നെല്‍കൃഷി ഉണങ്ങുന്നു: കര്‍ഷകര്‍ നെല്‍പ്പാടങ്ങള്‍ക്ക് തീയിട്ടേക്കും

Posted on: February 1, 2014 1:47 am | Last updated: February 1, 2014 at 1:47 am

ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍ പദ്ധതിക്ക് കീഴിലെ വാലറ്റ പ്രദേശത്തെ നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. കര്‍ഷകര്‍ വിളയാറായ നെല്‍പ്പാടങ്ങള്‍ തീയിട്ട് നശിപ്പിക്കാന്‍ ഒരുങ്ങുന്നു. പാലതുള്ളി, ഓലശ്ശേരി, ചിരയങ്കാട്, മടിയപ്പാടം എന്നീ പ്രദേശത്തെ 50 ഏക്കര്‍ വരുന്ന നെല്‍പ്പാടങ്ങളാണ് ഉണങ്ങി നശിക്കുന്നത്.
ജലസേചനത്തിനായി കൂടുതല്‍ വ്യാസമുള്ള ഓവുകള്‍ സ്ഥാപിക്കാത്തതും യഥാസയമം വെള്ളം ലഭിക്കാത്തതുമാണ് കൃഷി ഉണങ്ങാനുള്ള പ്രധാന കാരണം. പി എ പി പദ്ധതിയില്‍ നിന്നു ഈ പ്രദേശത്തേക്ക് 1973 ലാണ് കനാല്‍ നിര്‍മിച്ച് ജലസേചനം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ ഏഴ് ദിവസത്തില്‍ അഞ്ച് ദിവസവും വെള്ളം ലഭിച്ചിരുന്നു. പിന്നീട് 10 ദിവസത്തില്‍ നാല് ദിവസവും ഇപ്പോള്‍ ഒരിക്കല്‍പോലും വെള്ളം എത്താത്ത സ്ഥിതിയാണ്.
ഇവിടുത്തെ കൃഷിയിടത്തേക്ക് ജലസേചനത്തിനായി പ്രധാന കനാലില്‍ നിന്നു നാല് ഇഞ്ച് വ്യാസത്തിലുള്ള ഓവുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഏറെ നാള്‍ വൈകി വരുന്ന വെള്ളം ഈ ഓവുകളിലൂടെ കടന്ന് 50 ഏക്കര്‍ വരുന്ന നെല്‍പ്പാടങ്ങളില്‍ മുഴുവനായും എത്താറില്ല. ആയതിനാല്‍ തന്നെ ഇത്തരം ഓവുകള്‍ക്ക് പകരം എട്ട് ഇഞ്ച് വ്യാസമുള്ള ഓവുകള്‍ മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ പ്രദേശത്തെ കര്‍ഷകര്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ആളിയാറില്‍നിന്നു വാലറ്റ പ്രദേശത്തേക്ക് വരുന്ന വെള്ളം കനാലിന്റെ മുകള്‍ഭാഗത്തെ കര്‍ഷകര്‍ അനധികൃതമായി ചോര്‍ത്തികൊണ്ട് പോവുന്നതായും പരാതിയുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ പോലിസിന്റെ സംരക്ഷണയോടെ യഥാസമയം വെള്ളം വാലറ്റ പ്രദേശത്തെ കര്‍ഷകര്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും ചെവികൊള്ളുന്നില്ല.
ഈ പ്രദേശത്ത് ഉമാ മട്ട നെല്‍കൃഷിയാണ് ചെയ്യുന്നത്. വിളയറായി 30 ഏക്കര്‍ നെല്‍കൃഷി ഉണങ്ങി നശിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ പ്രദേശത്തേക്ക് വെള്ളം ലഭിച്ചില്ലെങ്കില്‍ 300 ഏക്കര്‍ വരുന്ന വിളയറായ നെല്‍പ്പാടങ്ങള്‍ പൂര്‍ണമായും ഉണങ്ങി നശിക്കും. ഈ സാഹചര്യത്തില്‍ തീവച്ച് നശിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.