‘ഡോ. അബ്ദുല്ല തര്യമിന്റെ നിര്യാണം അറബ് മാധ്യമ മേഖലക്ക് വന്‍ നഷ്ടം’

Posted on: January 31, 2014 6:45 pm | Last updated: January 31, 2014 at 6:45 pm

dr abdullaഷാര്‍ജ: അറബ് മേഖലയില്‍ പത്രപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയ മാധ്യമ ഉടമയാണ് ഇന്നലെ നിര്യാതനായ ഡോ. അബ്ദുല്ല ഉമ്‌റാന്‍ തര്യം. ദാര്‍ അല്‍ ഖലീജ് പത്ര ശൃംഖലയുടെ ചെയര്‍മാനായ ഡോ. അബ്ദുല്ല ഭരണാധികാരികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ പോലെ സ്വീകാര്യനായിരുന്നു.

മധ്യപൗരസ്ത്യദേശത്തെ രാഷ്ട്രീയ ഗതിവിഗതികളില്‍ സന്തുലിതമായ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളുടെ കെട്ടുറപ്പിന് നിലവിലെ സ്ഥിതി തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു.
1948ല്‍ ഷാര്‍ജയിലാണ് ഡോ. അബ്ദുല്ല ജനിച്ചത്. ഷാര്‍ജയിലും കുവൈത്തിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കെയ്‌റോ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും യു കെയിലെ എക്‌സ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ആധുനിക ചരിത്രത്തില്‍ പി എച്ച് ഡിയും നേടി. 1970ലാണ് മൂത്ത സഹോദരന്‍ തര്യം ഉമ്‌റാനൂമായി ചേര്‍ന്ന് ദാര്‍ അല്‍ ഖലീജ് പത്രം തുടങ്ങുന്നത്. അന്നേ വരെയുള്ള അറബ് പത്രപ്രവര്‍ത്തന ശൈലിയില്‍ നിന്ന് വ്യത്യസ്തമായ പാത തര്യമും ഡോ. അബ്ദുല്ലയും തുറന്നു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളില്‍ എത്തിക്കുന്നതിലും മുന്‍പന്തിയില്‍ നിന്നു. യു എ ഇയിലെ ഏറ്റവും പ്രചാരമുള്ള പത്രമായി അല്‍ ഖലീജ് മാറി. ഇതിന്റെ ആനുകാലികമായ ‘കുല്ലുല്‍ ഉസ്‌റ’ സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരം നേടി.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുടങ്ങിയവരുമായി ഈടുറ്റ ബന്ധം പുലര്‍ത്തി. തര്യം ഉമ്‌റാനും ഡോ. അബ്ദുല്ലയും യു എ ഇ മന്ത്രിമാരായും സേവനമനുഷ്ഠിച്ചു.
ദി ഗള്‍ഫ് ടുഡെ ഇംഗ്ലീഷ് പത്രം തുടങ്ങിയത് ഡോ. അബ്ദുല്ല ഉമ്‌റാന്‍ തര്യമാണ്. യു എ ഇയിലെ ഇംഗ്ലീഷ് വായനക്കാരില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന് മനസിലാക്കി ഇന്ത്യക്കാരെ പത്രത്തിലും നിയമിച്ചു. അതില്‍ ഏറെയും മലയാളികള്‍. ഈയിടെ നിര്യാതനായ പി വി വിവേകാനന്ദിനെ ഗള്‍ഫ് ടുഡെയുടെ പത്രാധിപരായി നിയമിച്ചതും ഡോ. അബ്ദുല്ലയാണ്.
മുന്‍ വിദ്യാഭ്യാസ മന്ത്രിയും നീതിന്യായ മന്ത്രിയുമായ ഡോ. അബ്ദുല്ല ഉമ്‌റാന്‍ തര്യമിന്റെ നിര്യാണത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുശോചിച്ചു. പ്രിയപ്പെട്ട സഹോദരനെയാണ് നഷ്ടപ്പെട്ടത്. ധീരതയും വിവേചനബുദ്ധിയുമുള്ള പണ്ഡിതനായിരുന്നു. മാതൃരാജ്യത്തോട് എന്നും കൂറുപുലര്‍ത്തുകയും ചെയ്തു-ശൈഖ് മുഹമ്മദ് പറഞ്ഞു.
അദ്ദേഹത്തിന്റെ മക്കളില്‍ ഖാലിദ്, അല്‍ ഖലീജ് ജനറല്‍ മാനേജരും അമീറ കുല്ലുല്‍ ഉസ്‌റ മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫും ഐശ ദി ഗള്‍ഫ് ടുഡെ എഡിറ്റര്‍ ഇന്‍ ചീഫുമാണ്.