സഅദിയ്യ സനദ്ദാന സമ്മേളനത്തിന് നാളെ തുടക്കമാകും

Posted on: February 6, 2014 8:20 am | Last updated: February 6, 2014 at 11:08 pm

saadiyaകാസര്‍കോട്: ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ 44 ാം വാര്‍ഷികത്തിനും ശരീഅത്ത് കോളജ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജുകളുടെ സനദ്ദാന സമ്മേളനത്തിനും നാളെ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ പണ്ഡിതന്മാര്‍, സയ്യിദുമാര്‍, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, വിദേശ പ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ സംബന്ധിക്കും.
സ്ഥാപിതമായത് മുതല്‍ നാല് പതിറ്റാണ്ടിലേറെ കാലം സഅദിയ്യയുടെ പ്രസിഡന്റായി സേവനം ചെയ്ത താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ വിയോഗ പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനം അനുസ്മരണ മഹസംഗമമായി മാറും. താജുല്‍ ഉലമാ നഗറിലാണ് സമ്മേളനം നടക്കുക. അനുസ്മരണ സമ്മേളനം, ദിക്ര്‍ ഹല്‍ഖ, ഉറുദു സമ്മേളനം, ഫിഖ്ഹ് സെമിനാര്‍, മീഡിയാ സെമിനാര്‍, ദഅ്‌വാ കോണ്‍ഫറന്‍സ്, മുല്‍തഖല്‍ ഉലമ, സഅദി സംഗമം, ജീലാനി അനുസ്മരണം, ആദര്‍ശ സമ്മേളനം, സനദ്ദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. സഅദിയ്യ ശരീഅത്ത് കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 169 സഅദികളും റിസര്‍ച്ച് സെന്ററില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ 38 അഫഌ സഅദികളും അറബിക് ഡിപ്ലോമക്കാരും ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലെ 18 ഹാഫിളുകളും ഞായറാഴ്ച സനദ് ഏറ്റുവാങ്ങും. താജുല്‍ ഉലമാ സൗധത്തിന്റെ ശിലാസ്ഥാപനം സമ്മേളന ഭാഗമായി നടക്കും.
ഈ മാസം 7ന് രാവിലെ 8 മണിക്ക് എട്ടിക്കുളത്ത് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ മഖ്ബറയില്‍ നടക്കുന്ന കൂട്ട സിയാറത്തോടെയാണ് പരിപാടികള്‍ തുടങ്ങുന്നത്. താജുല്‍ ഉലമയുടെ മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ നേതൃത്വം നല്‍കും. രാവിലെ 10 മണിക്ക് സഅദിയ്യ മസ്ജിദില്‍ ഉള്ളാള്‍ തങ്ങളുടെ പേരില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും.
നാല് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ പതാക ഉയര്‍ത്തും. 4.30ന് താജുല്‍ ഉലമ അനുസ്മരണ സമ്മേളനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കര്‍ണാടക വഖ്ഫ് ന്യൂനപക്ഷ മന്ത്രി ഖമറുല്‍ ഇസ്‌ലാം ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈന്‍ സഅദി അനുസ്മരണ പ്രഭാഷണം നടത്തും.