നവീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

Posted on: February 1, 2014 1:26 am | Last updated: February 1, 2014 at 1:26 am

കോഴിക്കോട്: ദേശീയ ഗെയിംസ് മുന്‍നിര്‍ത്തി ആറ് കോടി രൂപ ചെലവഴിച്ച് നവീകരിച്ച വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു.
35-ാമത് നാഷനല്‍ ഗെയിംസ് സംസ്ഥാനത്ത് നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്നും സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ സ്റ്റേഡിയങ്ങളുടെ നിര്‍മാണ-നവീകരണ പ്രവൃത്തി 80 ശതമാനത്തോളം പൂര്‍ത്തിയായതായും ഉദ്ഘാടന പ്രസംഗത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞു. 38 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഗെയിംസിനായി ജില്ലയില്‍ നടത്തുന്നത്. ദേശീയഗെയിംസിന് കേരളത്തെ സജ്ജമാക്കാന്‍ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഈ മാസം 10ന് ഡല്‍ഹിയില്‍ കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രി ജിതേന്ദ്രസിംഗിന്റെ സാന്നിധ്യത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനത്ത് ദേശീയഗെയിംസ് നടത്തുന്നതിനുള്ള തീയതിയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ദേശീയ ഗെയിംസിനായി തിരുവനന്തപുരം കാര്യവട്ടത്ത് നിര്‍മാണം പൂര്‍ത്തിയാക്കുന്ന സ്റ്റേഡിയം ദേശീയതലത്തില്‍ തന്നെ ഒന്നാമതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിച്ചു. എന്‍ ജി ഒ സി ഓര്‍ഗനൈസിംഗ് സെക്രട്ടറി പി എ ഹംസ മുഖ്യപ്രഭാഷണം നടത്തി. ഫഌഡ്‌ലൈറ്റ് സ്വിച്ച് ഓണ്‍കര്‍മം എ പ്രദീപ്കുമാര്‍ എം എല്‍ എയും സ്റ്റേഡിയം താക്കോല്‍ കൈമാറ്റം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും നിര്‍വഹിച്ചു. ഒളിമ്പ്യന്‍ വി ദിജു, നാഷനല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് ചീഫ് കമ്മിഷനര്‍ ജേക്കബ് പുന്നൂസ്, ജില്ലാ കലക്ടര്‍ സി എ ലത, ഡി സി സി പ്രസിഡന്റ് കെ സി അബു, ടി പി ദാസന്‍, പി വി ഗംഗാധരന്‍, കെ ജെ മത്തായി, കെ പി ബാബു പങ്കെടുത്തു.