താജുല്‍ ഉലമ: യൂനിറ്റുകളില്‍ അനുസ്മരണ സംഗമങ്ങള്‍

Posted on: February 5, 2014 12:40 am | Last updated: February 4, 2014 at 9:41 pm

ullal 2കാസര്‍കോട്: ആധുനിക മുസ്‌ലിം കേരളത്തിന് ആദര്‍ശപരമായ ദിശം നിര്‍ണയിച്ച പണ്ഡിതശ്രേഷ്ഠരെയാണ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ വിയോഗത്തോടെ നഷ്ടമായതെന്ന് എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശപക്ഷപാതിത്യം പുലര്‍ത്തിക്കൊണ്ട് തന്നെ ഏറ്റവും സുശക്തമായ മുസ്‌ലിം സംഘടനാ സംവിധാനം കേരളത്തില്‍ രൂപപ്പെടുത്താനും കരുത്തുറ്റ നേതൃത്വം നല്‍കാനും താജുല്‍ ഉലമക്ക് സാധിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ ആര്‍ജവമുള്ള നിലപാടുകള്‍ സ്വീകരിക്കുക വഴി കേരളീയ മുസ്‌ലിം സമൂഹത്തിന് പൊതുവെയും സുന്നി പ്രസ്ഥാനത്തിന് വിശേഷിച്ചും അന്തസ്സുള്ള അസ്ഥിത്യമുണ്ടാകുന്നതില്‍ തങ്ങള്‍ നല്‍കിയ സേവനം എക്കാലവും സ്മരിക്കപ്പെടും -അനുസ്മരണ കുറിപ്പില്‍ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
മുഴുവന്‍ ഘടകങ്ങളിലും കൗണ്‍സിലുകളോടൊപ്പം താജുല്‍ ഉലമാ അനുസ്മരണവും പ്രത്യേക പ്രാര്‍ഥനാ സദസുകളും സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഖാഫി ചേടിക്കുണ്ട്, അബ്ദുറഹീം സഖാഫി ചിപ്പാര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, സിദ്ദീഖ് പൂത്തപ്പലം സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സ്വാദിഖ് സ്വാഗതവും ഉമറുല്‍ ഫാറൂഖ് കുബനൂര്‍ നന്ദിയും പറഞ്ഞു.