അട്ടപ്പാടി ബ്ലോക്കില്‍ 13 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി

Posted on: February 1, 2014 1:48 am | Last updated: February 1, 2014 at 1:48 am

പാലക്കാട്: 12-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ 13 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി. 2014-15 ലെ വാര്‍ഷിക പദ്ധതിയും പദ്ധതി നിര്‍ദ്ദേശങ്ങളും സംബന്ധിച്ച വികസന സെമിനാര്‍ ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അഗളി ഐ ടി ഡി പി കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജന്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ കെ കെ ആനന്ദ് കരട് പദ്ധതി അവതരിപ്പിച്ചു. സെമിനാറില്‍ 13 കോടി രൂപയുടെ വാര്‍ഷിക പദ്ധതി അംഗീകരിച്ചു. 5.38 കോടി രൂപ വികസന പദ്ധതികള്‍ക്കായും 45 ലക്ഷം രൂപ മെയിന്റനന്‍സ് ഗ്രാന്റായും നീക്കിവെച്ചു. 2.14 കോടി സംസ്ഥാനാവിഷ്‌കൃത പദ്ധതി വിഹിതമായും 3.36 കോടി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായും തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതമായി 1.84 കോടി രൂപയും വകയിരുത്തി.
പാലിയേറ്റീവ് കെയറിന് 27 ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മൃഗസംരക്ഷണം, മണ്ണ് സംരക്ഷണം, ക്ഷീര വികസനം, ജലസേചനം, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലേക്കും കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, അഗളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, നെല്ലിപ്പതി പട്ടികജാതി ഹോസ്പിറ്റല്‍ എന്നിവയുടെ നവീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ജെ ആന്റണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഈശ്വരി രേശന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറലി അക്ബര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു സണ്ണി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലക്ഷ്മി കനകരാജ്, മെമ്പര്‍മാരായ എം ആര്‍ സത്യന്‍, പി ശറഫുദ്ദീന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.