ബാലാവകാശ കമ്മീഷന്‍ ജില്ല സന്ദര്‍ശിച്ചു: ആദിവാസി ഹോസ്റ്റലിലെ ദുരവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശം

Posted on: February 2, 2014 3:39 am | Last updated: February 2, 2014 at 3:39 am

കല്‍പ്പറ്റ: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ജില്ലയിലെ വിവിധ ആദിവാസി പ്രദേശങ്ങളിലെ കുട്ടികളുടെ സാമൂഹിക-വിദ്യാഭ്യാസ-ആരോഗ്യ സ്ഥിതി വിലയിരുത്തി. മേപ്പാടിക്ക് സമീപം ചൂരല്‍മലയിലെ ആദിവാസി കോളനിയില്‍ റേഷന്‍ സാധനങ്ങളുടെ വിതരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന പ്രദേശവാസികളുടെ പരാതിയില്‍ റേഷന്‍വിതരണം 15 ദിവസത്തിനുള്ളില്‍ പുന:സ്ഥാപിച്ച് വിവരം അറിയിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കണിയാമ്പറ്റ ചിത്രമൂലയിലെ അപകടാവസ്ഥയിലായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം ഒരു മാസത്തിനകം മറ്റൊരുകെട്ടിടത്തിലേക്ക് മാറ്റാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കിടക്കയും മറ്റും ലഭ്യമാക്കുക, അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഓരോ അന്തേവാസിക്കുമായി കെയര്‍ പ്ലാന്‍ തയ്യാറാക്കുക, കൗണ്‍സലറെ നിയമിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടുവെച്ചു.
മേപ്പാടിയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് അരിവാള്‍ രോഗബാധിതനായ കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചതായി കമ്മീഷന്‍ കണ്ടെത്തി. ചൂരല്‍മല കോളനിയില്‍ അരിവാള്‍ രോഗംമൂലം ബുദ്ധിമുട്ടുന്ന സ്ത്രീയേയും കുട്ടിയേയും സന്ദര്‍ശിച്ച കമ്മീഷന്‍ ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. അംഗവൈകല്യം സംഭവിച്ച കുട്ടികള്‍ക്ക് വൈദ്യസഹായം എത്തിക്കുവാനും അരിവാള്‍ രോഗബാധ തടയുന്നതിന് എല്ലാ ആദിവാസി കോളനികളിലും ഒരു മാസത്തിനകം വൈദ്യപരിശോധന നടത്തി ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് പഠനസൗകര്യവും കിടക്കയും ആവശ്യത്തിന് വെളിച്ചവും ഇല്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാനും കുട്ടികള്‍ക്ക് റേഡിയോ കേള്‍ക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും ട്രൈബല്‍ വെല്‍ഫയര്‍ ഡയറക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഒരു കുട്ടിക്ക് അരിവാള്‍ രോഗവും ടി.ബി.യും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ ആവശ്യമായ പരിശോധന നടത്താനും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച റെക്കാര്‍ഡുകള്‍ സൂക്ഷിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നീലാ ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സെക്രട്ടറി സി.കെ. വിശ്വനാഥന്‍, കമ്മീഷനംഗം ഗ്ലോറി ജോര്‍ജ്ജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വി.പി. പ്രമോദ്കുമാര്‍, കണ്‍സള്‍ട്ടന്റ് കെ.പി. ഉണ്ണികൃഷ്ണന്‍ നായര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.