സ്പര്‍ശം തൊഴില്‍ദാന പദ്ധതി: മൂന്ന് യൂനിറ്റുകള്‍ ആരംഭിക്കും

Posted on: February 1, 2014 1:24 am | Last updated: February 1, 2014 at 1:24 am

കോഴിക്കോട്: മാറാട് സ്പര്‍ശം സ്ത്രീകള്‍ക്കായുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതിയുടെ തുടര്‍ച്ചയായി മെച്ചപ്പെട്ട തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുന്നതിന മൂന്ന് വ്യത്യസ്ഥ യൂനിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സി എ ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫിഷറീസ് – ഗ്രാമവികസന-പരിസ്ഥിതി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ സംസ്‌കരണം, മത്സ്യം ഉപയോഗിച്ചുകൊണ്ടുള്ള വിവിധ ഭക്ഷ്യോത്പന്നങ്ങള്‍, വിദേശത്തേക്കും അന്യസംസ്ഥാനത്തെക്കും കയറ്റുമതി ചെയ്യാന്‍ പാകത്തിന് മത്സ്യം, ഉണക്ക മത്സ്യം എന്നീ യൂനിറ്റുകളും അലങ്കാര മത്സ്യ വളര്‍ത്തു പരിപാലന യൂനിറ്റ് എന്നിവ ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റിന്റെ സഹകരണത്തോടെ ആരംഭിക്കും. ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുഭിക്ഷ പദ്ധതിയുമായി ചേര്‍ന്ന് സോപ്പുനിര്‍മാണം, മെഴുകുതിരി നിര്‍മാണം, നാളികേരത്തില്‍ നിന്ന് വിവിധ മൂല്യവര്‍ധിത ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയുടെ യൂനിറ്റുകളും സ്ഥാപിക്കും.
ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നേതൃത്വത്തില്‍ ഔഷധ സസ്യ കൃഷി യൂനിറ്റും വീട്ടമ്മമാര്‍ക്കായി ഔഷധകൃഷി പരിശീലന പരിപാടിയും ആരംഭിക്കുമെന്നും നൂറിലധികം സ്ത്രീകള്‍ക്ക് ഈ പദ്ധതി വഴി തൊഴില്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു. മാറാട് സ്പര്‍ശം ഒന്നാംഘട്ടത്തില്‍ ആരംഭിച്ച വിവിധ യൂനിറ്റുകള്‍ പുനര്‍ജ്ജീവിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ തയ്യല്‍ യൂനിറ്റിന്റെ ഇലക്ട്രികല്‍ റീ വയറിംഗ് പൂര്‍ത്തിയാക്കി. കൂടാതെ പുതിയ തയ്യല്‍മെഷീനുകള്‍ ഒരു ഇലക്ട്രിക്കല്‍ അയേണ്‍ ബോക്‌സ്, കട്ടിംഗ് മെഷീന്‍, രണ്ട് പുതിയ ഫാന്‍ എന്നിവ അനുവദിച്ചു.
നവീകരിച്ച തയ്യല്‍ യൂനിറ്റില്‍ 33 സ്ത്രീകള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്. പൂട്ടികിടക്കുകയായിരുന്ന സ്‌ക്രാപ് യൂനിറ്റ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. സ്‌ക്രാപ് യൂനിറ്റിലേക്കും അപ്പര്‍ സ്റ്റിച്ചിംഗ് യൂനിറ്റിലേക്കും രണ്ട് പുതിയ ഫാനുകള്‍ നല്‍കിയതായും അവര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ മാറാട് സിവില്‍ അഡ്മിനിസ്‌ട്രേഷനുവേണ്ടി ആരംഭിച്ച പുതിയ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഒഴിവ് ദിവസങ്ങള്‍ ഉള്‍പ്പടെ 24മണിക്കൂറും ഓഫീസ് പ്രവര്‍ത്തിക്കും, പുതുതായി ആരംഭിക്കുന്ന മൂന്ന് തൊഴില്‍ യൂനിറ്റുകള്‍, മാറാട് സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കണ്‍ട്രോള്‍ റൂം കെട്ടിടം എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പത് മണിക്ക് ഫിഷറീസ് മന്ത്രി കെ ബാബു നിര്‍വഹിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.