Connect with us

International

ഉക്രൈന്‍ പ്രക്ഷോഭത്തെ പിന്തുണച്ച് യു എസും യൂറോപ്യന്‍ യൂനിയനും

Published

|

Last Updated

മ്യൂണിക്/കീവ്: ഉക്രൈനില്‍ രാജ്യ വ്യാപകമായി നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്റെയും പരസ്യ പിന്തുണ. ഉക്രൈനിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ചര്‍ച്ചയിലാണ് ഉക്രൈനിലെ അക്രമാസക്തരായ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹെര്‍മാന്‍ വാന്‍ റോംപ്യുവും രംഗത്തെത്തിയത്. അതേസമയം, ഉക്രൈന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളെടുക്കുന്ന നിലപാട് പ്രകോപനപരവും ഇരട്ടത്താപ്പ് നിലപാടുമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് തുറന്നടിച്ചു.
ഉക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്ച് യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര കരാര്‍ മരവിപ്പിച്ച് റഷ്യയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കെയാണ് പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി അമേരിക്കയും യൂറോപ്യന്‍ യൂനിയനും രംഗത്തെത്തുന്നത്. ഉക്രൈനിലെ പ്രക്ഷോഭം ജനാധിപത്യത്തിന് വേണ്ടിയുള്ള സമരമാണെന്ന വ്യാഖ്യാനമാണ് ജോണ്‍ കെറി നല്‍കിയത്. തങ്ങളുടെ രാജ്യത്തിന്റെ ഭാവി എങ്ങനെയാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉക്രൈന്‍ ജനതക്കുണ്ടെന്നും പ്രക്ഷോഭകര്‍ക്ക് സഹായം നല്‍കുമെന്നും കെറി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉക്രൈന്‍ പ്രക്ഷോഭ നേതാവ് വിറ്റലി ക്ലിറ്റ്‌സചെകോയുമായി ജോണ്‍ കെറി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമൃദ്ധമായ രാജ്യത്ത് സുരക്ഷിതമായി ജീവിക്കാന്‍ വേണ്ടിയാണ് ഉക്രൈന്‍ ജനത പ്രക്ഷോഭം നടത്തുന്നതെന്നും കെറി വിശദീകരിച്ചു.
അതേസമയം, ഉക്രൈനിലെ അക്രമാസക്ത പ്രക്ഷോഭത്തെ ജനാധിപത്യത്തിന് സമരമായി വ്യാഖ്യാനിച്ചതിനെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പോലീസിനും ജനങ്ങള്‍ക്കുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഒരു രാജ്യത്തിന്റെ ഭരണം സ്തംഭിപ്പിക്കുകയും നാസി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുന്ന അക്രമസംഘത്തെ എങ്ങനെയാണ് ന്യായീകരിക്കാനാകുകയെന്നും ലവ്‌റോവ് ചോദിച്ചു.

Latest