Connect with us

Kozhikode

ബി ജെ പിയുടെ ഫഌക്‌സുകള്‍ മദ്‌റസയില്‍ ഒളിപ്പിക്കാന്‍ സി പി എം ശ്രമം

Published

|

Last Updated

വടകര: ബി ജെ പിയുടെ ഫ്‌ളക്‌സുകള്‍ മദ്‌റസയില്‍ ഒളിപ്പിക്കാനുള്ള സി പി എം ശ്രമം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൈയോടെ പിടികൂടി. ഇന്നലെ പുലര്‍ച്ചെ മൂന്നര മണിയോടെ മേമുണ്ടയിലാണ് സംഭവം. മേമുണ്ട ടൗണില്‍ ബി ജെ പി സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ തൊട്ടടുത്തുള്ള ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ബോര്‍ഡിംഗ് മദ്‌റസയില്‍ ഒളിപ്പിക്കാനായിരുന്നു ശ്രമം. രണ്ട് ബൈക്കുകളിലായെത്തിയ നാല് പേരാണ് ഫഌക്‌സുകള്‍ നശിപ്പിച്ച് മദ്‌റസയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ട് പേരെ മദ്‌റസയിലുണ്ടായിരുന്നവര്‍ പിടികൂടി. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു.
വടകര പോലീസില്‍ വിവരം അറിയിച്ചെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസെത്തിയത്. അപ്പോഴേക്കും ചെമ്മരത്തൂരില്‍ നിന്ന് മാരകായുധങ്ങളുമായെത്തിയ മുപ്പതോളം സി പി എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം പിടിയിലായ പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് കൊണ്ടുപോയി. മദ്‌റസാ കമ്മിറ്റി ഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട നിരവധി പേരും സ്ഥലത്തെത്തി. അക്രമികള്‍ എറിഞ്ഞ പൊട്ടാത്ത രണ്ട് പൈപ്പ് ബോംബുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രയരോത്ത്കുനി ബാബു, എടത്തട്ട മീത്തല്‍ ബിനീഷ് എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മുപ്പതോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി വടകര പോലീസ് പറഞ്ഞു. വര്‍ഗീയ സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തിയതിനാണ് കേസ്.
സംഭവത്തില്‍ പ്രതിഷേധിച്ച മേമുണ്ടയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മേമുണ്ടയുടെ തൊട്ടടുത്ത പ്രദേശമായ കീഴലില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ബോര്‍ഡുകളും കൊടികളും രാത്രികാലങ്ങളില്‍ നശിപ്പിക്കുന്നത് സ്ഥിരം സംഭവമാണ്.