Connect with us

Wayanad

ഉരുളക്ക് ഉപ്പേരിയുമായി കുട്ടിശാസ്ത്രജ്ഞര്‍

Published

|

Last Updated

കല്‍പ്പറ്റ: എ സി മുറിയില്‍ കമ്പിളി പുതക്കേണ്ട കാര്യമുണ്ടോ? സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസില്‍ കുട്ടികളുടെ സമ്മേളനത്തിലെ പ്രബന്ധാവതരണത്തില്‍ ശാസ്ത്രജ്ഞരില്‍ ഒരാള്‍ കണ്ണൂര്‍ മുണ്ടേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നെത്തിയ എം.പി.നവനീതിനു നേരേ എറിഞ്ഞതാണ് ഈ ചോദ്യം. “മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ വീടുകളിലെ വൈദ്യുതി ഉപഭോഗത്തില്‍ ഉന്നത വാട്ട് ഉപകരണങ്ങളുടെ സ്വാധീനവും ഊര്‍ജോപയോഗം ലഘൂകരിക്കുന്നതിനുള്ള സാധ്യതകളും” എന്ന വിഷയത്തില്‍ പ്രബന്ധാവതരണം പൂര്‍ത്തിയാക്കിയിനു പിന്നാലെയായിരുന്നു നവനീതിനു നേരേ കുഴയ്ക്കുന്ന ചോദ്യം. വമ്പ•ാര്‍ക്ക് മുന്നിലാണ് നില്‍ക്കുന്നതെന്ന ചിന്തയില്‍ ഒട്ടും പതറാതെ നവനീതിന്റെ മറുപടി: “അത് ഭയങ്കര മണ്ടത്തരം തന്നെ”. ഇതു കേട്ടപ്പോള്‍ സദസില്‍ കരഘോഷം. വേദിയിലിരുന്ന ശാസ്ത്രകാര•ാരുടെ മുഖത്ത് പുഞ്ചിരി.
എസ്.ടി.ഇ.സി. മുന്‍ ചെയര്‍മാന്‍ ഡോ.വി.കെ.ദാമോദരന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.പ്രസാദ്, തിരുവനന്തപുരം ഗവ.വിമന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.സി.പി.അരവിന്ദാക്ഷന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍.വി.ഉമ്മന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.ടി.രാമചന്ദ്രന്‍, ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ.എസ്.രാജശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കുട്ടികളുടെ പ്രബന്ധാവതരണം.
ഫ്രിഡ്ജ്, ഇന്‍ഡക്ഷന്‍ കുക്കര്‍, മോട്ടോര്‍, ഇസ്തിരിപ്പെട്ടി, ഫിലമെന്റ് ബള്‍ബ് എന്നിവയാണ് വീടുകളിലെ മുഖ്യ കറന്റുതീനികളെന്നാണ് നവനീത് അവതരിപ്പിച്ച പ്രബന്ധത്തില്‍. ഇവയുടെ ഉപയോഗം ക്രമീകരിക്കുക വഴി വീടുകളില്‍ ഊര്‍ജോപയോഗം ഗണ്യമായി കുറയ്ക്കാമെന്ന് അതില്‍ വിശദീകരിക്കുന്നു. മുണ്ടേരി സ്‌കൂളിലെ കെ.വി.അതുല്‍രാജ്, എം.പി.നിഹാല, എം.സ്‌നേഹ, എം.ഷിബിന്‍ എന്നിവരോടൊത്താണ് നവനീത് പ്രബന്ധം തയാറാക്കിയത്. ഫ്രിഡ്ജിനു പകരം ഉപയോഗിക്കാവുന്നതും ലളിതമായി നിര്‍മിക്കാവുന്നതുമായ സീറോ പവര്‍ കൂളറിനെക്കുറിച്ചും പ്രബന്ധത്തില്‍ വിശദീകരിക്കുന്നുണ്ട്. നൈജീരിയന്‍ സ്‌കൂള്‍ ടീച്ചര്‍ മുഹമ്മദ് ബാബ 1995ല്‍ കണ്ടുപിടിച്ച പോട്ട് ഫ്രിജ്ഡില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കുട്ടികള്‍ സീറോ പവര്‍ കൂളര്‍ സംവിധാനം ചെയ്തത്. മുണ്ടേരി വലിയപറമ്പില്‍ ജനാര്‍ദനന്‍-ഹീന ദമ്പതികളുടെ മകനാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ നവനീത്.
ഭോപ്പാലില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ചതില്‍ 15 പ്രബന്ധങ്ങളുടെ പുനരവതരണമാണ് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസില്‍ നടന്നത്. കണ്ണൂര്‍ തവിടിശേരി ജി.യു.പി.എസിലെ സി.ആര്യ(ഗട്ടറില്‍ പാഴാകുന്ന ഊര്‍ജം), കോട്ടയം മാലം ജി.യു.പി.എസിലെ ആഗ്‌ന കുര്യന്‍( മാലം പ്രദേശത്തെ വൈദ്യുതി ഉപഭോഗം), ഇടുക്കി തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ ടോം ഗ്ലാഡിന്‍ ജോസ്(മണ്ണില്‍ വലിച്ചറിയുന്ന ബാറ്ററികള്‍ മണ്ണിരകളില്‍ ഉളവാക്കുന്ന ആഘാതം), വയനാട് കണിയാരം ഫാ.ജി കെ എം ഹൈസ്‌കൂളിലെ അലീന എലിസബത്ത് മാത്യു(സൈക്കിളിലേക്ക് മടങ്ങൂ ഊര്‍ജം ലാഭിക്കൂ), തിരുവനന്തപുരം കിളിമാനൂര്‍ ജി.എച്ച്.എസ്.എസിലെ ആര്‍.എസ്.ഹരികൃഷ്ണന്‍(പശുവളര്‍ത്തല്‍ കാര്യക്ഷമമാക്കാന്‍ ചാണകത്തില്‍നിന്നു വൈദ്യുതി), ആലപ്പുഴ കായംകുളം എന്‍.ആര്‍.പി.എം.എച്ച്.എസ്.എസിലെ അമൃത സുരേഷ്(നിലവിലെ വൈദ്യുതി ഉപഭോഗവും ഭാവിയും), വയനാട് കല്‍പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.പി.സ്‌നേഹഗംഗ(മെന്‍തനോജനിക് ബാക്ടീരിയ ഉപയോഗിച്ച് ജൈവവാതക പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കല്‍), തിരുവനന്തപുരം മരനെല്ലൂര്‍ ഡി വി എം എന്‍ എന്‍ എം എച്ച് എസ്.എസിലെ എ.ജെ.ഗായത്രി(മരനെല്ലൂര്‍ പഞ്ചായത്തിലെ റബ്ബര്‍ പുകപ്പുരകളും ഊര്‍ജസംരക്ഷണത്തില്‍ റബ്ബര്‍ കരിയിലയുടെ ഉപയോഗവും), കോട്ടയം പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസിലെ അനഘ വര്‍മ(സുസ്ഥിര പരിസ്ഥിതിയും ആല്‍ഗയില്‍നിന്നുള്ള ഊര്‍ജോത്പാദനവും), വയനാട് മീനങ്ങാടി ജി.എച്ച്.എസ്.എസിലെഎ.അഞ്ജന(സെല്ലുലോസ്-ഭാവിയിലെ ഊര്‍ജം), കണ്ണൂര്‍ ചെറുകുന്ന് ജി.ഡബ്ല്യൂ.എച്ച്.എസ്.എസിലെ സി.പി.അപര്‍ണ(കുടിവെള്ളത്തിന്റെ കാഠിന്യവും ഊര്‍ജനഷ്ടവും), വയനാട് മീനങ്ങാടി ജി.എച്ച്.എസ്.എസിലെ കെ.എ.സൈനുല്‍ ആബിദ്(മാലിന്യത്തില്‍നിന്നുള്ള ഊര്‍ജോത്പാദനം),മലപ്പുറം വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിലെ യു.അപര്‍ണ(സ്വയംപര്യാപ്തതയിലൂടെ ഊര്‍ജസംരക്ഷണം), കാസര്‍കോട് ഉദിന്നൂര്‍ ജി.എച്ച്.എസ്.എസിലെ എം.എ.പാര്‍വതി രവീന്ദ്രന്‍(വ്യായാമത്തിലൂടെ ഊര്‍ജം) എന്നിവരായിരുന്നു മറ്റ് പ്രബന്ധാവതാരകര്‍. വേദിയില്‍ ശാസ്ത്രജ്ഞരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിലും ഇവര്‍ പ്രദര്‍ശിപ്പിച്ചത് ഒന്നിനൊന്നു മികച്ച വൈഭവം.
സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എ.എന്‍.പി ഉമ്മര്‍കുട്ടി ഉദ്ഘാടനം ചെയ്തു. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളിലെ മികവിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരം സി.ആര്യ, പി.പി.സ്‌നേഹഗംഗ എന്നിവര്‍ സയന്‍സ് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ.വി.എന്‍.രാജശേഖരന്‍പിള്ളയില്‍നിന്നു ഏറ്റുവാങ്ങി. ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ ശാസ്ത്രജ്ഞരായ ഡോ.സി.അനില്‍കുമാര്‍, ഡോ.എസ്.ആര്‍.സുജ എന്നിവര്‍ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.

Latest