Connect with us

Ongoing News

പാന്‍ ഉത്പന്നങ്ങളുടെ വ്യാപാരം കൊഴുക്കുന്നു

Published

|

Last Updated

കോഴിക്കോട്: പോലീസ് റെയ്ഡും കച്ചവടക്കാര്‍ക്കെതിരായ നടപടികളും തുടരുമ്പോഴും ജില്ലയില്‍ പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും വ്യാപാരവും തുടരുന്നു. പാന്‍പരാഗ്, ചൈനി കൈനി, ഹാന്‍സ്, മധു, കൂള്‍കൂള്‍, ഗണേശ്, വിസ്സ് തുടങ്ങി നിരോധം നിലനില്‍ക്കുന്ന ഉത്പന്നങ്ങളുടെ വിപണനം രഹസ്യമായിട്ടാണെങ്കിലും ഇപ്പോഴും തകൃതിയായി തുടരുകയാണ്.
കേരളത്തെ കൂടുതല്‍ അപകടത്തിലാക്കുന്നത് കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ പാന്‍ ഉത്പന്നങ്ങളുടെ നിര്‍മാണവും വില്‍പ്പനയും നിരോധിച്ചിട്ടില്ല എന്നതായിരുന്നു. എന്നാല്‍ കേരളത്തിലേക്ക് അനധികൃതമായി ഇത്തരം ഉത്പന്നങ്ങള്‍ കടത്തുന്നതിന് തമിഴ്‌നാട്ടിലെ നിരോധം കൊണ്ടും ഗുണമില്ലെന്നാണ് ഇന്നലെത്തെ സംഭവം വ്യക്തമാക്കുന്നത്.
കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ വഴി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്ന ഉത്പന്നങ്ങള്‍ നഗരത്തിലെ വിവിധ കടകളുടെ ഗോഡൗണുകളിലെത്തിച്ച് നല്‍കുന്ന സംഘമാണ് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ വില വരുന്ന 7000 പാക്കറ്റ് ഹാന്‍സുമായി ഇന്നലെ പോലീസ് വലയിലായത്. കഴിഞ്ഞ ദിവസം കുന്ദമംഗലം എന്‍ഐടിക്കടുത്ത് പാന്‍പരാഗ് പിടിച്ചെടുത്തതിന്റെ തുടര്‍ച്ചയായി നഗരത്തില്‍ റെയ്ഡ് നടത്തിയതിന്റെ ഫലമാണ് ഈ സംഘം വലയിലായത്. എന്നാല്‍ പോലീസും ആരോഗ്യ വിഭാഗവും പരിശോധന നടത്തുന്നുണ്ടെങ്കിലും വില്‍പ്പനക്ക് ഒരു കുറവുമില്ല. ഏതെങ്കിലും കടയില്‍ പരിശോധന നടന്നാല്‍, കുറച്ച് ദിവസത്തേക്ക് വില്‍പ്പന നിര്‍ത്തിവെച്ച് വീണ്ടും സജീവമാകുകയാണ് പതിവ്.
തീവണ്ടിയിലും രാത്രികാലങ്ങളിലുള്ള അന്തര്‍ സംസ്ഥാന ബസുകളിലുമായാണ് പാന്‍ ഉത്പന്നങ്ങള്‍ കൂടുതലായി എത്തുന്നത്. ചില കച്ചവടക്കാരുടെ ഒത്താശയോടെ അന്യ സംസ്ഥാന തൊഴിലാളികളാണ് പ്രധാനമായും ഇവ കടത്തിക്കൊണ്ടുവരുന്നത്. ബസുകളില്‍ വരുന്ന പാഴ്‌സലുകള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൊന്നും കാര്യമായ പരിശോധന നടത്താത്തത് ഇത്തരക്കാര്‍ക്ക് തുണയാകുകയാണ്. പാന്‍ ഉത്പന്നങ്ങളാണെന്ന് അറിഞ്ഞിട്ടും ഇവ കടത്തുന്നത് തടയാതെ കൂടുതല്‍ ചാര്‍ജ് ലഭിക്കുമെന്നതിനാല്‍ ചില ബസ് ഉടമകള്‍ മൗനം പാലിക്കുന്നതായും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ട്രക്കുകളില്‍ ഇവ ഒളിപ്പിച്ച് കടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. മൂന്നും അഞ്ചും രൂപ വിലയുള്ള പാന്‍ ഉത്പന്നങ്ങള്‍ പലതും 20ഉം 25ഉം രൂപക്കാണ് കടക്കാര്‍ വില്‍ക്കുന്നത്. ഈ വില്‍പ്പന അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്ന് കച്ചവടക്കാരില്‍ പലര്‍ക്കും അറിയാമെങ്കിലും വലിയ ലാഭം ഇവരെ പ്രേരിപ്പിക്കുന്നു.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം പാന്‍ ഉത്പന്നങ്ങളുടെ വില്‍പ്പന ഇപ്പോഴും സജീവമാണ്. നഗരത്തിലെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് ചില്ലറ വില്‍പ്പനക്കാര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത്. ഇതാണ് കൂടിയ വിലക്ക് വില്‍ക്കുന്നത്. നിര്‍മാണ മേഖലയിലും മറ്റും പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് പ്രധാനമായും പാന്‍ ഉത്പന്നങ്ങളുടെ ഉപഭോക്താക്കള്‍ . അന്യ സംസ്ഥാനക്കാരായ തൊഴിലാളികളില്‍ നല്ലൊരു ഭാഗവും എത്ര വിലകൊടുത്തും ഇവ വാങ്ങാന്‍ തയ്യാറാണെന്നതാണ് പല കച്ചവടക്കാരെയും ഇവ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

Latest