തെറിപ്രഭാഷണങ്ങളും സമ്മേളനങ്ങളും അവസാനിപ്പിക്കണം: സമസ്ത മുശാവറ

Posted on: February 13, 2014 10:59 pm | Last updated: February 13, 2014 at 10:59 pm

കാസര്‍കോട്: പണ്ഡിതരെയും നേതാക്കളെയും തെറിവിളിക്കുകയും ആക്ഷേപിക്കുകയും നുണപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രഭാഷണവേദികളും പൊതുസമ്മേളനങ്ങളും നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കാസര്‍കോട് സുന്നി സെന്ററില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ യോഗം ആവശ്യപ്പെട്ടു.
സമസ്തക്ക് ആറു പതിറ്റാണ്ട് നേതൃത്വം നല്‍കി വിടചൊല്ലിയ താജുല്‍ ഉലമയെയും സമസ്തയുടെ ഉത്ഭവനേതാക്കളില്‍ നിന്ന് പതാകയേറ്റുവാങ്ങി ഇന്നും നയിച്ചുകൊണ്ടിരിക്കുന്ന നൂറുല്‍ ഉലമ എം എ ഉസ്താദിനെയും മറ്റു പണ്ഡിതരെയും ആക്ഷേപിക്കുകയും കണ്ണിയത്ത് ഉസ്താദിന്റെയും ശംസുല്‍ ഉലമയുടെയും പേരില്‍ നുണപ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നവര്‍ക്ക് പൈതൃകം പറഞ്ഞ് സമ്മേളനം നടത്താന്‍ അര്‍ഹതയില്ല. ഇത്തരം തെറ്റായ പ്രവണതകള്‍ അവസാനിപ്പിച്ച് സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ ആഹ്വാനം ചെയ്ത ആദര്‍ശ ഐക്യത്തിലേക്ക് വരാന്‍ എല്ലാവരും തയ്യാറാകണം.
താലൂക്ക് പ്രസിഡന്റ് എന്‍ എം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ മജീദ് ഫൈസി ചെര്‍ക്കള, യൂസുഫ് സഖാഫി ആദൂര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചേരങ്കൈ, ബി മൊയ്തു സഅദി ചേരൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ബശീര്‍ സഖാഫി കൊല്യം, മുഹമ്മദലി അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി സംബന്ധിച്ചു. അബ്ദുറഹ്മാന്‍ അഹ്‌സനി സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.