തല്‍ വ്യാപകമാണ്. ജില്ലയില്‍ പുതിയ പോലീസ് മേധാവി ചുമതല ഏറ്റപ്പോള്‍ കടവുകള്‍ക്ക് എയിഡ് പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ഒതുക്കുങ്ങല്‍ കടവിലെ എയിഡ് പോസ്റ്റില്‍ രണ്ട് പേരെയാണ് നിര്‍ത്തിയിരുന്നത്. ഇതിലൊരാളെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയത്. മാഫിയക്കും ഇടനിലക്കാര്‍ക്കുമെതിരെ ഇദ്ദേഹം കടുത്ത നിലപാടെടുത്തിരുന്നു. മണല്‍ മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇയാള്‍ പ്രിയങ്കരന്‍ കൂടിയായിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ വലിയ കൈബലമാണ് പഞ്ചായത്തില്‍ മണല്‍ കടത്തുകാര്‍ക്ക്. നേരത്തെ വില്ലേജ് ഓഫീസറെ ഇവിടെ നിന്നും സ്ഥലം മാറ്റിച്ചിരുന്നു.
മൂന്ന് മാസം മുമ്പ് സ്ഥലം മാറ്റിയ വില്ലേജ് ഓഫീസര്‍ക്ക് ഇപ്പോഴും പകരക്കാരനെത്തിയിട്ടില്ല. പിടികൂടുന്ന മണല്‍ വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് സഹായം നല്‍കാത്തതും അതൃപ്തിക്ക് കാരണമായി. അതെ സമയം മണല്‍ വാഹനങ്ങള്‍ പിടിപ്പിക്കുകയും പിന്നീട് ഈ വാഹനങ്ങള്‍ ഇവര്‍ തന്നെ ഇടപെട്ട് സ്റ്റേഷനില്‍ നിന്നും ഇറക്കുകയും ചെയ്യുന്ന സംഘവും പോലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങള്‍ പിടിപ്പിക്കുകയും ഇത് വാര്‍ത്തയാക്കുകയും ചെയ്ത ശേഷം വാഹന ഉടമകളില്‍ നിന്നും പണം വാങ്ങി സ്റ്റേഷനില്‍ നിന്നും വാഹനം മോചിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ തൊഴില്‍. ഇവര്‍ക്കെതിരെയും ഇയാള്‍ രംഗത്തുണ്ടായിരുന്നു. ഇവരുടെ പിണക്കവും സ്ഥലം മാറ്റത്തിന് പിന്നിലെ മറ്റൊരു കാരണമായും ചൂണ്ടിക്കാണിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest