Connect with us

Kasargod

അണങ്കൂര്‍ പൗരാവലിയുടെ വോളിബോള്‍ ടൂര്‍ണമെന്റ് ഇന്ന്

Published

|

Last Updated

കാസര്‍കോട്: ജാതി മതഭേദമന്യേ എല്ലാ വിഭാഗക്കാരേയും കോര്‍ത്തിണക്കി അണങ്കൂര്‍ പൗരാവലിയുടെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് അണങ്കൂര്‍ ജംഗ്ഷനില്‍ ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അണങ്കൂര്‍ ഉള്‍പ്പടെ ഇടയ്ക്കിടെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്ന കാസര്‍കോടും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷമുണ്ടാക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലൂടെ ജനങ്ങള്‍ക്കിടയില്‍ സാഹോദര്യവും സൗഹൃദവും നിലനിര്‍ത്തി ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച് സമാധാനാന്തരീക്ഷത്തിലേക്ക് ജനങ്ങളെ ചിന്തിപ്പിക്കുക എന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.
വൈകുന്നേരം നാലുമണിക്ക് ജനമൈത്രി ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും, ടൂര്‍ണമെന്റും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ പി ബി അബ്ദുറസാഖ്, കെ കുഞ്ഞിരാമന്‍(ഉദുമ), നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ടീമും അണങ്കൂര്‍ പൗരാവലി ടീമും പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ജില്ലയിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും.
പത്രസമ്മേളനത്തില്‍ മജീദ് കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, ഹാരിസ് മസ്താന്‍, ഖാലിദ് ചിപ്പ്, കെ എം സുലൈമാന്‍ സംബന്ധിച്ചു.

Latest