തെരുവ് വിളക്ക് ക്രമക്കേട് അന്വേഷണത്തിന് ഉത്തരവ്‌

Posted on: February 7, 2014 12:43 am | Last updated: February 7, 2014 at 12:43 am
SHARE

KEJRIVALന്യൂഡല്‍ഹി: 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേണ്ടി നടത്തിയ 90 കോടി രൂപയുടെ തെരുവ് വിളക്ക് നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതില്‍ അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് പങ്കുണ്ടെന്ന് മുന്‍ സി എ ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. അതേസമയം, 1984ലെ സിഖ്‌വിരുദ്ധ കലാപം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗിന് ശിപാര്‍ശ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
തെരുവ് വിളക്ക് നവീകരണ അഴിമതിയില്‍ വിശദ അന്വേഷണം നടത്താന്‍ അഴിമതിവിരുദ്ധ ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയതായി മന്ത്രിസഭാ യോഗത്തിന് ശേഷം മനീഷ് സിസോദിയ അറിയിച്ചു. കേസില്‍ അഴിമതിവിരുദ്ധ ബ്രാഞ്ച് എഫ് ഐ ആര്‍ സമര്‍പ്പിക്കും. ഒരു പ്രത്യേക വ്യക്തിയെ ലാക്കാക്കിയല്ല ഇതെന്നും സിസോദിയ അവകാശപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും അന്വേഷണ പരിധിയില്‍ വരുമെന്ന് നിയമമന്ത്രി സോംനാഥ് ഭര്‍തി പറഞ്ഞു. ഈയാഴ്ചയില്‍ മാത്രം ദീക്ഷിതിനെ ലക്ഷ്യമാക്കിയുള്ള എ എ പി സര്‍ക്കാറിന്റെ രണ്ടാമത്തെ നീക്കമാണ് ഇത്. 2008ല്‍ അനധികൃത കോളനികള്‍ക്ക് നിയമസാധുത നല്‍കിയതിനെ സംബന്ധിച്ച ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദീക്ഷിതിനെതിരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here