Connect with us

Kannur

ശാന്തമായ ഒഴുക്കില്‍ താജുല്‍ ഉലമയുടെ ചാരത്തേക്ക്

Published

|

Last Updated

എട്ടിക്കുളം (കണ്ണൂര്‍): എട്ടിക്കുളം കടല്‍ ശാന്തതയിലാണ്. ഓളപ്പരപ്പില്ലാതെ ഇരമ്പലില്ലാതെ ശാന്തമായ ഒഴുക്കാണ്, നൂറ്റാണ്ടിന്റെ മഹാമനീഷി അന്ത്യനിദ്രയിലായത് മുതല്‍. കഴിഞ്ഞ ദിവസം എട്ടിക്കുളമെന്ന കൊച്ചു ഗ്രാമത്തിലേക്ക് മുസ്‌ലിംകൈരളിയുടെ കുത്തൊഴുക്ക് കണ്ട അമ്പരപ്പ് ആ ദേശക്കാര്‍ക്ക് എന്നും ഓര്‍മിക്കാനുള്ള ചരിത്രമായി മാറി.
സുന്നി സംഘകുടുംബത്തെ മുന്നില്‍ നിന്ന് നയിച്ച മഹാനായ നേതാവും സാധാരണക്കാര്‍ക്കും അശരണര്‍ക്കും അനാഥര്‍ക്കും താങ്ങും തണലുമായി ദിശാബോധം നല്‍കിയ മഹനീയ പണ്ഡിതനുമായ താജുല്‍ ഉലമയുടെ വിയോഗമറിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുനിന്നും നിരവധി സ്‌നേഹജനങ്ങള്‍ പ്രിയ നേതാവിന്റെ ഖബറിടം സന്ദര്‍ശിക്കാനും ബന്ധുക്കളെ സമാശ്വസിപ്പിക്കാനും ഇപ്പോഴും എട്ടിക്കുളത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. എട്ടിക്കുളം ഹില്‍സ്റ്റോപ്പിന് സമീപം താമസിക്കുന്ന രാമചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. “”ആ തങ്ങള്‍ ബല്യ മഹാനാണ്. ഗള്‍ഫ്ന്ന് അറബികളല്ലേ ആ മയ്യിത്ത് കാണാന്‍ വന്നത്. മൂപ്പര്‍ ലോകം അംഗീകരിച്ച പണ്ഡിതനല്ലേ?””.
ഉള്ളാള്‍ തങ്ങളുടെ മയ്യിത്ത് കാണാന്‍ വന്നവര്‍ക്ക് കുടിവെള്ളവും ചായയും ഏര്‍പ്പെടുത്തുകയും വുളു ചെയ്യാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കുകയും ചെയ്ത അമുസ്‌ലിംകളടക്കമുള്ള നാട്ടുകാരുടെ സേവനത്തെ ജനങ്ങള്‍ ഒന്നടങ്കം പുകഴ്ത്തിയിരുന്നു. എട്ടിക്കുളത്തേക്കുള്ള ആത്മീയ കുത്തൊഴുക്ക് കണ്ട, നാടന്‍പണിയെടുക്കുന്ന ലക്ഷ്മിയുടെയും കൗസല്യയുടെയും അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. തങ്ങള്‍ ചെയ്ത പുണ്യങ്ങളുടെ ഫലമാണ് ഈ ജനസാഗരമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. “”തങ്ങള്‍ കുടുംബം നല്ലോരാ. അവരുടെ ഭാര്യയേയും മക്കളേയും നല്ലപോലെ ഞങ്ങള്‍ക്കറിയാം. ആ വീട്ടില്‍ എന്ത് പരിപാടിയുണ്ടെങ്കിലും ഞങ്ങള്‍ പോകാറുണ്ട്. മന്ത്രിച്ച വെള്ളം കുടിക്കും. വിഷ ചികിത്സ പോലത്തെ ചികിത്സകള്‍ തങ്ങളുടെ ഭാര്യ നടത്താറുണ്ട്”” ഭാര്യയുടെ മരണത്തിന് ശേഷമാണ് ഉള്ളാള്‍ തങ്ങള്‍ നേവല്‍ അക്കാദമിക്ക് സമീപമുള്ള വീട്ടില്‍ നിന്ന് താമസം മാറ്റിയത്. എട്ടിക്കുളം കടല്‍ തീരത്തെ ഏഴുപള്ളി മഖാമിന്റെ ചാരത്താണ് ഭാര്യയുടെ ഖബര്‍ സ്ഥിതി ചെയ്യുന്നത്. മന്ത്രങ്ങളും വൈജ്ഞാനിക വചസ്സുകളും ഉരുവം കൊണ്ട ആ തറവാട് വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല. തങ്ങള്‍ ഉപയോഗിച്ച പൂമുഖത്തെ തിണ്ണ പൂര്‍വീകരുടെ ഓര്‍മയില്‍ മയങ്ങിക്കിടക്കുകയാണ്. അയല്‍വീട്ടുകാരനായ കണ്ണൂര്‍ ചാലാട് സ്വദേശി അബ്ദുല്‍ മജീദ് പറയുന്നു. “”തങ്ങള്‍ എല്ലാ വ്യാഴാഴ്ചയും ഉള്ളാളത്ത് നിന്ന് വന്നാല്‍ ഈ മുറ്റം ജനനിബിഡമാകും. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഞങ്ങളോടാണ് തങ്ങള്‍ ആവശ്യപ്പെടാറുള്ളത്. എന്ത് പ്രയാസങ്ങളുണ്ടെങ്കിലും തങ്ങളെ കണ്ട് പരാതി പറഞ്ഞാല്‍ അതിന് പരിഹാരം ഉണ്ടാകും. നാടിന്റെ നാനാ ദിക്കുകളില്‍ നിന്ന് എത്രയെത്ര പേരാണ് ആ മുഖം ദര്‍ശിക്കാന്‍ വരുന്നത്””. എട്ടിക്കുളത്തെ അബ്ദുല്ലക്കും തങ്ങളെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. നാടിന്റെ യശസ്സുയര്‍ത്തിയ തങ്ങളുടെ വിയോഗം താങ്ങാവുന്നതിനപ്പുറമാണ്. തങ്ങളുടെ നിരന്തര യാത്രയും സംഘടനാ പ്രവര്‍ത്തനവും മൂലം ഇവിടെ വരാന്‍ പറ്റാത്ത അവസ്ഥയിലായി.
ചെറു ഗ്രാമത്തില്‍ നിന്ന് ലോകം മുട്ടെ ദീനീ വിജ്ഞാനീയങ്ങള്‍ ഉയര്‍ത്തിയ ആ മഹാഗുരുവിന്റെ ശൂന്യത നികത്താന്‍ പറ്റാത്തതാണ്. മരിക്കുന്ന ദിവസം തങ്ങള്‍ സുഖമില്ലാതെ കിടക്കുകയാണെന്നറിഞ്ഞ് നിരവധി ആളുകള്‍ തങ്ങളെ കാണാന്‍ എട്ടിക്കുളത്തേക്ക് തിരിച്ചിരുന്നു. ചപ്പാരപ്പടവ് സ്വദേശിയും പ്രവാസിയുമായ സി എം മുഹമ്മദ്കുഞ്ഞി സഅദിയ്യയിലെ രക്ഷാകര്‍തൃ സംഗമം കഴിഞ്ഞതിന് ശേഷം തങ്ങളെ കാണാന്‍ എട്ടിക്കുളത്തേക്ക് വണ്ടി കയറിയപ്പോള്‍ കേട്ടത് തങ്ങളുടെ വിയോഗ വാര്‍ത്തയായിരുന്നു. ഇതേ അനുഭവം നിരവധി പേര്‍ ഇന്നലെ പങ്കുവെച്ചു. കോഴിക്കോട് ബയോഗ്യാസ് പ്ലാന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കാരന്തൂരിലെ അബ്ദുല്‍ മജീദും ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പെരിങ്ങാടി സ്വദേശി അബ്ദുര്‍റശീദും അബൂബക്കര്‍ ഇരിക്കൂറും തങ്ങളുടെ വഫാത്ത് അറിഞ്ഞ് വരാന്‍ പറ്റാത്തതില്‍ വേദനയോടെ തഅ്‌സിയത്ത് നാളിലാണ് എത്തിയത്. താജുല്‍ ഉലമയുടെ പൂമുഖം കാണാന്‍ പറ്റാതെ നിരാശരായി മടങ്ങിപ്പോയ പതിനായിരങ്ങളില്‍ പലരും ഇന്നലെയും മഖ്ബറ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇപ്പോഴും അവിടെ മയ്യിത്ത് നിസ്‌കാരങ്ങളും ഖത്മുല്‍ ഖുര്‍ആനും തഹ്‌ലീലും തുടരുകയാണ്.

---- facebook comment plugin here -----

Latest