Connect with us

Kerala

കൃഷിഭൂമി കൈമാറ്റം കര്‍ഷകര്‍ക്കായി പരിമിതപ്പെടുത്തണം

Published

|

Last Updated

തിരുവനന്തപുരം: കൃഷിഭൂമിയുടെ കൈമാറ്റം കര്‍ഷകര്‍ക്കും കൃഷിയാവശ്യങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തണമെന്ന് സര്‍ക്കാറിന്റെ കരട് കാര്‍ഷിക നയം. കൃഷിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തുകയും വിദൂര സംവേദന വിദ്യ, ഉപഗ്രഹ ചിത്രീകരണ സംവിധാനം തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് അടയാളപ്പെടുത്തുകയും വിവരശേഖരണം തയ്യാറാക്കുമെന്നും നയം വ്യക്തമാക്കുന്നു. കൃഷി മന്ത്രി കെ പി മോഹനന്‍ ചട്ടം 300 അനുസരിച്ച് കരട് നയം നിയമസഭയില്‍ വെച്ചു.

കൃഷിഭൂമിയുടെ ക്രയവിക്രയം കൃഷിക്കാര്‍ക്കും കൃഷിയാവശ്യങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തും. ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനായി കൃഷിയോഗ്യമായ തരിശുഭൂമിയില്‍ അടിയന്തരമായി കൃഷിയിറക്കണമെന്നും 2008 ലെ നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമം പൂര്‍ണതോതില്‍ നടപ്പിലാക്കണം.
ഉടമസ്ഥരുടെ അവകാശം സംരക്ഷിച്ചുകൊണ്ടുതന്നെ നെല്‍വയലുകളെ സംസ്ഥാനത്തെ സംരക്ഷിത നെല്‍പ്രദേശങ്ങളായി പ്രഖ്യാപിക്കണം. കാര്‍ഷികാവശ്യങ്ങള്‍ക്കായി ഭൂമി പാട്ടം കൊടുക്കുന്ന രീതി പ്രോത്സാഹിപ്പിക്കാന്‍ ഉചിതമായ നിയമനടപടിക്രമങ്ങള്‍ ഉണ്ടാകണം. ജനത്തിന്റെ സംരക്ഷണവും സുസ്ഥിരമായ ഉപയോഗവും ലക്ഷ്യമിട്ടുള്ളതാവണം സംസ്ഥാനത്തെ എല്ലാ കാര്‍ഷികോത്പാദന പദ്ധതികള്‍. മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനായി ജൈവവളങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും അത് കൃഷിവകുപ്പിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനമായി മാറ്റുകയും ചെയ്യണം. സംസ്ഥാനത്ത് മെച്ചപ്പെട്ട കാര്‍ഷികോത്്പാദനം നിലനിര്‍ത്താന്‍ കാലാവസ്ഥാനുസൃത രീതികള്‍ സംബന്ധിച്ച ഗവേഷണ, വികസന ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കരട്‌നയം നിര്‍ദേശിക്കുന്നു.
സംസ്ഥാനത്തെ കാര്‍ഷിക ആസൂത്രണ വികസന പദ്ധതികളെല്ലാം നീര്‍മറിയെ അടിസ്ഥാനപ്പെടുത്തിയാകണം. കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍ക്ക് ആത്മവിശ്വസം നല്‍കാനായി സമാശ്വാസ സഹായധനവും സമാശ്വാസ വായ്പയും നല്‍കി അവരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനമോ, ലാഭമോ പങ്കിടുന്നതിന് കര്‍ഷകര്‍ക്ക് നിയമപരമായ അവകാശം ഉറപ്പു നല്‍കുന്ന ” അവകാശലാഭം” എന്ന പുതിയ സങ്കല്‍പം പ്രയോഗവത്ക്കരിക്കണം. കര്‍ഷകരെ സ്വാശ്രയസംരംഭകരാക്കി മാറ്റുന്ന തരത്തില്‍ അവരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്താന്‍ പ്രാപ്തരായ വികസന ഉദ്യോഗസ്ഥരെ സൃഷ്ടിക്കണം. വിജ്ഞാനവ്യാപന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. വിളവെടുപ്പാനന്തര നഷ്ടങ്ങള്‍ കുറക്കാനും ആരോഗ്യ സംബന്ധമായ അപകടങ്ങള്‍ ലഘൂകരിക്കാനും വിപണനം ഹിതകരമാക്കാനും മൊത്ത, ചെറുകിട വിപണികളും മികച്ച സംഭരണസൗകര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള മികച്ച സംഭരണസൗകര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള കാര്യക്ഷമമായ വിപണനസംവിധാനം നടപ്പാക്കണമെന്നും നയം നിര്‍ദേശിക്കുന്നുണ്ട്.

 

Latest