പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് വാഹനം ഇടിച്ചുകയറി

Posted on: February 8, 2014 8:33 am | Last updated: February 8, 2014 at 8:33 am

പേരാമ്പ്ര: പോലീസ് സ്റ്റേഷനിലേക്ക് വാഹനം ഇടിച്ചുകയറി. എസ് ഐ ഉപയോഗിക്കുന്ന മുറിയുടെ ജനലിന് കീഴ്ഭാഗത്തെ ചുമര്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന ഗുരുവായൂര്‍ ചൂലേപ്പാടി മുകുന്ദ(42)നെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.
ഇന്നലെ വൈകീട്ട് 3.45 നാണ് ന്യൂ കോര്‍ട്ട് റോഡിലൂടെ വന്ന കാര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് ഓടിച്ചുകയറിയത്. സംഭവസമയത്ത് സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പോലീസും ഏതാനും പരാതിക്കാരും സ്റ്റേഷന്‍ വരാന്തയില്‍ ഉണ്ടായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി അപകടം വരുത്തിയ കാര്‍ വളയുകയും ഓടിച്ചിരുന്നയാളെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍, ഒന്നും കൃത്യമായി ഓര്‍മ്മയില്ലാത്ത രീതിയിലാണ് ഡ്രൈവറുടെ പ്രതികരണം. ഗുരുവായൂരില്‍ ടാക്‌സി സര്‍വീസ് നടത്തുന്ന വാഹനമാണെന്നും ക്ഷേത്ര ദര്‍ശനത്തിന് വന്ന രണ്ട് പേരെ പയ്യോളിയില്‍ ഇറക്കി തിരിച്ചുവരികയായിരുന്നുവെന്നുമാണ് ഇയാള്‍ പറയുന്നത്.
പയ്യോളി നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിന് പകരം പേരാമ്പ്രയിലേക്ക് എന്തിന് വന്നു എന്ന ചോദ്യത്തിന് ഇയാള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്തത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ഗുരൂവായൂര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടാല്‍ മാത്രമേ കൃത്യമായവിവരം ലഭിക്കുകയുള്ളൂയെന്ന് പോലീസ് പറഞ്ഞു.