Connect with us

Gulf

മൂന്നു ദിവസത്തിനിടയില്‍ വ്യത്യസ്ത അപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു

Published

|

Last Updated

ദുബൈ: വ്യത്യസ്ഥ അപകടങ്ങളിലായി മൂന്നു ദിവസത്തിനിടയില്‍ മൂന്നു പേര്‍ മരിച്ചതായി ദുബൈ പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ നഗരത്തില്‍ നടന്ന അപകടങ്ങളിലാണ് മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമായതും 10 പേര്‍ക്ക് പരുക്കേറ്റതുമെന്ന് ദുബൈ പോലീസിന്റെ ഗതാഗത ജനറല്‍ വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് അല്‍ മസ്‌റൂയി വ്യക്തമാക്കി.
ഹസ്സ റോഡില്‍ കാര്‍ കയറി ശാരീരികമായി വെല്ലുവിളി നേരിടുന്ന ഒരാള്‍ മരിച്ചു. പോലീസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ മുല്ല പ്ലാസ ജംങ്ഷനില്‍ നടന്ന രണ്ടാമത്തെ അപകടത്തില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് സാരമായി പരുക്കേറ്റു.
വെള്ളിയാഴ്ച രാവിലെയായിരുന്നു ഈ അപകടം. ദുബൈ പോലീസ് അക്കാഡമി പാലത്തില്‍ നിന്നും കാര്‍ തെന്നി വീണ് രണ്ടു പേര്‍ക്ക് പരുക്കേറ്റു. അല്‍ ഐനിലേക്കുള്ള വഴിയില്‍ മുര്‍ഖാം മേഖലയില്‍ വാഹനം കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റു.
അല്‍ ഖലീജ് റോഡില്‍ അബുഹെയിലിന് സമീപം 10 വയസുകാരിയെ കാറിടിച്ചു. വാഹനം ഓടിച്ച ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മറ്റൊരു അപകടത്തില്‍ എസ് യു വി കാര്‍ ഇടിച്ച് യമന്‍ പൗരന്‍ മരിക്കുകയും കൂട്ടുകാരന് പരുക്കേല്‍ക്കുകയും ചെയ്തു. ചെറുപ്പക്കാരന്‍ ഓടിച്ച കാറാണ് യമനി പൗരന്റെ കാറില്‍ ഇടിച്ചത്. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ് അപകടത്തിനും മരണത്തിനും ഇടയാക്കിയത്. ദുബൈഅല്‍ ഐന്‍ റോഡില്‍ പെട്ടെന്ന് തിരിച്ചതിനെ തുടര്‍ന്ന് കാര്‍ പല തവണ തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം 2,944 അപകടങ്ങളായിരുന്നു എമിറേറ്റില്‍ സംഭവിച്ചത്. ഇതില്‍ 160 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,801 പേര്‍ക്ക് പരുക്കേറ്റു. 197 പേരുടെ പരുക്ക് ഗുരുതരമായിരുന്നു. 5,387 വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അശ്രദ്ധമായും അപകടം വരുത്തുന്ന രീതിയിലും വാഹനം ഓടിക്കുന്നതിനെതിരെ പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest