ചെമ്പ്ര തോട് സംരക്ഷണത്തിന് 62.2 ലക്ഷത്തിന്റെ ഭരണാനുമതി

Posted on: February 1, 2014 1:43 am | Last updated: February 1, 2014 at 1:43 am

പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിലെ ചെമ്പ്ര തോട് സംരക്ഷിക്കാന്‍ 62. 2 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ചെക്ക്‌പോസ്റ്റില്‍ നിന്നും തിരുവേഗപ്പുറ- പാലത്തറ ഗൈറ്റ് റോഡ് ചെമ്പ്രയിലെ തോട് കൊപ്പം, തിരുവേഗപ്പുറ പഞ്ചായത്തുകളിലൂടെ തൂതപ്പുഴയിലാണ് എത്തിച്ചേരുന്നത്. പഞ്ചായത്തിലെ 6, 11, 12, 16, വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കൈത്തോട് കാട് കെട്ടിയും മണ്ണ്തൂര്‍ന്നും ശോച്യാവസ്ഥയിലാണ്.
ഇതിന് പുറമെ, മാലിന്യനിക്ഷേപവുമുണ്ട്. മഴക്കാലത്ത് വെള്ളം മലിനമായി പരിസരപ്രദേശങ്ങളിലെ നെല്‍കൃഷിയും മറ്റും നശിക്കുന്ന സാഹചര്യത്തില്‍ തോട് സംരക്ഷിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി സി പി മുഹമ്മദ് എം എല്‍ എക്ക് നിവേദനം നല്‍കിയിരുന്നു. തിരുവേഗപ്പുറ, കൊപ്പം പഞ്ചായത്തുകൡലൂടെ കടന്നുപോകുന്ന തോട് അരികുഭിത്തി കെട്ടി സംരക്ഷിക്കുന്നതോടെ രണ്ട് പഞ്ചായത്തുകളിലെയും ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങളിലെ നെല്‍കൃഷിമേഖലക്ക് വലിയ അനുഗ്രഹമാകും.
നബാര്‍ഡിന്റ സഹായമായി രണ്ട് കോടി രൂപ അനുവദിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടി ലഭ്യമാകുന്ന മുറക്ക് തോട് കടന്നുപോകുന്ന കാലടിക്കുന്ന്, കൈപ്പുറം, ചിനവതിക്കാവ്, വിളത്തൂര്‍, ഭാഗങ്ങളില്‍ ചിറകെട്ടി ജലസേചനം ഉറപ്പ് വരുത്താനാകും.
അടുത്തയാഴ്ച പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്ന് പ്രത്യേക സമിതിയെ തിരഞ്ഞെടുത്ത് തോടിന്റ പണി ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം എ സമദ് അറിയിച്ചു.