Connect with us

National

കെജ്‌രിവാളിനെ തള്ളി വീരപ്പമൊയ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: റിലയന്‍സില്‍ നിന്ന് വാങ്ങുന്ന പ്രകൃതി വാതകത്തിന്റെ വില ഏപ്രില്‍ മുതല്‍ ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി തള്ളി. തനിക്കെതിരെ കേസെടുത്ത ഡല്‍ഹി സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും മൊയ്‌ലി അവകാശപ്പെട്ടു.
എന്‍ ടി പി സിക്ക് പത്ത് ലക്ഷം തെര്‍മല്‍ യൂനിറ്റിന് 2.3 ഡോളര്‍ ക്രമത്തില്‍ ഗ്യാസ് നല്‍കാനാണ് റിലയന്‍സ് സമ്മതിച്ചിരുന്നത്. എന്നാല്‍ മുരളി ദേവ്‌റ മന്ത്രിയായിരിക്കെ കിഴക്കന്‍ തീരത്തെ ഡി 6 ബ്ലോക്കില്‍ നിന്ന് 4.3 ഡോളറിനാണ് ഗ്യാസ് നല്‍കിയത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് യൂനിറ്റിന് നാല് ഡോളറിന് പകരം എട്ട് ഡോളറാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ എല്ലാ തലത്തിലും വിലക്കയറ്റം ഉണ്ടാകുമെന്നാണ് കേജ്‌രിവാളിന്റെ വാദം. വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മൊയ്‌ലിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ കേസെടുത്തത്.
വിദഗ്ധരുടെ നിര്‍ദേശം അനുസരിച്ചാണ് പെട്രോളിയം ഉത്്പന്നങ്ങളുടെ വില കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. പുതിയ തീരുമാനവും അത്തരത്തിലുള്ളതാണ്. ഡല്‍ഹിയില്‍ സി എന്‍ ജിയുടെ വില കുറക്കാന്‍ നടപടി സ്വീകരിച്ചത് താനാണെന്നും മൊയ്‌ലി അവകാശപ്പെട്ടു. തനിക്കെതിരെ കേസെടുത്തത് ഭരണഘടനാവിരുദ്ധമാണ്.
ഈ കാര്യത്തില്‍ കേജ്‌രിവാളിനോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ. ഒരു സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കണം മൊയ്‌ലി പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ ചെയ്യുന്നത് ഭരണഘടനാ പരമല്ലെന്നും തങ്ങളുടെ മേല്‍ഘടകമല്ലെന്നും മൊയ്‌ലി പറഞ്ഞു.