Connect with us

Palakkad

മംഗലംഡാമിന്റെ കൈയേറ്റം: ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു

Published

|

Last Updated

വടക്കഞ്ചേരി: മംഗലംഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലെ വ്യാപക കയ്യേറ്റം മൂലം ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു. മരം മുറിച്ച് കടത്തിയും കാട് വെട്ടിത്തെളിച്ച് മണ്ണിളക്കിയുള്ള കൃഷി രീതിയുംമൂലം മണ്ണൊലിച്ച് വന്ന് അണക്കെട്ടില്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. റിസര്‍വോയറും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിക്കാന്‍ നടപടി ഇല്ലാത്തതിനാല്‍ കയ്യേറ്റം വ്യാപകമാകുകയാണ്.
48.85 സ്‌ക്വയര്‍ കിലോമീറ്ററാണ് ഡാമിന്റെ വൃഷ്ടിപ്രദേശം. നാനൂറ് ഹെക്ടറാണ് വാട്ടര്‍ സ്‌പ്രെഡ് ഏരിയ. പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 5063 ഹെക്ടറാണ് ഡാമിന്റെ ആയക്കെട്ട് പ്രദേശം. മംഗലംഡാം വനമേഖലയില്‍ വനംവകുപ്പിന് 579 ഹെക്ടര്‍ വനഭൂമി നഷ്ടപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അന്നത്തെ നെന്മാറ ഡി എഫ് ഒ പി ധനേഷ്‌കുമാര്‍ കലക്ടര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല ഡി എഫ് ഒ സ്ഥലം മാറി പോകുകയും ചെയ്തു. റവന്യു റീ സര്‍വേയില്‍ വ്യാപകമായി കൃത്രിമം കാണിച്ച് വന്‍കിടക്കാര്‍ ഭൂമികൈയേറ്റം നടത്തിയപ്പോള്‍ തലമുറകളായി ഇവിടെ കുടിയേറി കൃഷി ചെയ്ത് ജീവിക്കുന്ന സാധാരണ കര്‍ഷകന് പട്ടയം പോലും നിഷേധിക്കുകയാണ് അധികൃതര്‍. തണ്ടപ്പേര് റജിസ്റ്ററിലും വില്ലേജ് ഓഫിസിലെ അടിസ്ഥാന രേഖകളിലും തിരുത്തല്‍ വരുത്തി വനഭൂമി സ്വകാര്യ ഭൂമിയാക്കി ഭൂമാഫിയകള്‍ മാറ്റി.
2005-06 വര്‍ഷത്തില്‍ നടത്തിയ റീ സര്‍വേയില്‍ വന്‍ തോതില്‍ വനഭൂമി നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. എന്നാല്‍, തുടരന്വേഷണങ്ങള്‍ ഒന്നുമുണ്ടായില്ല. കേരള എന്‍ജിനീയറിംഗ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ 5.04 എം എം ക്യൂബ് മണ്ണും മണലും മറ്റ് വസ്തുക്കളും മംഗലംഡാമില്‍ അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന് കണ്ടെത്തി.
1957 ല്‍ ഡാം കമ്മിഷന്‍ ചെയ്തതിന് ശേഷം ഇതുവരെ സംഭരണശേഷിയില്‍ 20% കുറവാണ് ഉള്ളത്. 2007 ല്‍ തെന്മലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ കല്ലും മണ്ണും ഡാമില്‍ അടിഞ്ഞ് കൂടിയിട്ടുണ്ട്. 77.88 മീറ്റര്‍ ജലസംഭരണ ശേഷിയുള്ള ഡാം നിറഞ്ഞിട്ടും ഡാമിലെ വെള്ളമുപയോഗിച്ച് കൃഷി ചെയ്യുന്ന 3443 ഹെക്ടര്‍ സ്ഥലത്തെ കര്‍ഷകര്‍ക്ക് രണ്ടാം വിളക്ക് മുഴുവന്‍ സമയം വെള്ളമെത്തിക്കാനായില്ല. 18 കോടി രൂപയുടെ കുടിവെള്ള പദ്ധതി കൂടി നടപ്പിലാക്കണമെങ്കില്‍ മംഗലംഡാമിലെ മണ്ണ് നീക്കം ചെയ്ത് സംഭരണശേഷി കൂട്ടണമെന്നും റിസര്‍വോയര്‍ സംരക്ഷിക്കാന്‍ നടപടി ഉണ്ടാവണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest