Connect with us

Wayanad

ഹൗസിംഗ് ബോര്‍ഡ് ഗൃഹശ്രീ ഭവനപദ്ധതി നടപ്പാക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് തിരിച്ചടവുവേണ്ടാത്ത ഭവനപദ്ധതി നടപ്പാക്കുന്നു. താഴ്ന്ന വരുമാനക്കാര്‍ക്കായി സന്നദ്ധസംഘടനകളുടെയോ വ്യക്തികളുടെയോ പിന്തുണയോടെയാണ് ഗൃഹശ്രീ ഭവന പദ്ധതി എന്ന പേരില്‍ പദ്ധതി നടപ്പാക്കുകയെന്ന് ഹൗസിംഗ് ബോര്‍ഡ് അംഗം വി. കുഞ്ഞാലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സ്വന്തമായി രണ്ടോ മൂന്നോ സെന്റ് ഭൂമിയുള്ള താഴ്ന്ന വരുമാനക്കാര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളോ സര്‍ക്കാരിതര സംഘടനകളോ വ്യക്തികളോ സ്‌പോണ്‍സര്‍ ചെയ്യുന്ന തുകയും സര്‍ക്കാര്‍ സബ്‌സിഡിയും ഗുണഭോക്തൃവിഹിതവും ചേര്‍ത്ത് ഗുണഭോക്താവു തന്നെ വീട് നിര്‍മിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സബ്‌സിഡിയും സ്‌പോണ്‍സര്‍ഷിപ്പുമായതിനാല്‍ പണം തിരിച്ചടയ്ക്കുകയോ കടബാധ്യത ഉണ്ടാവുകയോ ചെയ്യില്ലെന്ന് കുഞ്ഞാലി പറഞ്ഞു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 30 മുതല്‍ 40 ചതുരശ്ര മീറ്റര്‍ വരെ തറവിസ്തീര്‍ണമുള്ള നാലുലക്ഷം രൂപ ചെലവുവരുന്ന വീടിനാണ് തുക അനുവദിക്കുക. ഒരു ലക്ഷം രൂപ ഗുണഭോക്തൃവിഹിതവും ഒരു ലക്ഷം രൂപ സ്‌പോണ്‍സര്‍ഷിപ്പും രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. എപിഎല്‍ വിഭാഗത്തില്‍ ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 50 ചതുരശ്രമീറ്റര്‍ വരെ തറ വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാം. അഞ്ചുലക്ഷം രൂപ ചെലവുവരുന്ന വീടിന് രണ്ടുലക്ഷം രൂപ ഗുണഭോക്തൃവിഹിതമായി അടയ്ക്കണം.
രണ്ടുലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 60 ചതുരശ്ര മീറ്റര്‍വരെ തറവിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാം. ആറുലക്ഷം രൂപ ചെലവുകണക്കാക്കുന്ന വീടിന് ഗുണഭോക്താവ് അടയ്‌ക്കേണ്ടത് മൂന്നുലക്ഷം രൂപയാണ്.
സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ള സന്നദ്ധ സംഘനടകള്‍ തന്നെയാണ് ഗുണഭോക്താവിനെ കണ്ടെത്തുന്നത്. വീട് നിര്‍മാണത്തിന്റെ ചുമതല ഗുണഭോക്താക്കള്‍ക്ക് തന്നെയാണ്. സാങ്കേതിക ഉപദേശം നല്‍കുകയും നിര്‍മാണത്തിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കുകയും മാത്രമാണ് ഹൗസിംഗ് ബോര്‍ഡ് ചെയ്യുക. തദ്ദേശ സ്ഥാപനത്തില്‍ നിന്ന് നിര്‍മാണ അനുമതി ലഭിച്ചാല്‍ ആദ്യഗഡുവായി 50,000 രൂപയും അടിത്തറ നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരുലക്ഷം രൂപയും മേല്‍ക്കൂര നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരു ലക്ഷം രൂപയും മിനുക്കുപണികള്‍ക്ക് ആരംഭിക്കുമ്പോള്‍ ഒന്നരലക്ഷം രൂപയും ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും. പദ്ധതിയിലെ സഹായം സ്വീകരിച്ച് വീട് വയ്ക്കുന്നവര്‍ പതിനഞ്ചുവര്‍ഷത്തേയ്ക്ക് വീട് കൈമാറ്റം ചെയ്യാനോ വില്ക്കാനോ പാടില്ലെന്നതുമാത്രമാണ് പദ്ധതിയിലെ നിബന്ധനയെന്നും കുഞ്ഞാലി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എസ്.ആര്‍. അനില്‍, അക്കൗണ്ട്‌സ് ഓഫീസര്‍ ടി. പീതാംബരന്‍, സി. സുഭാഷ് എന്നിവരും പങ്കെടുത്തു.

Latest