കലാപവിരുദ്ധ ബില്ലും മതേതര കക്ഷികളും

Posted on: February 8, 2014 6:00 am | Last updated: February 7, 2014 at 12:19 am

SIRAJ.......വര്‍ഗീയ സംഘര്‍ഷം തടയല്‍ ബില്‍- 2014 രാജ്യസഭയില്‍ അവതരിപ്പിക്കുന്നതില്‍ യു പി എ പരാജയപ്പെട്ടെങ്കിലും, സര്‍ക്കാര്‍ നടത്തിയ അവതരണ നീക്കം പല ‘മതേതര’ കക്ഷികളുടെയും കാപട്യം അനാവരണം ചെയ്യാന്‍ സഹായകമായി. ബില്‍ അവതരണം തടയുന്നതില്‍ ബി ജെ പി ക്കൊപ്പം ഇടതുകക്ഷികളും, ബി എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ്, എ ഐ എ ഡി എം കെ തുടങ്ങിയ പാര്‍ട്ടികളും ശക്തമായി രംഗത്തുണ്ടായിരുന്നു. വര്‍ഗീയ സംര്‍ഷങ്ങളെച്ചൊല്ലിയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ പെട്ടതായതിനാല്‍ ഇതുസംബന്ധമായ നിയമനിര്‍മാണത്തിന് കേന്ദ്രത്തിന് അധികാരമില്ലെന്ന വാദമുന്നയിച്ചാണ് ബി ജെ പിയേതര പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തത്. എന്നാല്‍ പുതിയ ബില്‍ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി 2005ലെ വര്‍ഗീയകലാപവിരുദ്ധ ബില്‍ പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ സഭയുടെ അനുമതി തേടിയപ്പോള്‍ ഒന്നൊടങ്കം കക്ഷികളും ശബ്ദവോട്ടോടെ അനുമതി നല്‍കിയെന്നത് ശ്രദ്ധേയമാണ്. നിലവിലുണ്ടായിരുന്ന ബില്ലും നഷ്ടമായെന്നതാണ് ഫലം.
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള ദേശീയ ഉപദേശക സമിതി തയാറാക്കിയ ബില്ലിന് ബി ജെ പി തുടക്കത്തിലേ എതിരാണ്. ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ചു ഡിസമ്പര്‍ ആദ്യത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയും വോട്ട് ബേങ്ക് ലക്ഷ്യമാക്കിയുമാണ് യു പി എ ബില്‍ അവതരിപ്പിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ ഇടവരുത്തുകയും ചെയ്യുമെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. ഗുജറാത്തില്‍ മോദി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ മുസ്‌ലിം ഉന്മൂലനമാണ് ബില്ലിന്റെ പശ്ചാത്തലമെന്നതിനാല്‍ അവരുടെ എതിര്‍പ്പ് സ്വാഭാവികവുമാണ്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണെങ്കിലും, ഇക്കാര്യത്തല്‍ ഒരൊറ്റ സംസ്ഥാനവും പ്രായോഗികവും ഫലപ്രദവുമായ ചട്ടങ്ങള്‍ ആവിഷ്‌കരിക്കുകയോ, നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാറില്ലെന്നതാണ് അനുഭവം. മാത്രമല്ല, പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നടപടികളാണ് ഭരണകൂടങ്ങളില്‍ നിന്നുണ്ടാകാറുള്ളത്. മുസാഫര്‍നഗറില്‍ ഇത് പ്രകടമായതാണ്. അവിടെ കലാപത്തിന്റെ ഇരകള്‍ക്ക് അഭയം നല്‍കുന്നതില്‍ പോലും കടുത്ത അനാസ്ഥയാണ് സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ കാണിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നത് യു പിയിലാണ്. കഴിഞ്ഞ വര്‍ഷം അവിടെ 247 കലാപങ്ങള്‍ അരങ്ങേറിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്താലയം പാര്‍ലമെന്റില്‍ വെച്ച കണക്കില്‍ പറയുന്നത്. ഈ വിധം വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ തടയുന്നതില്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെടുന്ന ഘട്ടങ്ങളില്‍ ഇരകളുടെ രക്ഷക്കെത്തേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയല്ലേ? വിശദമായ ചര്‍ച്ചക്കു ശേഷം ശ്രദ്ധാപൂര്‍വമാണ് ബില്ലിലെ വ്യവസ്ഥകള്‍ തയാറാക്കിയതെന്നും സംസ്ഥാന സര്‍ക്കാറിന്റെ അനുമതിക്കു വിധേയമായി മാത്രമേ കേന്ദ്രസര്‍ക്കാരും ദേശീയ മനുഷ്യാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെടുകയുള്ളുവെന്നും നിയമമന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ വ്യക്തമാക്കിയതുമാണ്. ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥയെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. എന്നിട്ടും പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ രംഗത്തു വന്നതില്‍, ഫെഡറല്‍ വ്യവസ്ഥ ലംഘനമെന്നതിനപ്പുറം ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ മാനങ്ങളില്ലേ എന്നു സന്ദേഹിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 8473 കലാപങ്ങളിലായി 2502 പര്‍ കൊല്ലപ്പെട്ടു. പരേക്കേറ്റവരുടെ എണ്ണം 28,668 വരും. കലാപങ്ങള്‍ ഏറെയും മുസ്‌ലിം ഉന്മൂലനം ലക്ഷ്യമാക്കിയുള്ള സംഘ് പരിവാറന്റെ ആസൂത്രണങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതിന് പുറമെ സ്വാമി അസീമാനന്ദ അര്‍ഥശങ്കക്കിടമില്ലാത്ത വിധം വെളിപ്പെടുത്തുകയുമുണ്ടായി. ശക്തമായ വര്‍ഗീയ കലാപ വിരുദ്ധ നിയമത്തിന്റെ ആവശ്യകതയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. പോരായ്മകളേറെയുണ്ടെങ്കിലും ദേശീയ ഉപദേശക സമിതി തയാറാക്കിയ ബില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ മതേതരത്വത്തിന്റെ പൊയ്മുഖമണിഞ്ഞ കക്ഷികള്‍ തന്നെ അതിനെതിരെ സംഘ്പരിവാറിനൊപ്പം അണിനിരക്കുമ്പോള്‍, ഇനി ആരിലാണ് പ്രതീക്ഷയര്‍പ്പിക്കേണ്ടതെന്ന ആശങ്കയിലാണവര്‍.

ALSO READ  മോനേ വിയാന്‍, മാപ്പ്!