താജുൽ ഉലമ ഇനി ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍

Posted on: February 2, 2014 6:25 am | Last updated: February 4, 2014 at 12:04 am
SHARE

ullal thangal new

പയ്യന്നൂര്‍: നൂറ്റാണ്ടിന്റെ പണ്ഡിത തേജസ്സ് ഇനി ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍. ഏഴ് പതിറ്റാണ്ടിലേറെക്കാലം മുസ്ലിം ഇന്ത്യയെ നേര്‍വഴിയിലേക്ക് നയിച്ച മഹാമനീഷി ഇനി ഇല്ല. ഇന്നലെ വഫാത്തായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ജനാസ ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ എട്ടിക്കുളത്ത് ഖബറടക്കി.

രാവിലെ 7 മണിക്ക് തുടങ്ങിയ മയ്യിത്ത് നിസ്‌ക്കാരം പല ഘട്ടങ്ങളിലായി മണിക്കൂറുകള്‍ നീണ്ടു. ആദ്യ മയ്യിത്ത് നിസ്‌ക്കാരത്തിന് മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. ഖബറടക്കത്തിന് ശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് തല്‍ഖീന്‍ ചൊല്ലിക്കൊടുത്തത്. മന്ത്രിമാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

തങ്ങളവര്‍കളുടെ വിയോഗവാര്‍ത്ത അറിഞ്ഞത് മുതല്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് എട്ടിക്കുളത്തെ വസതിയിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. രാത്രിയും പകലും വ്യത്യാസമില്ലാതെ അന്ത്യ ചടങ്ങുകള്‍ നടക്കുമ്പോഴും അത് തുടര്‍ന്നു. ജനത്തിരക്ക് മൂലം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ പതിനായിരങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

ullal thangal janaza (2)
ഉള്ളാള്‍ തങ്ങളുടെ ജനാസ ഖബറടക്കത്തിനായി കൊണ്ടുപോകുന്നു

ഇന്നലെ വൈകീട്ട് 3.40ഓടെയാണ് താജുല്‍ ഉലമ വഫാത്തായത്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി എന്ന അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ 1341 റ. അവ്വല്‍ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലാണ് ജനിച്ചത്. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി. വാഴക്കാട് കൊന്നാര് തങ്ങന്മാരില്‍ പ്രമുഖരായിരുന്ന അഹ്മദ് കുഞ്ഞുള്ള തങ്ങള്‍ ബുഖാരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെ മകള്‍ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്.

12622_703642453001430_642906518_n
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ തിരക്ക്

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നാണ് ഖുര്‍ആനും പ്രാഥമിക ദര്‍സീ കിതാബുകളും പഠിച്ചത്. കരുവന്‍തിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നത്. പള്ളി നടത്തിപ്പുകാരുമായി തെറ്റി അദ്ദേഹം കരുവന്‍തിരുത്തിയിലെ പാടത്തെ പള്ളിയിലേക്ക് ദര്‍സ് മാറ്റി സ്ഥാപിച്ചപ്പോള്‍ തങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്നു. പിന്നീട് ‘പൊന്നുംകട്ട’ എന്ന പേരില്‍ പ്രസിദ്ധനായ പൊന്നാനിയിലെ കോടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍ കരുവന്‍തിരുത്തിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. കൊടുവള്ളിക്കടുത്ത കളരാന്തിരിയില്‍ കോണപ്പുഴ മുഹമ്മദ് മുസ്‌ലിയാരുടെ (കോടമ്പുഴ ബാവ മുസ്‌ലിയാരുടെ പിതാവ്) ദര്‍സിലും ഒന്നര മാസം പഠിച്ചു. പറമ്പത്ത് ദര്‍സ് നടത്തിയിരുന്ന പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സിലായിരുന്നു അടുത്ത പഠനം. അതും ഒന്നര മാസക്കാലം മാത്രമേ നീണ്ടുനിന്നുള്ളൂ. പറമ്പത്ത് നിന്ന് കരുവന്‍തിരുത്തി ദര്‍സിലേക്ക് തന്നെ മടങ്ങിയെത്തി. എ പി അബ്ദുര്‍റഹ്മാന്‍ എന്ന അവറാന്‍ മുസ്‌ലിയാരായിരുന്നു ഉസ്താദ്. പിന്നീട് പറവണ്ണ മൊയ്തീന്‍ കട്ടി മുസ്‌ലിയാര്‍ പരപ്പനങ്ങാടി പനയത്തിങ്ങലില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ അവിടെ ചേരാന്‍ ഒരുങ്ങിയെങ്കിലും, പറവണ്ണയുടെ നിര്‍ദേശാനുസാരം പറമ്പത്ത് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയായിരുന്നു. മൂന്നര വര്‍ഷം കണ്ണിയത്തിന്റെ കീഴില്‍ പഠിച്ച ശേഷം പനത്തില്‍ പള്ളിയിലെ കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ലിയാരുടെ ദര്‍സിലേക്ക് മാറി. തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്‌ലിയാരുടെ ശിഷ്യനായി നങ്ങാട്ടൂര്‍ ദര്‍സിലും പഠിച്ചിരുന്നു.

1781973_703642336334775_1626746670_n
ഉള്ളാള്‍ തങ്ങളുടെ മയ്യിത്ത് നിസ്ക്കാരത്തില്‍ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്

ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ദര്‍സ് നടത്തുന്നുണ്ടെന്നും അങ്ങോട്ട് പോകണമെന്നും കണ്ണിയത്ത് നിര്‍ദേശിച്ചതനുസരിച്ച് ബാഖിയാത്തിലേക്ക് പുറപ്പെട്ടെങ്കിലും, ഇ കെ തലക്കടുത്തൂരിനടുത്ത പറമ്പത്ത് ദര്‍സിലാണെന്ന് വഴിക്കുവെച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടാമതും പറമ്പത്ത് ദര്‍സില്‍ ചേര്‍ന്നു. ഇ കെ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം കോളജിലേക്ക് മാറിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചു. രണ്ട് കൊല്ലം തളിപ്പറമ്പിലും പഠിച്ചു. അവിടെ നിന്നാണ് ബിരുദപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോയത്. ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരുടെ ശിക്ഷണത്തില്‍ രണ്ട് വര്‍ഷം അവിടെ പഠിച്ചു. ഒന്നാം റാങ്കോടെ വെല്ലൂരില്‍ നിന്ന് ബിരുദം നേടി തിരിച്ചെത്തിയ ഉടനെ കാസര്‍കോട് ഖാസിയും തന്റെ ഉസ്താദുമായ അവറാന്‍ മുസ്‌ലിയാരുടെ നിര്‍ദേശമനുസരിച്ച് ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. ഹിജ്‌റ 1371ല്‍ ആരംഭിച്ച ആ സേവനം ആറ് പതിറ്റാണ്ടായി തുടര്‍ന്നുവരികയായിരുന്നു.

ULLAL THANGAL OLD PHOTOS (1)
മര്‍കസ് ബിരുദാനന്തര കോഴ്‌സ മൗലാനാ കണ്ണിയത്ത് ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലത്ത്, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, വി എം ഇമ്പിച്ചാലി മുസ്ലിയാര്‍, വടകര മമ്മദ് ഹാജി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ സമീപം

1956-ലാണ് സംഘടനാ രംഗത്തേക്ക് വരുന്നത്. ആ വര്‍ഷം സെപ്തംബര്‍ 20ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുത്തു. 1965 ആഗസ്റ്റ് 20ന് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ തങ്ങളും ഉള്‍പ്പെട്ടിരുന്നു. അയനിക്കാട് ഇബ്‌റാഹിം മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സമസ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1976 നവംബര്‍ 29ന് തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ 1989ല്‍ സമസ്ത പ്രസിഡന്റായി. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്നു. 1992ല്‍ രൂപവത്കൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ULLAL THANGAL OLD PHOTOS

ULLAL THNAGAL AND EK
താജുല്‍ ഉലമയും ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ് ലിയാരും അവേലത്ത് തങ്ങളും (ഫയല്‍ ഫോട്ടോ)

രാമന്തളിയിലെ സയ്യിദ് അഹ്മദ് കോയ തങ്ങളുടെ പുത്രി സയ്യിദത്ത് ഫാത്വിമ കുഞ്ഞി ബീവിയാണ് ഭാര്യ. ഹാമിദ് ഇമ്പിച്ചി കോയതങ്ങള്‍, ഫസമ്മല്‍ കോയമ്മ തങ്ങള്‍ എന്നിവര്‍ പുത്രന്മാരാണ്. ബീകുഞ്ഞി (മഞ്ചേശ്വരം), മുത്ത്ബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റബീവി (കാസര്‍കോട് തിരുത്തി), ചെറിയബീവി (കാസര്‍ഗോട് ഉടുമ്പുന്തല), റംലബീവി (കുമ്പോല്‍) എന്നീ പെണ്‍കുട്ടികളുമുണ്ട്.

തങ്ങളുടെ പഴയ ഒരു പ്രഭാഷണത്തില്‍ നിന്ന്:

LEAVE A REPLY

Please enter your comment!
Please enter your name here