Connect with us

Gulf

ജുമൈറയില്‍ സ്മാര്‍ട്ട് മസ്ജിദ് തുറന്നു

Published

|

Last Updated

ദുബൈ: എല്ലാ രംഗത്തും രാജ്യത്തെ സ്മാര്‍ട്ടാക്കി മാറ്റാന്‍ അഹോരാത്രം പാടുപെടുന്ന യു എ ഇ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തില്‍ സ്മാര്‍ട്ട് മസ്ജിദുകളും.
ക്യുക് റെസ്‌പോണ്‍സ് കോഡ് ടെക്‌നോളജി ഉപയോഗിച്ചാണ് മസ്ജിദിനെ അധികൃതര്‍ സ്മാര്‍ട്ടാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണില്‍ മസ്ജിദിന്റെ സൈറ്റില്‍ തിരഞ്ഞാല്‍ മസ്ജിദിന്റെ ചരിത്രം, വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി, മേഖല, പ്രാര്‍ഥനാ സമയം, മസ്ജിദ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രഭാഷണങ്ങള്‍, ക്ലാസുകള്‍ തുടങ്ങി ജുമുഅയുടെ വിവരം ഉള്‍പ്പെടെയുള്ളവ അറിയാന്‍ സാധിക്കും. രാജ്യത്തെ ആദ്യ സ്മാര്‍ട്ട് മസ്ജിദ് കഴിഞ്ഞ ഞായറാഴ്ച അധികൃതര്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റി ആക്റ്റിവിറ്റീസ് വകുപ്പാണ് മസ്ജിദ് സജ്ജമാക്കിയത്.
ജുമൈറ മൂന്നിലുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മസ്ജിദിലാണ് സ്മാര്‍ട്ട് മസ്ജിദ് ഉദ്ഘാടനം നടന്നത്. ആദ്യഘട്ടത്തില്‍ ഒമ്പത് മസ്ജിദുകളാണ് സ്മാര്‍ട്ട് ആക്കിയത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ സര്‍ക്കാരിനെ സ്മാര്‍ട്ട് ആക്കാനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആഹ്വാനമാണ് ഇതിന് പ്രചോദനം.