Connect with us

Ongoing News

നെയ്മര്‍ പരിശീലനം തുടങ്ങി; ഇന്ന് കളിച്ചേക്കും

Published

|

Last Updated

ബാഴ്‌സലോണ: ബ്രസീല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം. നെയ്മര്‍ തിരിച്ചുവരുന്നു. ഇന്ന് ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗയില്‍ റയോ വാള്‍കാനോയെ നേരിടുമ്പോള്‍ നെയ്മര്‍ കളത്തിലുണ്ടാകും. ജനുവരി പതിനാറിന് കിംഗ്‌സ് കപ്പ് മത്സരത്തിനിടെ കണങ്കാലിന് പരുക്കേറ്റ നെയ്മറിന് വിശ്രമം അനിവാര്യമായിരുന്നു. ലോകകപ്പ് നഷ്ടമായേക്കുമെന്ന അഭ്യൂഹം വരെയുണ്ടായി. എന്നാല്‍, പരിശീലന സെഷനില്‍ പന്ത് തട്ടിയ നെയ്മര്‍ തന്റെ മാന്ത്രിക നീക്കങ്ങള്‍ പുറത്തെടുത്തു.
എട്ട് മത്സരങ്ങള്‍ നഷ്ടമായതിന്റെ നിരാശയിലാണ് നെയ്മര്‍. ബാഴ്‌സലോണയാകട്ടെ മെസി ഗോളടിച്ചു കൂട്ടി തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ നെയ്മര്‍ കൂടിയെത്തുന്നതിന്റെ ആഹ്ലാദത്തിലും. അയാളുടെ പരുക്കെല്ലാം മാറി, പരിശീലനത്തില്‍ യാതൊരു വിഷമവുമുണ്ടായില്ല. നെയ്മര്‍ വരുമ്പോള്‍ മിഡ്ഫീല്‍ഡര്‍ ഷാവി ഹെര്‍നാണ്ടസ് പരുക്കേറ്റ് പുറത്തായത് ബാഴ്‌സ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോക്ക് തെല്ലൊരു നിരാശ നല്‍കുന്നു. ഷാവിയുടെ ഒഴിവിലേക്കാണ് നെയ്മര്‍ വരുന്നത്. റയല്‍ സോസിഡാനെതിരെ കിംഗ്‌സ് കപ്പ് സെമിയിലാണ് ഷാവിക്ക് പരുക്കേറ്റത്. എന്നാല്‍, അതത്ര സാരമുള്ള പരുക്കല്ല. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ഷാവിക്ക് കളിക്കാനാകുമെന്ന് മാര്‍ട്ടിനോ പ്രതീക്ഷ പുലര്‍ത്തുന്നു.
നിലവില്‍ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ, റയല്‍, അത്‌ലറ്റികോ മാഡ്രിഡ് ടീമുകള്‍ തുല്യ പോയിന്റോടെ മുന്‍നിരയില്‍ നില്‍ക്കുകയാണ്. ഇനിയുള്ള ഓരോ മത്സരവും ബാഴ്‌സക്ക് നിര്‍ണായകമാണ്. ബാഴ്‌സലോണക്ക് വേണ്ടി 24 മത്സരങ്ങളില്‍ പത്ത് ഗോളുകള്‍ നേടിയ നെയ്മറില്‍ നിന്ന് കൂടുതല്‍ ഗോളുകള്‍ പ്രതീക്ഷിക്കുന്നുണ്ട് ക്ലബ്ബ് അനുകൂലികള്‍. ലോകകപ്പിന് മുന്നോടിയായി തികഞ്ഞ ഫോമിലേക്കുയരാന്‍ നെയ്മറിനും പദ്ധതിയുണ്ട്.