Connect with us

Editorial

പാലിക്കപ്പെടേണ്ട നിയന്ത്രണങ്ങള്‍

Published

|

Last Updated

രാഷ്ട്ര തലസ്ഥാന നഗരി ഉള്‍പ്പെടുന്ന ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി (എ എ പി) സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. അധികാരം ജനങ്ങള്‍ക്കെന്ന പ്രഖ്യാപനവുമായി, അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് രാം ലീലാ മൈതാനിയില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എ എ പി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു മാസം പിന്നിട്ടതേയുള്ളു. ഒരു സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ ഈ കാലയളവ് തീര്‍ത്തും അപര്യാപ്തമാണ്. എന്നാല്‍ വൈദ്യുതി നിരക്ക് പകുതിയാക്കി വെട്ടിക്കുറക്കാമെന്നും ഒരു കുടുംബത്തിന് പ്രതിദിനം 700 ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുമെന്നുമുള്ള എ എ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രി കെജ്‌രിവാള്‍ “ഫുള്‍ മാര്‍ക്ക്” നേടിയിരിക്കുന്നു. ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങള്‍ കാത്തിരുന്ന് കാണേണ്ടതാണ്. പ്രതിദിനം 10 മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ഡല്‍ഹിയില്‍ വൈദ്യുതി വിതരണ ചുമതലയുള്ള മൂന്ന് കമ്പനികള്‍ ഉടനടി ഭീഷണി മുഴക്കിക്കഴിഞ്ഞു. ഈ കമ്പനികള്‍ വിതരണത്തിനായി വൈദ്യുതി വാങ്ങുന്നത് എന്‍ ടി പി സി , എന്‍ എച്ച് പി സി എന്നിവയില്‍ നിന്നാണ്. വൈദ്യുതി വാങ്ങിയ വകയില്‍ നല്‍കേണ്ട പണം കൊടുക്കാനാകാത്ത അവസ്ഥയാണെന്നാണ് വിതരണ കമ്പനികള്‍ അവകാശപ്പെടുന്നത്. ടാറ്റയുടെയും മുകേഷ് അംബാനിയുടെയും ഉടമസ്ഥതയിലുള്ളതാണ് ബി ആര്‍ പി എല്‍, ബി വൈ പി എല്‍, ടി പി ഡി ഡി എല്‍ എന്നീ വൈദ്യുതി വിതരണ കമ്പനികള്‍. വൈദ്യുതി ഉപയോഗിച്ച വകയില്‍ ഡല്‍ഹി സര്‍ക്കാര്‍ 4000 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടത്രെ. വൈദ്യുതി നിരക്ക് പകുതിയായി വെട്ടിക്കുറക്കുക കൂടി ചെയ്തതോടെ വൈദ്യുതി ഇല്ലാതെ കഴിയുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കമ്പനികളുടെ അക്കൗണ്ടുകള്‍ സി എ ജിയുടെ പരിശോധനക്ക് വിധേയമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് വിതരണ കമ്പനികള്‍ കെജ്‌രിവാള്‍ സര്‍ക്കാറിനെതിരെ ഇരുട്ടടി പ്രഖ്യാപിച്ചത്.
ഡല്‍ഹി ജനതയുടെ ഹിതമനുസരിച്ച് രൂപവത്കരിച്ചതാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി സര്‍ക്കാര്‍. അഴിമതി അവസാനിപ്പിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത കെജ്‌രിവാള്‍ മന്ത്രിസഭ ഒരു ചുവട് കൂടി മുന്നോട്ട് വെക്കാന്‍ ഒരുങ്ങുകയാണ്. ഡല്‍ഹി ജന്‍ ലോക്പാല്‍ ബില്‍ തയ്യാറായിക്കഴിഞ്ഞു. അഴിമതിക്കെതിരെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഈ ബില്ലില്‍ ജനഹിതമറിയാന്‍ ഈ മാസം 16ന് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഇതിലേക്ക് ക്ഷണമുണ്ട്.
അതിനിടയിലാണ് മുഖ്യമന്ത്രി കെജ്‌രിവാള്‍ അഴിമതിക്കാരായ നേതാക്കളുടെ പട്ടിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ വിവിധ കക്ഷിനേതാക്കളായ നിതിന്‍ ഗാഡ്കരി, മുലായം സിംഗ്, മായാവതി, ജഗന്‍മോഹന്‍ റെഡ്ഢി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവരും എ എ പി നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച അഴിമതിക്കാരുടെ പട്ടികയിലുണ്ട്. അഴിമതിക്കാരായി വിശേഷിപ്പിച്ചതിനെതിരെ പല നേതാക്കളും നിയമ നടപടിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വരുംവരായ്കകള്‍ കാത്തിരുന്ന് കാണാമെന്നാണ് എ എ പിയുടെ നിലപാട്. മന്ത്രിയുടെ നേതൃത്വത്തില്‍ ഉഗാണ്ടക്കാരികളുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡ്, പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നടത്തിയ റോഡ് ഉപരോധം, പൊതു മൈതാനിയിലെ നിയമസഭാ സമ്മേളനങ്ങള്‍, പാര്‍ട്ടി ഫണ്ടിന്റെ കണക്കുകള്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കാതിരിക്കല്‍, ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ നടത്തിയ വിമര്‍ശം തുടങ്ങി എ എ പി സര്‍ക്കാറിനെതിരെ വിമര്‍ശങ്ങള്‍ പലതുമുണ്ട്. ജനപിന്തുണ തങ്ങള്‍ക്കനുകൂലമാണെന്ന് കരുതി, ജനാധിപത്യ ഭരണക്രമത്തില്‍ അവശ്യം പാലിക്കപ്പെടേണ്ട നിയന്ത്രണങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് ആരും തെറ്റിദ്ധരിക്കരുത്. ജനപ്രിയ അരാജകത്വം ഭരണത്തിന് പകരമാകില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചതും മറ്റൊന്നുമല്ല. ലൈംഗിക പീഡനങ്ങള്‍ ഡല്‍ഹിയില്‍ ഇപ്പോഴും തുടര്‍ക്കഥയാകുകയാണ്. ഗുണ്ടാ വിളയാട്ടം തുടരുന്നു, അവശ്യസാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റം തുടങ്ങി ഭരണകൂടത്തിന്റെ ശ്രദ്ധപതിയേണ്ട മേഖലകള്‍ നിരവധിയുണ്ട്. ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ഭരണത്തില്‍ നിന്ന് എ എ പി സര്‍ക്കാര്‍ പുലര്‍ത്തുന്ന വ്യത്യസ്തത എന്തെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. അവരുടെ കാത്തിരിപ്പിനും ഒരു പരിധിയുണ്ടെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ മനസ്സിലാക്കണം.