കണ്ണൂര്‍ മാര്‍ക്‌സിസ്റ്റുകാരും നമോവിചാറിന്റെ വരവും

Posted on: February 13, 2014 6:00 am | Last updated: February 13, 2014 at 8:10 am

cpim and namo manchസി പി എമ്മിന്റെ മാത്രമല്ല ബി ജെ പിയുടെയും സാമാന്യം ഭേദപ്പെട്ട ഒരു ശക്തികേന്ദ്രമാണ് കണ്ണൂര്‍. ബി ജെ പിയിലെ ഒരു വിമത വിഭാഗം നമോ വിചാര്‍ മഞ്ചെന്ന പേരില്‍ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇങ്ങനെയൊരു പേരിട്ടത് നരേന്ദ്ര മോദിയോടുള്ള അവരുടെ അമിതഭക്തികൊണ്ടല്ല; കൂടുതല്‍ പാര്‍ട്ടി അണികളെ ഒപ്പം നിറുത്താന്‍ കഴിയുമോ എന്ന പരീക്ഷണം മാത്രമായിരുന്നു എന്ന് ഇവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ലാവ്‌ലിന്‍, ടി പി വധം, വി എസ് ആരാധന ഈ വക പുരാവൃത്തങ്ങള്‍ അഴിച്ചിട്ടും കൂട്ടിക്കെട്ടിയും ചാനലുകളിലെ അത്താഴ ചര്‍ച്ചകളില്‍ എരിവും പുളിയും കലര്‍ന്ന ഇഷ്ടവിഭവങ്ങളായി വെട്ടി വിഴുങ്ങിയിരുന്നവര്‍ക്ക് മറ്റൊരു വിഷയം കിട്ടിയിരിക്കുന്നു. നമോ വിചാര്‍മഞ്ചുകാര്‍ സി പി എമ്മിലേക്ക്, സി പി എമ്മുകാര്‍ മോദിക്ക് പിന്നാലെ. മറ്റൊരു വിഷയം കിട്ടുന്നതുവരെ ചാനല്‍ ചര്‍ച്ചകളിലെ ചര്‍വിതചര്‍വണക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കട്ടെ.
കണ്ണൂരെന്നാല്‍ ഭീകരന്മാരുടെ ഊരാണെന്നും കത്തിയും കൊടുവാളും കൈ ബോംബുമാണ് ഇവിടുത്തെ പ്രധാന കാര്‍ഷിക ഉത്പന്നങ്ങളെന്നും ഒക്കെയുള്ള ധാരണ തെക്കന്‍ ജില്ലകളില്‍ പ്രചാരത്തിലിരിക്കുന്ന ഒരു വന്‍ നുണയാണ്. പത്രങ്ങളും ചാനലുകളുമൊക്കെ അവരുടെ ആസ്ഥാനം ഉറപ്പിച്ചിരിക്കുന്നത് പ്രധാനമായും തൃശ്ശൂരിന് തെക്കോട്ടാണല്ലോ. കണ്ണൂരുകാരെക്കുറിച്ച് ഇത്തരം ഒത്തിരി കടമറ്റത്തച്ചന്‍ ശൈലിയിലുള്ള കഥകള്‍ പ്രചരിപ്പിക്കുന്നത് തെക്കന്‍ നിവാസികള്‍ക്ക് ഒരു ഹരം ആയിട്ടുണ്ട്.
വടക്കും തെക്കും
പിണറായിയിലെ പാറപ്പുറത്ത് വിതച്ച കമ്മ്യൂണിസത്തിന്റെ വിത്ത് തെക്കന്‍ ജില്ലകളില്‍ വേര് പിടിച്ചെങ്കിലും വടക്ക് സംഭവിച്ചതു പോലെ അനേകം മേനി വിളവെടുപ്പ് നടത്താനായില്ല. തെക്കന്‍ ജില്ലകളിലെ ജന്മിനാടുവാഴിത്തം അതിന്റെ പല്ലും നഖവും ഒന്നും അത്രക്കങ്ങോട്ട് പുറത്തു കാണിച്ചിരുന്നില്ല. മാത്രമല്ല ജാതീയമായ വേര്‍തിരിവുകളും ജാതി സംഘടനകളും ഒരു പരിധിവരെ ജന്മിത്വത്തിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശക്തവുമായിരുന്നു. ആന്തരികമായി എന്തെല്ലാം സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നാല്‍ തന്നെയും പുറമെ തങ്ങള്‍ സംതൃപ്തരാണെന്ന ഒരു ഭാവം കേരളത്തിലെ തെക്കന്‍ നിവാസികള്‍ക്ക് സഹജമായിരുന്നു. സ്വന്തം മതത്തിലും സ്വന്തം ദൈവങ്ങളിലുമുള്ള കറ തീര്‍ന്ന വിശ്വാസം, ആണ്ട് തോറും ആഘോഷമായി നടത്താറുള്ള ക്ഷേത്രോത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ക്രിസ്ത്യാനികളുടെ ആഴ്ചതോറുമുള്ള ഞായറാഴ്ച സമ്മേളനങ്ങളും അതിനെ മാതൃകയാക്കി നായന്മാര്‍ നടപ്പാക്കിയ കരയോഗ കൂട്ടങ്ങളും ശ്രീനാരായണീയരുടെ തത്തുല്യമായ ശാഖാ സമ്മേളനങ്ങളും ആകെക്കൂടി തെക്കന്‍ ജില്ലകളിലെ ജനജീവിതത്തിന് ഒരു അടുക്കും ചിട്ടയും ബാഹ്യമായ ചില താളമേളങ്ങളും നല്‍കിയിരുന്നു.
സവര്‍ണ ഹിന്ദുക്കള്‍ ആദ്യത്തില്‍ ഭയപ്പാടോടെ കണ്ടിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ തങ്ങള്‍ക്ക് ഒരു ഭീഷണിയല്ലെന്ന് തിരുവിതാംകൂറിലെയും കൊച്ചിയിലെയും ജന്മിമാരും നാടുവാഴികളും അതിവേഗം മനസ്സിലാക്കി. ഏത് വന്യമൃഗത്തെക്കാളും വേഗം മെരുങ്ങുന്നവരും ഇണങ്ങുന്നവരുമാണ് ഇക്കൂട്ടര്‍ എന്ന് സവര്‍ണ തമ്പുരാക്കന്മാര്‍ മനസ്സിലാക്കി. തെക്കന്‍ പ്രദേശങ്ങളില്‍ സാമ്പത്തിക സാംസ്‌കാരിക രംഗങ്ങളില്‍ മേധാവിത്വം പുലര്‍ത്തുന്ന ക്രിസ്ത്യാനികളെ ഒരുതരം നാട്ടുപ്രമാണിമാരായി അരിയിട്ടു വാഴ്ച നടത്താന്‍ പാശ്ചാത്യ ശക്തിതികളുടെ അധിനിവേശം സഹായിച്ചു. കൃഷിയോഗ്യമായ ഭൂമി ആവശ്യത്തിന് അധീനത്തിലാക്കാനും പരിഷ്‌കൃത വിദ്യാഭ്യാസം, ആധുനിക വ്യവസായ സംരംഭങ്ങള്‍, ഈ രംഗത്തെല്ലാം സ്വന്തം ആധിപത്യം ഉറപ്പിക്കാനും വിവിധ ക്രൈസ്തവ സമുദായങ്ങള്‍ക്ക് അനായാസം കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ്‌വിരുദ്ധ സമരത്തില്‍ ജാഥയും പൊതുയോഗങ്ങളും മാത്രമല്ല ലാത്തിച്ചാര്‍ജും വെടിവെപ്പും പോലും മതില്‍ക്കെട്ടുകള്‍ക്കുമുകളില്‍ ഇരുന്നും മട്ടുപ്പാവുകള്‍ക്ക് മുകളില്‍ നിന്നും കണ്ടു രസിച്ച പാരമ്പര്യമേ കേരളത്തിലെ നസ്രാണികള്‍ക്കുള്ളൂ. സമരം ജയിക്കുമെന്നോ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുമെന്നോ തദ്ദേശിയര്‍ക്ക് ഭരണാധികാരം കിട്ടുമെന്നോ ഉള്ള യാതൊരു സൂചനയും തങ്ങളുടെ വേദഗ്രന്ഥമോ വൈദിക പ്രസംഗങ്ങളോ അവര്‍ക്ക് നല്‍കിയിരുന്നില്ല. അത്തരക്കാര്‍ ആശ്ചര്യ ഭരിതരായി നോക്കിനില്‍ക്കെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അതുവരെ കോണ്‍ഗ്രസ് അല്ലാത്തവരെല്ലാം കോണ്‍ഗ്രസ് ആയി. ഗാന്ധിയെ അന്തിക്രിസ്തു എന്ന് ആക്ഷേപിച്ചവര്‍ തോമാ ശ്ലീഹാക്കും ഗീവര്‍ഗീസ് സഹദാക്കും ഒപ്പം അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു. പിന്നീടങ്ങോട്ട് അടിവെച്ച് അടിവെച്ച് കയറ്റമായിരുന്നു.
വിമോചന സമരവും സാമുദായിക ധ്രുവീകരണവും

1957ല്‍ ഇ എം എസിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് കമ്മ്യൂണിസമെന്ന ദുര്‍ഭൂതം തങ്ങളുടെ തലക്കു മുകളില്‍ ഇരുന്ന് പല്ലിൡു കാട്ടുന്നത് സമുദായ നേതാക്കന്മാര്‍ ശ്രദ്ധിക്കുന്നത്. അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും സ്വന്തം അവകാശമായി കരുതിയിരുന്നവര്‍ അങ്കലാപ്പിലായി. തങ്ങളെ ദൂരെ കാണുമ്പോഴേ തലേക്കെട്ട് എടുക്കുകയും മടക്കികുത്ത് അഴിച്ചിടുകയും ചുണ്ടിലെ ബീഡിക്കുറ്റി താഴെ ഇടുകയും ചെയ്തിരുന്നവര്‍ ഇതൊന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല ചിലരൊക്കെ ചിലരുടെ നേരെ കാര്‍ക്കിച്ച് തുപ്പുക കൂടി ചെയ്തപ്പോള്‍ ആണ് പലര്‍ക്കും കാര്യം മനസ്സിലായത്. മുഖ്യമന്ത്രി ഒരു നമ്പൂതിരിപ്പാടാണെങ്കിലും മന്ത്രിസഭയില്‍ പുലയന്‍ ചാത്തനും ചോകോത്തി ഗൗരിയും ഒക്കെയാണ് മന്ത്രിമാര്‍. ജാതീയമായ ഉച്ചനീചത്വങ്ങളൊക്കെ ഇനി അറബിക്കടലില്‍. പള്ളി വക സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം കൃത്യമായി ഒപ്പിടുന്നത്ര തുക തന്നെ നേരെ ചൊവ്വെ നല്‍കണം. ഇതൊക്കെ പറയുന്നതും നിയമനിര്‍മാണം നടത്തുന്നതും ശുദ്ധമാന കത്തോലിക്ക പള്ളിയുടെ തൊഴുത്തില്‍ നിന്നും കൂട്ടം തെറ്റി മേയുന്ന ജോസഫ് മുണ്ടശ്ശേരി എന്ന സത്യക്രിസ്ത്യാനി. കലികാലത്തിന്റെ തുടക്കം എന്ന് പള്ളീലച്ചന്മാരും കരയോഗ പിള്ളേച്ചന്മാരും ഒരേ സ്വരത്തില്‍ വിളിച്ചു കൂവി. ആ കൂവലാണ് കേന്ദ്ര ഭരണത്തിന്റെ ഒത്താശയോടെ നടന്ന കുപ്രസിദ്ധമായ വിമോചന സമരം. ആ സമരത്തിന്റെ തീച്ചൂളയില്‍ ചുട്ടു പഴുപ്പിച്ച് അടിച്ചു പരത്തിയെടുത്ത നേതൃത്വമാണ് പിന്നീടങ്ങോട്ട് കേരളത്തിന്റെ വലതുപക്ഷ രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിച്ചത്. അന്നു തുടങ്ങിയതാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വേട്ട. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ വേട്ടയാടല്‍ ഇന്നും തുടരുന്നു. കേരളത്തെ ഇന്നത്തെ കേരളമാക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്കിനെ തമസ്‌കരിക്കുന്ന ക്രൂരമായ വിമര്‍ശമാണ് പല കേന്ദ്രങ്ങളില്‍ നിന്നും ഇന്ന് പാര്‍ട്ടി നേരിട്ടു കൊണ്ടിരിക്കുന്നത്.
മുസ്‌ലിംകളും കമ്മ്യൂണിസ്റ്റുകാരും

കേരള രാഷ്ട്രീയം തുടര്‍ന്നങ്ങോട്ട് സാമുദായിക സങ്കുചിത്വത്തിന്റെ തുരുത്തുകളിലേക്ക് സങ്കോചിക്കുകയായിരുന്നു. മലബാറിലെ ഫ്യൂഡല്‍വിരുദ്ധ കലാപങ്ങള്‍ക്ക് തിരികൊളുത്തുകയും നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്ത മുസ്‌ലിം സമുദായത്തെ ഒപ്പം നിറുത്തുക തിരുവിതാംകൂര്‍ പ്രദേശത്തെ ക്രിസ്ത്യാനികള്‍ക്കും നായന്മാര്‍ക്കും ഭൂരിപക്ഷം ഉള്ള മേഖലകളില്‍ അവരനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും ആനുകൂല്യങ്ങള്‍ക്കുമുള്ള അവകാശമെങ്കിലും മലബാറിലെ മുസ്‌ലിംകള്‍ക്കും ലഭ്യമാക്കുക എന്ന പരസ്യമായ നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചതോടെ പാര്‍ട്ടിക്ക് കാര്യമായ ചില തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ഉണ്ടായെങ്കിലും മലബാര്‍ മേഖലയിലെ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് ഇടയില്‍ പോലും സാമുദായികമായ വേറിട്ട് ചിന്തിക്കല്‍ ഇതു നിമിത്തം പ്രബലമായി. മലബാറില്‍ നേരത്തെ തന്നെ രൂഢമൂലമായിരുന്ന ഹിന്ദു, മാപ്പിള വൈര്യം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇതിനെ പ്രതിരോധിക്കാനുള്ള കാര്യമായ നീക്കങ്ങളൊന്നും ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല.
ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ അടിയന്തിരാവസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു. അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ ചെറുത്തു നില്‍പ്പിലൂടെ ആര്‍ എസ് എസ് പോലുള്ള ഒരു അര്‍ധ ഫാസിസ്റ്റ് സംഘടനക്ക് സാര്‍വത്രികമായ മാന്യതയും അംഗീകാരവും ലഭിച്ചു തുടങ്ങി. തിരുവിതാംകൂറിലെന്നതുപോലെ മലബാറിലും ക്ഷേത്രകേന്ദ്രീകൃതമായ പ്രാദേശിക ഗ്രാമങ്ങള്‍ രൂപപ്പെട്ടു. ഇതിന് ബദലായിട്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ രൂപപ്പെടുത്തിയത്. ക്ഷേത്രങ്ങള്‍ക്ക് ബദലായി പാര്‍ട്ടി ഓഫീസുകളും ദേവപ്രതിമകള്‍ക്ക് ബദലായി നേതാക്കന്മാരുടെ പ്രതിമകളും രക്തസാക്ഷികുടീരങ്ങളും രൂപപ്പെടുത്തിക്കൊണ്ടുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലി മതേതരത്വ ആദര്‍ശങ്ങള്‍ക്ക് ശക്തി പകര്‍ന്നെങ്കിലും യാഥാസ്ഥിക സാമുദായിക ശക്തികളും പാര്‍ട്ടിയും തമ്മില്‍ ഇതു നിമിത്തം കാര്യമായ ഒരു വിടവുണ്ടായി. ആ വിടവിലേക്കാണ് ബി ജെ പിയും ആര്‍ എസ് എസും ഇറങ്ങിച്ചെന്നത്.
കായികമായല്ല; ബുദ്ധിപരമായി 

പരസ്പരം പോരടിക്കുക, താന്‍ ശരിയെന്ന് കരുതുന്ന കാര്യത്തിനുവേണ്ടി പ്രതിയോഗിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തുക ഇതൊക്കെ മനുഷ്യന്റെ സഹജവാസനയാണ്. ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ നാഗരികത നമ്മുടെ പൂര്‍വികന്മാരായ മൃഗങ്ങളുടെതില്‍ നിന്നും നമ്മുടെ ജീവിതത്തെ വേര്‍പെടുത്തുന്ന, നമ്മുടെ എല്ലാ നേട്ടങ്ങളുടെയും നിയന്ത്രണങ്ങളുടെയും ആകെത്തുകയാണ്. നാഗരികത ജീവിതത്തിന്റെ സൃഷ്ടിയാണ് ജനാധിപത്യവും അതിന്റെ ഉത്പന്നമായ നീതിന്യായ വ്യവസ്ഥയും. ഇത്തരം സംവിധാനങ്ങളുടെ കാലികമായ പോരായ്മകളെ അംഗീകരിച്ചുകൊണ്ടുതന്നെ അതുമായി പൊരുത്തപ്പെട്ടു പോകുകയല്ലാതെ പരിഷ്‌കൃത മനുഷ്യന്റെ മുന്നില്‍ മറ്റ് പോംവഴികള്‍ ഒന്നുമില്ല. ഈ പൊരുത്തപ്പെടലിന് മനുഷ്യരെ സജ്ജമാക്കുക എന്നതായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ട ദൗത്യം. ജയകൃഷ്ണമാസ്റ്ററുടെ വധം, ടി പി വധം, ഇരുഭാഗത്തും കൊല്ലപ്പെട്ടവരുടെ എണ്ണം പറഞ്ഞുകൊണ്ടുള്ള അവകാശവാദങ്ങള്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഈ കൊലപാതക പരമ്പരകള്‍ക്ക് അവസാനം ഇല്ലാതെ വരുമോ എന്ന ആശങ്കയാണ് നമ്മെ അലട്ടുന്നത്. ഈ പശ്ചാത്തലത്തില്‍ ശത്രുപക്ഷത്തു നിന്ന ഒരു വലിയ പറ്റം ബി ജെ പി പ്രവര്‍ത്തകരും ഐക്യപ്പെടുന്നു എന്നത് നമുക്ക് പ്രത്യാശയുളവാക്കുന്ന ഒരു വാര്‍ത്തയാണ്.
കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ‘മതവത്കരണം’ കാര്യമായി നടക്കാത്ത പ്രദേശങ്ങളാണ് വടക്കേ മലബാറിലെ പാനൂര്‍, നാദാപുരം, വടകര പ്രദേശങ്ങള്‍. അങ്കച്ചേകവന്മാരുടെയും കൂലിത്തല്ലുകാരുടെയും നാട് എന്ന ദുഷ്‌കീര്‍ത്തി ആ പ്രദേശങ്ങള്‍ക്ക് പണ്ടേ തന്നെ ഉണ്ട്. വടക്കന്‍ പാട്ടിലെ വീരനായകന്മാരായി പ്രകീര്‍ത്തിക്കപ്പെടുന്ന ആരോമല്‍ ചേകവരും അരങ്ങോടരും തച്ചോളി ഒതേനനും തച്ചോളി ചന്തുവും ഒക്കെ അങ്കക്കലിയുടെ പ്രതീകങ്ങളെന്ന നിലയിലാണ് ഇവിടുത്തെ മനുഷ്യരുടെ മനസ്സുകളില്‍ ഇടം പിടിച്ചിരിക്കുന്നത്. കളരിഗുരുക്കന്മാരും വാള്‍പയറ്റു വീരന്മാരും ഇന്നും ഈ പ്രദേശങ്ങളിലെ ആരാധ്യപുരുഷന്മാരാണ്. ക്ഷേത്രങ്ങളിലെ ദേവപ്രതിഷ്ഠക്ക് മുമ്പില്‍ വെച്ചുപോലും നാട്ടുകാര്‍ പ്രാദേശികമായി ചേരി തിരിഞ്ഞ് അടി മത്സരം നടത്തി മികവ് പ്രകടിപ്പിക്കുന്ന ഉത്സവങ്ങള്‍ പോലും ഈ നാട്ടിലുണ്ട്. മനുഷ്യര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനും സ്വയം പ്രതിരോധിക്കാനും കായികശേഷിയല്ലാതെ മറ്റൊന്നും സ്വന്തമായി ഇല്ലാതെയിരുന്ന ഏതോ ഒരു അഭിശപ്ത കാലത്തിന്റെ അവശിഷ്ടമാണിത്തരം അടിയുത്സവങ്ങള്‍.
നമ്മുടെതെന്നും അവരുടെതെന്നും ഉള്ള കാഴ്ചപ്പാടോടെ ഭൂപ്രദേശങ്ങളെ പങ്കിട്ട് എടുത്തപ്പോള്‍ നമ്മളും അവരും എന്ന വേര്‍തിരിവ് രൂക്ഷമായി. രാഷ്ട്രീയമോ മതപരമോ ആയ അഭിപ്രായവ്യത്യാസങ്ങളെ നിലനിര്‍ത്തിക്കൊണ്ടു തന്നെ നമുക്കും അവര്‍ക്കും ഒരുമിച്ച് ജീവിക്കുക സാധ്യമാണെന്ന തിരിച്ചറിവ് സ്വായത്തമാക്കിയതോടെയാണ് ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും മെയ്ക്കരുത്തിന്റെ ധിക്കാരപരമായ സമീപനങ്ങള്‍ പര്യവസാനിച്ചത്. ഈ ഒരു സമീപനം സാവകാശമെങ്കിലും കണ്ണൂരിന്റെ ഉള്‍നാടുകളിലും പ്രബലപ്പെടുന്നു എന്നതിന്റെ സൂചനയായി ഇപ്പോഴത്തെ രാഷ്ട്രീയ കരുനീക്കങ്ങളെ കാണാം.“
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം” എന്ന നിലയില്‍ പഴയ രക്തസാക്ഷികളുടെ കുഴിമാടങ്ങള്‍ മാന്തുന്നതും ഒ കെ വാസുവിന്റെയും കൂട്ടരുടെയും പൂര്‍വചരിത്രം ചികയുന്നതും മറ്റ് എന്തുതന്നെയായാലും ഇടതുപക്ഷക്കൂറ് പ്രഖ്യാപിക്കലല്ല. രക്തസാക്ഷിത്വത്തിന്റെ കാലം കഴിഞ്ഞുപോയി. ഒരു രക്തസാക്ഷിയും ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടില്ല. ചരിത്രം ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരിച്ചവരെയും നിരന്തരമായി വിചാരണ ചെയ്യും. രക്തസാക്ഷികള്‍ ഉള്‍പ്പെടെ ആര്‍ക്കും അവരുടെ കാലത്തിന്റെ പരിമിതികളെ മറികടക്കാന്‍ ആകില്ല. ഇതറിയാവുന്നതുകൊണ്ടാണ് കൊലയാളികളുടെ തെറ്റിന് മാപ്പ് കൊടുക്കണമെന്ന് യേശു ദൈവത്തോട് പ്രാര്‍ഥിച്ചത്. അത്ര ഒന്നും പോയില്ലെങ്കിലും“ഓരോ തുള്ളി ചോരക്കും പകരം ഞങ്ങള്‍ ചോദിക്കും എന്നതു പോലുള്ള മൗഢ്യമായ മുദ്രാവാക്യങ്ങളില്‍ നിന്ന് പിന്തിരിയുകയെങ്കിലും ചെയ്യാന്‍ പുതിയ സാഹചര്യങ്ങള്‍ സി പി എമ്മിനും ബി ജെ പിക്കും മാത്രമല്ല കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ളു മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വഴിയൊരുക്കുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കാം.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ