രാഷ്ട്രീയാധികാരത്തിന് ശ്രമിക്കും: വെള്ളാപ്പള്ളി

Posted on: February 1, 2014 1:10 am | Last updated: February 1, 2014 at 1:10 am

VELLAPPALLI NADESANതിരുവനന്തപുരം: ഇടത്, വലത് മുന്നണികളുടെ നിരന്തര അവഗണന നേരിടുന്ന വിഭാഗങ്ങളെ ഒരുമിപ്പിച്ച് രാഷ്ട്രീയാധികാരം നേടുന്നതിന് ഏതറ്റം വരെയും പോകുമെന്ന് എസ് എന്‍ ഡി പി യോഗം ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരം ശംഖുമുഖത്ത് നടന്ന തിരുവിതാംകൂര്‍ ഈഴവ മഹാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ ഐക്യമെന്നത് നായര്‍, ഈഴവ ഐക്യമല്ല, അത് നാടോടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമാണ്. അവഗണനയും വഞ്ചനയും സഹിച്ചുകൊണ്ട് ആരുടെയും അടിയാളായി ജീവിക്കാനാകില്ല. ഇടത്, വലത് മുന്നണികളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് കാണാനാകും. എല്ലാ സമൂദായങ്ങള്‍ക്കും സംഘടനകള്‍ ഉണ്ടായിരിക്കേ ഈഴവര്‍ മാത്രം സംഘടിച്ചാല്‍ അതില്‍ ഭയപ്പെടുന്നതെന്തിനാണ്?
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ തുറന്നടിക്കാനുള്ള സന്ദര്‍ഭം വെള്ളാപ്പള്ളി പാഴാക്കിയില്ല. നായര്‍, ഈഴവ ഐക്യത്തിന്റെ കാര്യത്തില്‍ സുകുമാരന്‍ നായര്‍ വഞ്ചിക്കുകയായിരുന്നു. ദേവസ്വം ബില്ലുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ചക്കു ശേഷം ഒരു ചര്‍ച്ചക്കും സുകുമാരന്‍ നായര്‍ തയ്യാറായില്ല. അദ്ദേഹം തമ്പ്രാനും മറ്റുള്ളവര്‍ അടിയാനുമാണെന്ന് ഉദ്ദേശ്യമാണ് സുകുമാരന്‍ നായര്‍ക്കുള്ളത്. അവര്‍ ദാര്‍ഷ്ട്യത്തോടെയാണ് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് എം എന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, യോഗം നിയമോപദേഷ്ടാവ് അഡ്വ. എം എന്‍ രാജന്‍ബാബു, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രസം ഗിച്ചു.