Connect with us

Malappuram

കാന്തപുരത്തിന്റെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം; സുന്നി കുടുംബം ഇന്ന് മഞ്ചേരിയില്‍

Published

|

Last Updated

മഞ്ചേരി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം ഇന്ന് പാപ്പിനിപ്പാറ ജാമിഅ:ഹികമിയ്യ ക്യാമ്പസില്‍ നടക്കും.
ആയിരങ്ങള്‍ പങ്കെടുക്കുന്ന മീലാദ് റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. വൈകുന്നേരം നാല് മണിക്ക് പാണ്ടിക്കാട് റോഡ് ബൈപ്പാസ് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന റാലിക്ക് ജില്ലയിലെ സമുന്നത നേതാക്കളും പ്രാസ്ഥാനിക നേതാക്കളും ഉമറാക്കളും നേതൃത്വം നല്‍കും. ദഫ്, സ്‌കൗട്ട്, അറബന, തുടങ്ങിയ ഇസ്‌ലാമിക കലാ രൂപങ്ങള്‍ റാലിക്ക് കൊഴുപ്പേകും. 5.30ന് മദ്ഹുറസൂല്‍ പ്രഭാഷണം സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റഹീമുല്‍ ഖലീല്‍ ബുഖാരി കടലുണ്ടി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. “കെംസ്” ഗ്ലോബല്‍ സര്‍വീസ് സ്‌കീമിന്റെ സമര്‍പ്പണം, കെ ടി ജലീല്‍ എം എല്‍ എ നിര്‍വഹിക്കും. കാരക്കുന്ന് മമ്മദ് മുസ്‌ലിയാര്‍ സ്മാരക ബ്ലോക്കിന്റെ ഉദ്ഘാടനവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിക്കും. പരിപാടിക്കായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ നടന്ന വിളംബര പ്രഭാഷണങ്ങളും മഹാന്‍മാരുടെ മഖാമുകളിലൂടെയുള്ള സ്മൃതി യാത്രയും പ്രൗഢമായി. സയ്യിദ് ഹബീബ്‌കോയ തങ്ങള്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സൈതലവി ദാരിമി ആനക്കയം, അലവിദാരിമി ചെറുകുളം, സൈനുദ്ദീന്‍ സഖാഫി ചെറുകുളം, ഒ എം എ റഷീദ് ഹാജി, അബ്ദുറഹ്മാന്‍ കാരക്കുന്ന് തുടങ്ങിയ പ്രമുഖര്‍ സ്മൃതി യാത്രക്ക് നേതൃത്വം നല്‍കി. മഞ്ചേരിയില്‍ സംഗമിച്ച സൃമൃതി യാത്രകള്‍ ബൈക്ക് റാലിയുടെ അകമ്പടിയോടെ ഹികമിയ്യ ക്യാമ്പസില്‍ സമാപിച്ചു. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. സ്ത്രീകള്‍ക്ക് സമ്മേളനം ശ്രവിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി മഞ്ചേരി ടൗണിലേക്കും പൂക്കോട്ടൂരിലേക്കും പ്രത്യേക വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

Latest