കല്ലോടി പുളിഞ്ഞാംപറ്റയിലെ അനധികൃത ക്വാറി: തുടര്‍ പ്രവര്‍ത്തനത്തിന് അധികൃതരുടെ ഒത്താശ

Posted on: February 1, 2014 1:30 am | Last updated: February 1, 2014 at 1:30 am

മാനന്തവാടി: അനധികൃത ക്വാറിക്ക് തുടര്‍പ്രവര്‍ത്തനത്തിന് അധികൃതരുടെ ഒത്താശ. എടവക പഞ്ചായത്തിലെ കല്ലോടി പുളിഞ്ഞാംപറ്റയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയാണ് ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ നീക്കം നടക്കുന്നത്.
അതിന്റെ ഭാഗമായി തന്നെ ക്വാറിക്ക് നല്‍കിയ മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി പത്രം പുതുക്കി നല്‍കാന്‍ ഉന്നതതല ഗുഢാലോചന നടക്കുകയാണ്.
ഈ വര്‍ഷം ഫെബ്രുവരി മൂന്നോടു കൂടി നിലവിലുള്ള അനുമതി കാലാവധി അവസാനിക്കും. ഇതിന് മുന്നോടിയായി അനുമതി പുതുക്കി നല്‍കാന്‍ കലട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ഒസി സംഘടിപ്പിച്ചതായിട്ടാണ് സൂചന. അതോടൊപ്പം തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാറി നിയമവിരുദ്ധമായിട്ടാണ് ലൈസന്‍സ് സമ്പാദിച്ചതെന്ന കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്.
അനുമതിക്കായി മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പഞ്ചായത്തിനും നല്‍കിയത് വ്യത്യസത പ്ലാനുകളാണെന്ന് വ്യക്തമായി. സര്‍വ്വേ നമ്പര്‍ 352, 354 എന്നിവയില്‍ 1.77 ഏക്കര്‍ സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഏക്കറില്‍ താഴെയായയതിനാല്‍ ചെറുകിട ക്വാറിയുടെ ഗണത്തില്‍പ്പെടും. എന്നാല്‍ ഇവിടെ വന്‍കിട ഉപകരണങ്ങളാണ് പാറപ്പൊട്ടിക്കുവാനായി ഉപയോഗിക്കുന്നത്. പഞ്ചായത്ത് ലൈസന്‍സ് കരസ്ഥമാക്കിയ ശേഷം വന്‍കിട യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് പാറപ്പൊട്ടിക്കുകയായിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ പാറപ്പൊട്ടിക്കല്‍ നടത്താവൂ എന്ന് എക്‌സ്‌പ്ലോസീവ് ലൈസന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ദിനം പ്രതി നൂറോളം ലോഡ് കല്ലുകളാണ് പുറത്തേക്ക് കയറ്റി കൊണ്ടു പോകുന്നത്.
ക്വാറി പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ക്വാറിക്ക് സമീപത്തെ വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായി കണ്ടെത്തുകയും നാട്ടുകാര്‍ക്ക് ഹാനികരമായ രീതിയില്‍ പാറ ഖനനം പാടില്ലെന്നും കാണിച്ച് 2013 ജൂലൈ മാസം 18ന് താഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ക്വാറിയുടെ പ്രവര്‍ത്തനത്തെകുറിച്ച് സാങ്കേതീകമായി പഠനം നടത്തണം എന്നാവശ്യപ്പെട്ട് ഒക്‌ടോബില്‍ താഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഈ റിപ്പോറട്ടുകളെല്ലാം അട്ടിമറിച്ചാണ് ഉന്നത ഉദ്യോഗസ്ഥ സ്വാധീനത്തിന്റേയും ഭരണ സ്വാധീനത്തിന്റേയും തണലില്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുന്നത്. ക്വാറിക്കെതിരെ ഉയരുന്ന ജന രോഷം കണ്ടില്ലെന്ന് നടിക്കാനാണ് അധികൃതരുടെ ശ്രമം. അതിനിടെ മലിന നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഈ മാസം മൂന്നിന് അവസാനിക്കുകയാണ്. അതോട് കൂടി പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. പ്രശനം സംബന്ധിച്ച് അടുത്ത ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് എച്ച് ബി പ്രദീപ് അറിയിച്ചു.