Connect with us

Malappuram

സിത്താര ഇനി ശിശുക്ഷേമ സമിതിയില്‍ വളരും

Published

|

Last Updated

വണ്ടൂര്‍: സിത്താര ഭൂമിയിലേക്ക് വന്നിട്ട് മൂന്ന് ദിവസം പൂര്‍ത്തിയാകും മുമ്പെ ജീവിച്ചിരിക്കുന്ന മാതാവില്‍ നിന്ന് പലവിധ കാരണങ്ങളാല്‍ പറിച്ചെടുക്കപ്പെട്ട ചോര പൈതല്‍. അവളിനി ശിശുക്ഷേമ സമിതിയിലാണ് വളരുക. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്തിന്റെ മകളുടെ പേരാണ് ഇനി ഇവള്‍ക്കും.
അമ്മിഞ്ഞ പാലിന്റെ മധുരം ചുണ്ടില്‍ നിന്ന് മായും മുമ്പെ പൈതലിനെ മാതാവ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുകയായിരുന്നു. കൊണ്ടോട്ടി സ്വദേശിനിയായ 29 കാരിയാണ് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ജുവനൈല്‍ ജെസ്റ്റിസ് സ്ഥാപനമായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചത്. പോറ്റാന്‍ ആവതില്ലാത്തതിനാല്‍ കുഞ്ഞിനെ നിറകണ്ണുകളോടെയാണ് അധികൃതര്‍ക്ക് കൈമാറിയത്.
ഭാര്യ രണ്ടു മാസം ഗര്‍ഭിണിയായ സമയത്ത് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ യുവതിയുടെ കുടുംബത്തിന് ഒരു കുഞ്ഞിനെ കൂടി പോറ്റാനുള്ള സാമ്പത്തിക ശേഷിയില്ലായിരുന്നു. കുട്ടിയുടെ സുരക്ഷിത ജീവിത ത്തിനായി പല വഴികള്‍ അന്വേഷിച്ചു. ക്രിസ്ത്യന്‍ മഠങ്ങള്‍ക്ക് നല്‍കാന്‍ വരെ ശ്രമമുണ്ടായി. ഇതിനിടെ ജുവനൈല്‍ ജെസ്റ്റിസ് സ്ഥാപനമായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ കുറിച്ചറിഞ്ഞ് യുവതിയുടെ കുടുംബം കുട്ടിയെ മാതാവിന്റെ സമ്മതത്തോടെ ഏല്‍പ്പിക്കുകയായിരുന്നു.
വിവരം അറിഞ്ഞ കമ്മിറ്റി ഇന്നലെ പ്രത്യേകം നടത്തിയ സിറ്റിംഗ് തീരുമാനപ്രകാരം സമിതി അംഗങ്ങള്‍ നേരിട്ടെത്തി കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു. കുടുംബ പശ്ചാത്തലത്തെ കുറിച്ച് ജില്ലാ പ്രൊബഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ നല്‍കിയ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം കുട്ടിയെ ഏറ്റെടുത്ത് കോഡുര്‍ ശിശുപരിപാലന കേന്ദ്രത്തിലേക്ക് അയച്ചു.
കുട്ടിയെ അമ്മക്ക് തിരിച്ച് ഏറ്റെടുക്കാനുള്ള സാഹചര്യത്തെ കുറിച്ചും കുട്ടിയുടെ സംരക്ഷണം, സുരക്ഷിതത്വം, റിഹാബിലിറ്റേഷന്‍ എന്നിവയെ കുറിച്ച് അമ്മക്ക് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ കൗണ്‍സിലിംഗ് നല്‍കി. 60 ദിവസത്തിനകം കുട്ടിയെ തിരിച്ചെടുക്കാന്‍ കഴിയാതെ വന്നാല്‍ കുട്ടിയെ നിയമപരമായി നല്ല കുടുംബത്തിന് ദത്ത് നല്‍കുന്നതിനുള്ള നടപടികള്‍ സമിതി സ്വീകരിച്ചേക്കും.
ശിശുക്ഷേമ സമിതിയില്‍ നിന്നെത്തിയ റാബിയ,കെ. അഫ്‌സത്ത് എന്നിവര്‍ കുഞ്ഞിന് പാല്‍ നല്‍കി മുത്തമിട്ടതോടെ പുതിയ ലോകത്തേക്കുള്ള സിത്താരയുടെ പ്രവേശനമായി.ഈ വര്‍ഷം ഇത്തരത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് സിത്താര. ചൈല്‍ഡ് ലൈന്‍ മെമ്പര്‍മാരായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, എം മണികണ്ഠന്‍, അഡ്വ. ഹാരിസ്, ജില്ലാ പ്രൊബഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

---- facebook comment plugin here -----

Latest