Connect with us

National

മൂന്നാം ബദല്‍ പാര്‍ട്ടികള്‍ പാര്‍ലിമെന്റില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പൊതു അജന്‍ഡയുടെ അടിസ്ഥാനത്തില്‍ പാര്‍ലിമെന്റില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ മൂന്നാം ബദലിനായി പരിശ്രമിക്കുന്ന 11 പാര്‍ട്ടികള്‍ തീരുമാനിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന കൂടിയാലോചനക്കു ശേഷം ഇതാദ്യമായി ചേര്‍ന്ന യോഗത്തിലാണ് മൂന്നാം മുന്നണിയെന്ന ആശയവുമായി മുന്നോട്ട് പോകാന്‍ ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരായി പാര്‍ലിമെന്റില്‍ തങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് യോഗത്തിന് ശേഷം ജനതാദള്‍ യു അധ്യക്ഷന്‍ ശരദ് യാദവും സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇടത് പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് പുറമെ സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍ യു, ജനതാദള്‍( സെക്യുലര്‍), എ ഐ എ ഡി എം കെ, ബിജു ജനതാദള്‍, അസം ഗണ പരിഷത്ത്, ഝാര്‍ഖണ്ട് വികാസ് മോര്‍ച്ച തുടങ്ങിയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും പൊതു അജന്‍ഡയുടെ പേരില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുമാണ് തീരുമാനമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മൂന്നാം മുന്നണിക്ക് മാത്രമേ രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ കഴിയൂ. കോണ്‍ഗ്രസ് വര്‍ഗീയ കക്ഷികളുമായി കൂട്ട്കൂടിയിരിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു. പാര്‍ലിമെന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഴിമതി വിരുദ്ധ ബില്ലുകള്‍ പാസ്സാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം മുന്നണി രൂപവത്കരണത്തിന്റെ രണ്ടാം ഘട്ടമെന്നോണം ഈ പാര്‍ട്ടികള്‍ ഒറ്റക്കോ സഖ്യമായോ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ റാലികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.