Connect with us

Gulf

സൈക്ലിംഗ് റേസ്: വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കും

Published

|

Last Updated

ദുബൈ: സൈക്കഌംഗ് റേസിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകള്‍ അടച്ചിടുമെങ്കിലും വിദ്യാലയങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് കെ എച്ച് ഡി എ(നോളജ് ആന്റ് ഹ്യൂമണ്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി) വ്യക്തമാക്കി. സൈക്കിള്‍ റേസിംഗിന്റെ ഭാഗമായി ഏതെങ്കിലും വിദ്യാലയത്തിന് അവധി നല്‍കേണ്ടുന്ന സ്ഥിതിയുണ്ടെങ്കില്‍ അവര്‍ കെ എച്ച് ഡി എയുമായി ബന്ധപ്പെട്ട് അവധി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.
മധ്യപൗരസ്ത്യ ദേശം ആദ്യമായി ആഥിത്യമരുളുന്ന ദുബൈ ടൂര്‍ സൈക്കഌംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് റോഡുകള്‍ ഇന്നു മുതല്‍ എട്ടു വരെ അടച്ചിടുകയെന്ന് ദുബൈ പോലീസ് ഓപറേഷന്‍സ് വിഭാഗത്തിന്റെ ഭാഗമായ അംഗരക്ഷ വിഭാഗം അസിസ്റ്റന്റ് മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അടച്ചിടുന്ന മുഖ്യപാതകള്‍ക്ക് ബദലായി സമാന്തര പാതകളും മറ്റു വഴികളും ഉപയോഗപ്പെടുത്തണമെന്ന് ഗതാഗത വിഭാഗം അഭ്യര്‍ഥിച്ചു. 14 രാജ്യങ്ങളില്‍ നിന്നായി 160 സൈക്കഌംഗ് താരങ്ങളാണ് നഗരത്തില്‍ എത്തുക. രാവിലെ 11.20ന് ചാംമ്പ്യന്‍ഷിപ്പ് സ്റ്റാര്‍ട്ട് വില്ലേജില്‍ നിന്നും ആരംഭിക്കും. 122 കിലോമീറ്ററാണ് മൊത്തം ദൈര്‍ഘ്യം. വേള്‍ഡ് ട്രെയ്ഡ് സെന്റര്‍, സബീല്‍ റോഡ്, അല്‍ മെയ്ദാന്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റ്, ഉമ്മുസഖീം റോഡ്, അല്‍ സുഫൂഹ് റോഡ്, എമിറേറ്റ്‌സ് ഹില്‍സ് വഴി പാം ജുമൈറയില്‍ അറ്റ്‌ലാന്റിസിന് സമീപം സമാപിക്കും.
ഈ വഴികളിലാവും റോഡുകള്‍ അടക്കുക. റേസുമായി ബന്ധപ്പെട്ട് റോഡുകള്‍ അടക്കുന്നതിനാല്‍ വിദ്യാലയങ്ങള്‍ അടച്ചിടുമോയെന്ന സംശയം രക്ഷിതാക്കളില്‍ ഉടലെടുത്തതാണ് വിശദീകരണവുമായി വരാന്‍ കെ എച്ച് ഡി എയെ പ്രേരിപ്പിച്ചിരിക്കുന്നത്.

Latest