Connect with us

Palakkad

വിദേശ ബാങ്കുകളിലെ ഇന്ത്യന്‍ പണം തിരിച്ചെത്തിച്ച് ദാരിദ്ര്യം തീര്‍ക്കണമെന്ന്‌

Published

|

Last Updated

പാലക്കാട്: വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച രാജ്യത്തിന്റെ കോടിക്കണക്കിന് രൂപ തിരികെ കൊണ്ടുവന്ന് ജനങ്ങളുടെ ദാരിദ്ര്യമില്ലാതാക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ് പറഞ്ഞു. ധര്‍മസൂയ മഹായാഗവേദിയില്‍ വിശ്വസാഹോദര്യം എന്ന വിഷയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം കോടി രൂപ അഴിമതി പണമായി വിദേശബാങ്കുകളില്‍ ഉണ്ട്. അത്രയും പണമുണ്ടെങ്കില്‍ രാജ്യത്തെ ഓരോ ഗ്രാമത്തിന്റെയും വികസനത്തിനായി നൂറ് മുതല്‍ ഇരുനൂറ് കോടി രൂപ വരെ ലഭിക്കും. വിദേശ പുരസ്‌കാരവും സംഭാവനയും വാങ്ങി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ദേശവിരുദ്ധരുടെ ശ്രമം. അമേരിക്കയുടെയും ചൈനയുടെയും വളര്‍ച്ച ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇവരെ ശക്തമായി നേരിടണം. ഇന്ത്യയെ അഴിമതി വിമുക്തമാക്കണം. വിദേശ വസ്ത്രങ്ങളും വസ്ത്ര രീതികളും ഉപേക്ഷിക്കണം.
വേദജ്ഞാനങ്ങളെ ജനകീയമാക്കി ഓരോരുത്തരെയും ബോധവാന്മാരാക്കണം. എവിടെ ധര്‍മമുണ്ടോ അവിടെ വിജയമുണ്ട്. കേരളത്തില്‍ പല ഇടത്തും ഞാന്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്രയും ധര്‍മനിഷ്ഠരായ സദസ്സിനെ ആദ്യമായാണ് കാണുന്നത്. യോഗശാസ്ത്രത്തിന്റെ ആചരണത്തിലൂടെ രോഗങ്ങളെ മറികടക്കാമെന്ന് ബാബ രാംദേവ് അഭിപ്രായപ്പെട്ടു. സന്യാസം, ധര്‍മം എന്നിവയെല്ലാം ആചരണത്തിലൂടെയാണ് നിര്‍വ്വഹിക്കേണ്ടത്. പ്രഭാതത്തിലുണരാതിരിക്കുന്നത് പോലും അധര്‍മമാണ്. യോഗയിലൂടെ പൂര്‍ണ്ണത കൈവരിക്കാനാവും. യോഗ ചെയ്താല്‍ സമാധാനവും സൗദ്ധര്യവും ഉണ്ടാവുമെന്നും ബാബ രാംദേവ് അഭിപ്രായപ്പെട്ടു. വിവിധ യോഗാസനങ്ങളും സൂര്യനമസ്‌കാരവും അവതരിപ്പിച്ച രാംദേവ് അവയുടെ ഗുണഫലങ്ങളെ കുറിച്ചും വിശദീകരിച്ചു. ധര്‍മപ്രവാചകന്‍ ശ്രീ തഥാതന്റെ സാന്നിദ്ധ്യത്തിലായിരുന്നു സമാപന ദിനത്തിലെ സാംസ്‌കാരിക സമ്മേളനം.
ഡോ. ജി.മാധവന്‍ നായര്‍ , കൊച്ചി ആശ്രമത്തിലെ ഗോരഖ് നാഥ് ജി യോഗസമിതി കേരള, തമിഴ് നാട് സെന്‍ട്രല്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി, ഡോ. പി.ആര്‍.കൃഷ്ണകുമാര്‍, മൈത്രി സത്യവ്രത എന്നിവര്‍ സംസാരിച്ചു.