Connect with us

Malappuram

അവശതകള്‍ മറന്ന് ഇര്‍ഫാന വീണ്ടും സ്‌കൂളിലേക്ക്‌

Published

|

Last Updated

കാളികാവ്: ശാരീരിക അവശതകള്‍ക്കിടയില്‍ സ്‌കൂള്‍ പഠനം വീടിനകത്ത് ഒതുങ്ങിയ അടക്കാകുണ്ടിലെ പറമ്പഞ്ചേരി അബ്ബാസിന്റെ മകള്‍ ഇര്‍ഫാന വീണ്ടും കൂട്ടുകാര്‍ക്കിടയിലേക്ക്. ശാരീരിക വൈകല്ല്യവും രോഗവും കാരണം ക്ലാസില്‍ ഇരുന്നുള്ള പഠനത്തിന്് സാധ്യമായിരുന്നില്ല ഇര്‍ഫാനക്ക്. സ്‌കൂള്‍ രജിസ്റ്ററില്‍ പേരുണ്ടായിരുന്നെങ്കിലും ഒരിക്കല്‍പോലും ക്ലാസില്‍ പോയിരുന്നില്ല ഇര്‍ഫാന.
ഇന്നലെ പുത്തന്‍ സ്വപ്‌നങ്ങളുമായി ഇതുവരെ കാണാത്ത തന്റെ സ്‌കൂളായ അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറ് ജി ക്ലാസിലെത്തിയപ്പോള്‍ ഇര്‍ഫാനക്കും സഹപാഠികള്‍ക്കും ഒരു പോലെ ആഹ്ലാദം.
പ്രധാനധ്യാപകന്‍ ജോഷിപോളും ക്ലാസ് അധ്യാപകന്‍ ഹരീഷും ചേര്‍ന്ന് ഇര്‍ഫാനയെ സ്വീകരിച്ചു. ഐ ഇ ഡി അധ്യാപിക സുനിയ ഇര്‍ഫാനയെ സഹായിക്കാനായുണ്ട്. ജന്‍മനാ കാല്‍പാദത്തിന് വളവുള്ളതിനാല്‍ നടക്കാന്‍ പ്രയാസമുള്ള ഇര്‍ഫാനക്ക് പാറശ്ശേരി ജി എല്‍ പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതുക് ഭാഗത്ത്ഒരു മുഴ പ്രത്യക്ഷപ്പെട്ടു. മുഴ നീക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഓപ്പറേഷനും നടത്തി. എന്നാല്‍ ഓപറേഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയതോടെ ഇര്‍ഫാനക്ക് അറിയാതെ മൂത്രം പോവുന്ന അസുഖം തുടങ്ങുകയായിരുന്നു. ഇതോടെ സ്്കൂള്‍ പഠനവും മുടങ്ങി. പിന്നീട് ഉമ്മ സക്കീനയുടെ താങ്ങില്‍ വീട്ടില്‍ ഒതുങ്ങുകയായിരുന്നു. ഇതിനിടയില്‍ സ്വയം എഴുത്തും വായനയും പഠിക്കാനും തയ്യല്‍ അഭ്യസിക്കാനും ശ്രമിച്ചു. തുണിയില്‍ ചിത്ര തുന്നലും പഠിച്ചെടുത്തു ഈ മിടുക്കി.
അടുത്തിടെ അടക്കാകുണ്ട് ക്രസന്റ് സ്‌കൂളില്‍ നിയമിക്കപ്പെട്ട ഐ ഇ ഡി അധ്യാപിക സുനിയ, ഇര്‍ഫാനയെ കുറിച്ചറിയുകയും അധ്യാപകനായ സി അശ്‌റഫ് ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് ഇര്‍ഫാനയെ സ്‌ക്കൂളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. ശാരീരിക പ്രയാസങ്ങളുള്ളതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഇര്‍ഫാന പി ടി എ ഒരുക്കിക്കൊടുത്ത ഓട്ടോയില്‍ സ്‌കൂളിലെത്തുക. സ്‌കൂളില്‍ പ്രത്യേക മുറിയിലിരുന്നാണ് ഇര്‍ഫാനയെ പഠിപ്പിക്കുന്നത്.